‘മോദിജി എല്ലാം നിശബ്ദനായി സഹിച്ചത് 19 വർഷം’: വേദന വിവരിച്ച് അമിത് ഷാ

modi-amit-shah
നരേന്ദ്ര മോദി, അമിത് ഷാ
SHARE

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊല കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയതു സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെ, 19 വർഷമായി മോദി അനുഭവിക്കുന്ന വേദനകളെക്കുറിച്ച് വിവരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 19 വർഷമായി അദ്ദേഹം എല്ലാം നിശബ്ദനായി സഹിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് മോദി അനുഭവിച്ച വേദനകളും പ്രയാസങ്ങളും അദ്ദേഹത്തിന്റെ നിശബ്ദ സഹനങ്ങളും അമിത് ഷാ പങ്കുവച്ചത്.

‘‘വ്യാജ കുറ്റാരോപണങ്ങൾ കഴിഞ്ഞ 19 വർഷങ്ങളായി മോദിജി നിശബ്ദനായി സഹിക്കുകയായിരുന്നു. ആരും അതിനെതിരെ ഒരു ധർണ പോലും നടത്തിയില്ല.’’ – അമിത് ഷാ പറഞ്ഞു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ സമരം നടത്തുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പരാമർശം.

‘ഈ വേദനയത്രയും മോദി സഹിക്കുന്നത് ഏറ്റവും അടുത്തുനിന്ന് കണ്ടയാളാണ് ഞാൻ. സത്യത്തിന്റെ ഭാഗത്തു നിന്നിട്ടും അദ്ദേഹത്തിനെതിരെ ഒട്ടേറെ വ്യാജ ആരോപണങ്ങൾ വന്നു. നിയമ നടപടികൾ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ അദ്ദേഹം പൂർണമായും നിശബ്ദത പാലിച്ചു. കരുത്തുറ്റ ഹൃദയമുള്ള ഒരാൾക്കേ ഇതെല്ലാം സാധിക്കൂ’ – അമിത് ഷാ ചൂണ്ടിക്കാട്ടി.

‘‘എല്ലാ രാഷ്ട്രീയ നേതാക്കളും ഒരു ജനാധിപത്യ സംവിധാനത്തിൽ ഭരണഘടനയെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്നതിന്റെ മകുടോദാഹരണമാണ് മോദിയുടെ ഈ പ്രവൃത്തി. ഈ കേസിൽ മോദിയേയും ചോദ്യം ചെയ്തിരുന്നു. പക്ഷേ, ആരും പ്രതിഷേധിച്ചില്ല. മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ ഒന്നിച്ചു കൂടിയതുമില്ല. പകരം ഞങ്ങൾ നിയമസംവിധാനവുമായി സഹകരിച്ചു. എന്നെയും അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും പ്രതിഷേധമോ പ്രതിഷേധ പ്രകടനങ്ങളോ ഉണ്ടായില്ല’ – അമിത് ഷാ ചൂണ്ടിക്കാട്ടി.

കലാപം നേരിടാൻ സൈന്യത്തെ രംഗത്തിറക്കുന്നതിൽ ഗുജറാത്ത് സർക്കാർ അമാന്തം കാണിച്ചെന്ന ആരോപണത്തെയും അമിത് ഷാ തള്ളിക്കളഞ്ഞു. അന്ന് സർക്കാർ അവസരോചിതമായാണ് പ്രവർത്തിച്ചതെന്ന് പഞ്ചാബിലെ മുൻ ഡിജിപി കൂടിയായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കെ.പി.എസ്.ഗിൽ സാക്ഷ്യപ്പെടുത്തിയ കാര്യവും അമിത് ഷാ ഉദാഹരണമായി എടുത്തുകാട്ടി.

‘‘അന്നത്തെ ഗുജറാത്ത് സർക്കാർ ഒരു കാര്യത്തിലും താമസം വരുത്തിയിട്ടില്ല. ഗുജറാത്തിൽ ബന്ദിന് ആഹ്വാനം ചെയ്തപ്പോൾ ഞങ്ങൾ സൈന്യത്തെ വിളിച്ചു. അവർ ഇവിടെയെത്താൻ കുറച്ചു സമയമെടുത്തു. ഇക്കാര്യത്തിൽ ഗുജറാത്ത് സർക്കാർ ഒരു ദിവസത്തെ താമസം പോലും വരുത്തിയിട്ടില്ല. ഇക്കാര്യത്തിൽ കോടതിയും  ഗുജറാത്ത് സർക്കാരിനെ അഭിനന്ദിച്ചതാണ്’ – അമിത് ഷാ ചൂണ്ടിക്കാട്ടി.

നേരത്തെ, കൂട്ടക്കൊല പ്രത്യേക സംഘം ശരിയായി അന്വേഷിച്ചില്ലെന്നും ഉന്നതതലത്തിൽ ഗൂഢാലോചനയുണ്ടായെന്നും ചൂണ്ടിക്കാട്ടി സാകിയ ജാഫ്രി നൽകിയ ഹർജി തള്ളിയാണ് സുപ്രീം കോടതി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയത് ശരിവച്ചത്. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് സാകിയ. സംസ്ഥാന ഭരണകൂടം നടപടിയെടുത്തില്ലെന്നതു കൊണ്ടോ വീഴ്ചയുണ്ടായി എന്നതുകൊണ്ടോ അതിനെ ഗൂഢാലോചനയായി കാണാനാകില്ലെന്നു കോടതി വിധിച്ചു.

English Summary: "Modiji Endured Silently For 19 Years": Amit Shah On Gujarat Riots Ruling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS