ADVERTISEMENT

ജൂൺ 19. ശിവസേനയുടെ 56–ാം സ്ഥാപകദിനം. മഹാരാഷ്ട്രയുടെ വികസനത്തിനായി പാർട്ടി നേരിട്ട വെല്ലുവിളികളുടെ ‘കൊടുങ്കാറ്റുകൾ’ അഭിമാനപൂർവം പാർട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ എണ്ണിയെണ്ണിപ്പറഞ്ഞു. അതിനുശേഷം രണ്ടാം നാൾ, അതുവരെ നേരിട്ടതിനേക്കാൾ വലിയൊരു കൊടുങ്കാറ്റായി, ഒപ്പമുണ്ടായിരുന്ന ഏക്നാഥ് ഷിൻഡെ മാറുമെന്ന് താക്കറെ തീർച്ചയായും കരുതിയിരിക്കില്ല. പാർട്ടിക്കുള്ളിലെ സൗമ്യ മുഖമായിരുന്ന ഷിൻഡെയുടെ ‘ബർത്ഡേ സർപ്രൈസ്‘ സൃഷ്ടിച്ച പ്രതിസന്ധിയുടെ നടുക്കടലിലാണ് ശിവസേനയിപ്പോൾ. വിമതനീക്കത്തിലൂടെ സർക്കാർ രൂപീകരണമാണ് ഷിൻഡെയുടെ ലക്ഷ്യം. 43 ശിവസേന എംഎൽഎമാരും 7 സ്വതന്ത്രരും ഉൾപ്പെടെ 50 എംഎൽഎമാരുടെ പിന്തുണയാണ് ഷിൻഡെ അവകാശപ്പെടുന്നത്.

1966 ജൂൺ 19ന് ബാൽ താക്കറെ ശിവസേ സ്ഥാപിക്കുമ്പോൾ ‘മണ്ണിന്റെ മക്കൾ’ വാദമായിരുന്നു അതിന്റെ അടിസ്ഥാനശില. 1970കളിൽ ഹിന്ദുത്വം അജൻഡയായി സ്വീകരിച്ചതോടെ സേനയ്ക്കു രാഷ്ട്രീയമാനം കൈവന്നു. 1980 ലാണ് ഏക്നാഥ് ഷിൻഡെ ശിവസേനയിൽ ചേരുന്നത്. താനെയിലെ ശിവസേനാ നേതാവ് ആനന്ദ് ദിഗെയുടെ സ്വാധീനമായിരുന്നു ഷിൻഡെയെ സേനയിലെത്തിച്ചത്. കഠിനാധ്വാനിയായ ഷിൻഡെ പിന്നീട് ബാൽ താക്കറെയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് പാർട്ടിയിൽ വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങിയത്. പിന്നീട് സേനയുടെ പ്രധാന മുഖങ്ങളിലൊന്നായി മാറുകയായിരുന്നു.

∙ ഇത് നാലാം പ്രതിസന്ധി; ഇത്തവണ കടുപ്പം

ശിവസേനയുടെ 56 വർഷത്തെ ചരിത്രത്തിൽ നാലാമത്തെ പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നത്. കഴിഞ്ഞ മൂന്ന് പ്രതിസന്ധികളും കൈകാര്യം ചെയ്തത് ബാൽ താക്കറെ ആണെങ്കിൽ, ഇത്തവണ ഷിൻഡെയുടെ കലാപക്കൊടി ബാൽ താക്കറെയുടെ മകൻ ഉദ്ധവിനെ ഉന്നമിട്ടാണ്.

ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ
ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ

1991ൽ ഛഗൻ ഭുജ്ബൽ പാർട്ടിയിൽനിന്ന് രാജിവച്ച് ഒരു ഡസനിലധികം അംഗങ്ങളുമായി ഇറങ്ങിപ്പോയതാണ് ശിവസേന നേരിട്ട ആദ്യ വെല്ലുവിളി. ശിവസേനയുടെ ഒബിസി മുഖമായ ഭുജ്ബൽ ബാൽ താക്കറെയുടെ അടുത്ത അനുയായിയായിരുന്നു. ഉന്നത സ്ഥാപനങ്ങളിൽ ഒബിസി സംവരണം ശുപാർശ ചെയ്യുന്ന ‘മണ്ഡൽ കമ്മിഷനെ’ ശിവസേന എതിർത്തതാണ് പാർട്ടി വിടാനുള്ള കാരണമെന്ന് ഭുജ്ബൽ വ്യക്തമാക്കി. എന്നാൽ യഥാർഥ കാരണം മനോഹർ ജോഷിയെ ബാൽ താക്കറെ പ്രതിപക്ഷ നേതാവാക്കിയതിലെ അതൃപ്തിയായിരുന്നു.

chhagan-bhujbal
ഛഗൻ ഭുജ്ബൽ (ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

ശിവസേന വിട്ട ഭുജ്ബൽ കോൺഗ്രസിൽ ചേക്കേറി. പിന്നീട് കോൺഗ്രസുമായി പിരിഞ്ഞ് ശരദ് പവാർ എൻസിപി രൂപീകരിച്ചപ്പോൾ ഭുജ്ബൽ അദ്ദേഹത്തോടൊപ്പം കൂടി. 1999ൽ എൻസിപി അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും നൽകി, നിലവിൽ മഹാരാഷ്ട്ര സർക്കാരിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയാണ് ഭുജ്ബൽ.

∙ 2005ൽ ‘ഇരട്ട പൊട്ടിത്തെറി’

ബാൽ താക്കറെ തന്റെ പിൻഗാമിയായി മകൻ ഉദ്ധവ് താക്കറെയെ പരിഗണിക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ശിവസേനയിൽ ആഭ്യന്തര കലാപത്തിന്റെ അടുത്ത സൂചനകൾ പ്രത്യക്ഷപ്പെട്ടത്. 2003ൽ മഹാബലേശ്വറിൽ നടന്ന ശിവസേന കോൺക്ലേവിൽ ഉദ്ധവിനെ പാർട്ടി എക്സിക്യുട്ടിവ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇതിനെതിരെ പാർട്ടിയിൽ വിയോജിപ്പുകൾ ഉയർന്നു.

ഉദ്ധവിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത പ്രമുഖ നേതാവ് നാരായൺ റാണെയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2005 ജൂലൈയിൽ പുറത്താക്കി. തന്റെ ഇരുപതുകളിൽ ശിവസേനയിൽ എത്തിയ നേതാവായിരുന്നു റാണെ. 1995ൽ ശിവസേന–ബിജെപി സഖ്യസർക്കാരിൽ റവന്യൂ വകുപ്പ് മന്ത്രിയായി. 1999ൽ ഭൂവിനിയോഗ വിവാദത്തിൽപ്പെട്ട് മനോഹർ ജോഷി രാജിവച്ചതോടെ റാണെ കുറച്ചുകാലം മുഖ്യമന്ത്രിയുമായി.

Narayan-Rane-Uddhav-Thackeray
നാരായൺ റാണെ, ഉദ്ധവ് താക്കറെ

ഉദ്ധവിന്റെ സ്ഥാനലബ്ധിയെ ചോദ്യം ചെയ്ത റാണെ, പന്ത്രണ്ട് എംഎൽഎമാരുമായി പാർട്ടിയിൽ നിന്നിറങ്ങി. താമസിയാതെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. പാർട്ടി തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് 2017ൽ അദ്ദേഹം കോൺഗ്രസ് വിട്ടു. തുടർന്ന് ‘മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ‘ എന്ന പാർട്ടി രൂപീകരിച്ചു. പിന്നീട് ബിജെപിയിൽ ചേരുകയും രാജ്യസഭാ എംപിയാകുകയും ചെയ്തു. നിലവിൽ രണ്ടാം മോദി സർക്കാരിൽ മന്ത്രിയാണ് റാണെ.

റാണെയെ പുറത്താക്കിയതാണെങ്കിൽ ഉദ്ധവിനെ പാർട്ടി എക്സിക്യുട്ടിവ് പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് ബാൽ താക്കറെയുടെ സഹോദരപുത്രൻ രാജ് താക്കറെ ശിവസേനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ചു. ‘ഞാൻ ആവശ്യപ്പെട്ടത് ബഹുമാനം മാത്രമാണ്. പക്ഷേ, എനിക്ക് ലഭിച്ചത് അപമാനം മാത്രമായിരുന്നു” – രാജിക്കു ശേഷമുള്ള വികാരനിർഭരമായ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

Chief of India's Maharashtra Navnirman Sena (MNS), Raj Thackeray gestures during a press conference in Mumbai on October 31, 2008.  Under attack for his campaign against north Indians, MNS chief Thackeray softened his stand on 'Chhat' ( worship of the Sun God)  puja, which will be celebrated on November 4, saying that he was not opposed to the festival being celebrated in Maharashtra but warned against it being used as a show of political strength.  Thackeray also asked his supporters to exercise restraint and accused the media of distorting his views and spreading falsehood.  AFP PHOTO/Indranil MUKHERJEE (Photo by INDRANIL MUKHERJEE / AFP)
രാജ് താക്കറെ (ഫയൽ ചിത്രം)

2006 മാർച്ച് 9ന്, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) എന്ന പേരിൽ രാജ് താക്കറെ പുതിയ പാർട്ടി പ്രഖ്യാപിച്ചു. രോഗബാധിതനായിരുന്നെങ്കിലും ബാൽ താക്കറെയുടെ നിയന്ത്രണത്തിൽത്തന്നെയായിരുന്നു ശിവസേന അന്ന്. ഉദ്ധവിനേക്കാൾ രാജ് താക്കറെയ്ക്ക് ബാലാ സാഹെബുമായി സാമ്യമുള്ളത് യുവ സേനാംഗങ്ങളെ ആകർഷിക്കാൻ സഹായകമായി. എങ്കിലും മുതിർന്ന നേതാക്കളെല്ലാം സേനയ്ക്കൊപ്പം തന്നെയായിരുന്നു.

ഇതിനിടയ്ക്ക്, വ്യക്തിപരമായ കാരണങ്ങളാൽ നേതാക്കൾ ശിവസേന വിട്ടുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും സേനയുടെ ഉറക്കം കെടുത്തുന്നവയല്ലായിരുന്നു.

∙ ഷിൻഡെയുടെ ‘സർപ്രൈസി’ൽ നടുക്കം

പാർട്ടിയുടെ 56–ാം സ്ഥാപക ദിനത്തിൽ ശിവസേനയിലെ ഐക്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ച ഉദ്ധവ് താക്കറെയെ ഞെട്ടിച്ചാണ് തൊട്ടുപിന്നാലെ വിമത നീക്കമുണ്ടായത്. ഇതിനു ചുക്കാൻ പിടിച്ചതാകട്ടെ പാർട്ടിയുടെ വിശ്വസ്തനും ഉദ്ധവിനു പിന്നിൽ രണ്ടാമനുമായ ഏക്നാഥ് ഷിൻഡെ. നാലു തവണ എംഎൽഎ, മന്ത്രി, താനെയുടെ നേതാവ്... ശിവസേനയുടെ എല്ലാമെല്ലാമായ ഏക്നാഥ് ഷിൻഡെയുടെ വിമതനീക്കത്തിൽ ശിവസേനയും ഉദ്ധവ് താക്കറെയും നടുങ്ങി.

eknath-shinde
ഏക്‌നാഥ് ഷിൻഡെ (ഫയൽ ചിത്രം)

ബഹുഭൂരിപക്ഷം എംഎൽഎമാരേയും ഒപ്പം ചേർത്താണ് ഷിൻഡെയുടെ വെല്ലുവിളി. പാർട്ടിയുടെ 55 എംഎൽഎമാരിൽ 43 പേർ തനിക്കൊപ്പം ഉണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. ശിവസേനയുടെ നിലനില്‍പിന് മഹാ വികാസ് അഘാഡി സഖ്യം അവസാനിപ്പിക്കണമെന്നാണ് ഏക്നാഥ് ഷിന്‍ഡെയുടെ ആവശ്യം.‌

ഹിന്ദുത്വത്തിൽനിന്നു പാർട്ടി വ്യതിചലിച്ചെന്നും സഖ്യത്തിലൂടെ കോൺഗ്രസും എൻസിപിയും നേട്ടമുണ്ടാക്കിയതല്ലാതെ ശിവസേനയ്ക്ക് ഒരു ഗുണവും ഇല്ലെന്നും ഷിൻഡെ ആരോപിക്കുന്നു. പഴയപോലെ ബിജെപിയുമായുള്ള സഖ്യമാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

ശിവസേനയുമായി എംഎൽഎമാർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യം മുതലെടുത്ത് ബിജെപി കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ശിവസേനയിൽ താക്കറെ കുടുംബത്തിനുള്ള ആധിപത്യം ചോദ്യം ചെയ്യപ്പെടും വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.

Content Highlights: Shiv Sena, Eknath Shinde, Shiv Sena Crisis, Chhagan Bhujbal, Uddhav Thackeray, Maharashtra politics, Bal Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com