‘അനാവശ്യ സമരം; വാഴവെട്ടി സീറ്റിൽ വച്ചത് അംഗീകരിക്കാനാകില്ല; ബാഹ്യഇടപെടൽ പരിശോധിക്കും’

k-anushree-special-interview-1
കെ.അനുശ്രീ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)
SHARE

തിരുവനന്തപുരം∙ വ്യക്തി കേന്ദ്രീകൃതമായി മാർച്ച് നടത്തി ഓഫിസിൽ അക്രമം നടത്തുന്നതിനെ എസ്എഫ്ഐ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ. നേതൃത്വത്തിന്റെ വീഴ്ചയാണെങ്കിൽ, പക്വതക്കുറവാണെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. സംഭവം ബാഹ്യ ഇടപെടലിന്റെ ഭാഗമായി ഉണ്ടായതാണോ എന്നും പരിശോധിക്കും.

വാഴവെട്ടി രാഹുൽ ഗാന്ധിയുടെ ഓഫിസിലെ സീറ്റിൽ വച്ചത് അംഗീകരിക്കാൻ കഴിയുന്നതല്ല. ബഫർ സോണ്‍ വിഷയത്തിൽ എസ്എഫ്ഐ ജില്ലാ നേതൃത്വം ഒരു പരിപാടി ഏറ്റെടുക്കുമെന്നു മാത്രമാണ് സംസ്ഥാന നേതാക്കളോട് പറഞ്ഞിരുന്നത്. ഇത്തരത്തിൽ പ്രതിഷേധ പരിപാടി നടക്കുമെന്ന് അറിവില്ലായിരുന്നെന്നും അനുശ്രീ മനോരമ ഓൺലൈനോട് പറഞ്ഞു.

∙ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ നടന്ന അക്രമത്തിലേക്കു നയിച്ച കാരണങ്ങളെന്തെന്ന് എസ്എഫ്ഐ വിലയിരുത്തിയിട്ടുണ്ടോ?

എസ്എഫ്ഐ നേതൃത്വത്തിന്റെ അറിവോടെയല്ല വയനാട്ടിൽ മാർച്ച് നടന്നത്. ബഫർ സോൺ (പരിസ്ഥിതി ലോല മേഖല) വയനാട്, പാലക്കാട് അടക്കം നിരവധി ജില്ലകളെ ബാധിക്കുന്ന വിഷയമാണ്. എസ്എഫ്ഐ സംസ്ഥാന അടിസ്ഥാനത്തിൽ ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം ആലോചിച്ചിട്ടില്ല. പക്ഷേ, വയനാട് ജില്ലാ കമ്മിറ്റി ബഫര്‍ സോൺ അടക്കം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അവിടത്തെ എംപി ഇടപെടാത്ത സാഹചര്യത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് പറഞ്ഞിരുന്നു.

പ്രതിഷേധം എപ്പോഴും മറ്റു രീതികളിലാണ് എസ്എഫ്ഐ നടത്തുക. വ്യക്തി കേന്ദ്രീകൃതമായി മാർച്ച് നടത്തി ഓഫിസിൽ അക്രമം നടത്തുന്നതിനെ സംഘടന ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ആരാണ് ഇതിനു നേതൃത്വം നൽകിയതെന്നു പരിശോധിക്കും. പൊതു വിഷയമായതിനാൽ, നിരവധി വിഭാഗങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ആ മാർച്ചിൽ ഒട്ടേറെപേർ പങ്കെടുത്തിട്ടുണ്ട്. അതു വേറെ ഏതെങ്കിലും ബാഹ്യ ഇടപെടലിന്റെയോ നിർദേശത്തിന്റെയോ ഭാഗമാണോയെന്നു പരിശോധിക്കും. കാരണം, എസ്എഫ്ഐ ഇങ്ങനെയല്ല മാർച്ച് ചെയ്യുന്നത്.

rahul-gandhi-office
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തപ്പോൾ. ചിത്രം: മനോരമ

വയനാട്ടിലെ നേതൃത്വം മാതൃകാപരമായി പരിപാടികൾ നടത്തുന്നവരാണ്. അവർക്ക് എങ്ങനെ വീഴ്ച വന്നു എന്നു പരിശോധിക്കേണ്ടതുണ്ട്. നേതൃത്വത്തിന്റെ വീഴ്ചയാണെങ്കിൽ, പക്വതക്കുറവാണെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. എസ്എഫ്ഐ സെന്റർ യോഗം ചേർരുന്നുണ്ട്. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു പങ്കെടുക്കും. അതിനുശേഷം നേതാക്കൾ വയനാട് പോയി നേതൃത്വവുമായി സംസാരിച്ച് തീരുമാനം ഉടനെ എടുക്കും. വയനാട്ടിൽ ചൊവ്വാഴ്ച യോഗം ചേരും.

∙ മാർച്ചിന്റെ കാര്യം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നോ? പുറത്തുനിന്ന് ആരെങ്കിലും മാർച്ചിലേക്കു നുഴഞ്ഞു കയറിയതായി സംഘടന വിലയിരുത്തുന്നുണ്ടോ?

ജില്ലാ നേതൃത്വം പ്രകടനമല്ല പറഞ്ഞിരുന്നത്. ബഫർസോൺ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. എംപി ഓഫിസിലേക്കു മാർച്ച് നടത്തുമെന്ന ഒരു വിവരവും സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നില്ല. ജില്ലാ കമ്മിറ്റിയാണ് പരിപാടി തീരുമാനിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നെങ്കിൽ മറ്റു ജില്ലകളിലും പ്രതിഷേധ പരിപാടി നടക്കുമായിരുന്നു.

സംസ്ഥാന നേതാക്കളും വയനാട്ടിലെ പരിപാടിയിൽ പങ്കെടുത്തേനേ. വയനാട് ജില്ലയിലുള്ള നേതാക്കളല്ലാതെ ആരും മാർച്ചിൽ പങ്കെടുത്തിട്ടില്ല. ബഫർ സോണ്‍ വിഷയത്തിൽ എസ്എഫ്ഐ നേതൃത്വം ഒരു പരിപാടി ഏറ്റെടുക്കും എന്നു മാത്രമാണ് സംസ്ഥാന നേതാക്കളോട് പറഞ്ഞത്. ഇത്തരത്തിൽ നടത്തിയതു സംബന്ധിച്ച് അറിവില്ല.

sfi-wayanad
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു പിറകിലെ ജനലിലൂടെ കയറുന്ന എസ്എഫ്ഐ പ്രവർത്തകർ.

∙ വാഴവെട്ടി രാഹുൽ ഗാന്ധിയുടെ ഓഫിസിലെ സീറ്റിൽ വച്ചിരുന്നു. ഓഫിസിലെ ഗാന്ധിച്ചിത്രം നിലത്തേക്കിട്ടതായും ആരോപണമുണ്ട്?

വാഴവെട്ടി സീറ്റിൽ വച്ചതൊന്നും അംഗീകരിക്കാൻ കഴിയുന്നതല്ല. ആരെങ്കിലും നിർദേശം നൽകിയിരുന്നോ, അല്ലെങ്കിൽ ആ രീതിയിൽ പോകണമെന്ന് എസ്എഫ്ഐ നേതൃത്വം തീരുമാനിച്ചതാണോ എന്ന് എസ്എഫ്ഐ ജില്ലാ നേതാക്കളോട് ചോദിക്കും. ഗാന്ധിയുടെ ചിത്രം നിലത്തിട്ടതു സംബന്ധിച്ച തെളിവുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്.

പ്രകടനം നടത്തി എസ്എഫ്ഐക്കാർ തിരിച്ചുപോകുമ്പോഴും ചുവരില്‍ ഗാന്ധി ചിത്രമുള്ളതായി മാധ്യമ വിഡിയോയിലുണ്ട്. സംഘർഷത്തെ മോശമായി ചിത്രീകരിക്കാനുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട്. എസ്എഫ്ഐ വീഴ്ച യാഥാർഥ്യമാണ്. അതിനെ കൂടുതൽ മോശമാക്കുന്ന പ്രവണത കോൺഗ്രസുകാർ നടത്തി. അതിന്റെ ഭാഗമായാണ് ചിത്രം നിലത്തിട്ട സംഭവമുണ്ടായത്.

k-anushree-sfi-3
കെ.അനുശ്രീ (സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

∙ ദേശീയതലത്തിൽ എസ്എഫ്ഐക്കു ഈ സംഭവം നാണക്കേടായി. പ്രാദേശിക തലത്തിൽ സമരം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന നിർദേശം താഴേത്തട്ടിൽ നൽകുമോ?

എസ്എഫ്ഐയ്ക്ക് ഒരു പൊതുരീതിയുണ്ട്. ഈ സംഭവത്തിന്റെ പേരിൽ അതു മാറ്റേണ്ടതില്ല. ജില്ലാ ഭാരവാഹികൾക്ക് തുടർന്നും നിർദേശം നൽകും. എസ്എഫ്ഐ ഏതു പരിപാടി നടത്തിയാലും ജില്ലാ ഭാരവാഹികൾക്കു കൃത്യമായ നിർദേശം മുൻപും നൽകാറുണ്ട്. പുതുതായി നിർദേശം നൽകേണ്ട കാര്യമില്ല.

എന്നാൽ, വയനാട്ടിൽ വീഴ്ച സംഭവിച്ച സാഹചര്യത്തിൽ അത് വയനാട്ടിലും മറ്റുള്ളയിടങ്ങളും ബോധ്യപ്പെടുത്തും. പക്വതക്കുറവു കാരണം ഇത്തരം വീഴ്ചകൾ വരാൻ പാടില്ല. മറ്റു ജില്ലകളിൽ ഇതുവരെ പ്രശ്നമുണ്ടായിട്ടില്ല. എസ്എഫ്ഐ മൊത്തത്തിൽ ഇങ്ങനെയാണെന്നു വരുത്തിത്തീർക്കുന്നതിനോട് യോജിപ്പില്ല.

∙ സിപിഎം സംസ്ഥാന നേതൃത്വം എസ്എഫ്ഐയോട് വിശദീകരണം തേടിയിരുന്നു. കാര്യങ്ങൾ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞോ?

എസ്എഫ്ഐ മാർച്ചിനെ തുടർന്ന് സമൂഹത്തിൽ പാർട്ടിയെ പ്രതികൂട്ടിലാക്കിയിട്ടുണ്ട്. സംസ്ഥാന നേതാക്കളടക്കം മറുപടി പറയേണ്ടിവന്നു. നേതൃത്വം അറിയാതെ നടന്ന മാർച്ചാണ്. നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ഞങ്ങളുടെ ഭാഗം വ്യക്തമാക്കി.

∙ ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു മാർച്ച് നടത്തേണ്ട സാഹചര്യം എന്തായിരുന്നു?

അനാവശ്യ സമരമായിരുന്നു. വ്യക്തിയെ കേന്ദ്രീകരിച്ച് പോകേണ്ട സമരമായിരുന്നില്ല. ന്യായീകരിക്കാവുന്ന കാര്യമല്ല.

∙ വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ആക്കണമെന്ന് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ റിവ്യൂ ഹർജി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കേണ്ട കാര്യമെന്താണ്?

രാഹുൽ ഗാന്ധിയെ കേന്ദ്രീകരിച്ചുപോകാൻ ഒരു നിർദേശവും നൽകിയിരുന്നില്ല. അവിടത്തെ വിഷയങ്ങളിൽ ഇടപെടാത്ത എംപിക്കെതിരെയുള്ള പൊതുവികാരത്തെ തുടർന്നാണ് പ്രതിഷേധം ആലോചിച്ചത്. എസ്എഫ്ഐ എങ്ങനെയാണ് ഈ പക്വതക്കുറവിലേക്കു വന്നതെന്നു പരിശോധിക്കും. അനാവശ്യ സമരമായിരുന്നു. മാർച്ചിന്റെ പൊതുസ്വഭാവത്തെ ഇല്ലാതാക്കുന്ന കാര്യങ്ങളാണ് നടന്നത്. മറ്റു ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

English Summary: Interview with SFI State President K Anusree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS