ശമ്പളം ചോദിച്ചപ്പോൾ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി; മലയാളി 3 മാസമായി അംഗോളയിലെ ജയിലിൽ

1248-ranjith-ravi
രഞ്ജിത്ത് രവിയുമായി രക്ഷിതാക്കൾ വിഡിയോ കോളിലൂടെ സംസാരിക്കുന്നു.
SHARE

പാലക്കാട്∙ ‘‘രണ്ടു വർഷം മുൻപ് ജോലി കിട്ടി സന്തോഷത്തോടെ അംഗോളയിൽ പോയതാണ് എന്റെ കുഞ്ഞ്. ഇന്ന് അവൻ ജയിലിലാണ്. വെള്ളവും ആഹാരവും ഇല്ല. മൂന്നു മാസമായി നരക ജീവിതം. ശരീരത്തിൽ അണുബാധയും തുടങ്ങി. ജീവനോടു നാട്ടിൽ എത്തണമെന്ന ആഗ്രഹമേയുള്ളൂ. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഇടപെടണം.’’ അംഗോളയിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശി പള്ളിപ്പുറം വടക്കേവീട്ടിൽ രഞ്ജിത്ത് രവി(25)യുടെ അമ്മ വി.എം.ചിത്ര കൈകൂപ്പി അപേക്ഷിക്കുന്നു.

കേന്ദ്ര സർക്കാർ എത്രയും വേഗം തന്റെ രക്ഷയ്ക്കായി ഇടപെടണമെന്ന് അപേക്ഷിക്കുന്ന ഒരു വിഡിയോ ജയിലിൽനിന്നു രഞ്ജിത്ത് കുടുംബാംഗങ്ങൾക്ക് അയച്ചിട്ടുണ്ട്. മകന്റെ മോചനത്തിനായി കഴിഞ്ഞ 3 മാസമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് അച്ഛൻ എ.രവിയും അമ്മ ചിത്രയും. മകന്റെ നിലവിലെ അവസ്ഥ അമ്മ ചിത്ര മനോരമയുമായി പങ്കുവയ്ക്കുന്നു.

ജോലി തേടി അംഗോളയിലേക്ക്

ബികോം ബിരുദധാരിയായ രഞ്ജിത്ത് ലോജിസ്റ്റിക്സും പഠിച്ച ശേഷമാണ് ജോലിക്കായി ശ്രമിച്ചത്. അംഗോളയിലെ സ്വകാര്യ കമ്പനിയിലെ വെയർഹൗസ് മാനേജരായി ജോലി കിട്ടിയതോടെ വലിയ സന്തോഷത്തിലായിരുന്നു. 2020 ൽ രഞ്ജിത്ത് അംഗോളയിൽ എത്തി. കമ്പനിയുമായി രണ്ടുവർഷത്തെ കരാറായിരുന്നു. 23–ാം വയസ്സിൽത്തന്നെ ജോലി കിട്ടിയ സന്തോഷം അവന് ഉണ്ടായിരുന്നു. ആദ്യ കാലത്ത് പ്രശ്നങ്ങൾ ഇല്ലായിരുന്നു. അവധിക്ക് അപേക്ഷിച്ചപ്പോൾ കമ്പനി അധികൃതർ നിഷേധിച്ചു. കമ്പനിയിൽ ജോലിക്കാർ കുറവായതിനാൽ നാട്ടിൽ പോകാൻ കഴിയില്ലെന്നു പറഞ്ഞു. 2 മാസത്തിനു ശേഷം അവധി ആവശ്യപ്പെട്ടപ്പോഴും നിരസിച്ചു.

1248-family-ranjith-ravi
രഞ്ജിത്ത് രവി മാതാപിതാക്കൾക്കൊപ്പം: ഫയൽ ചിത്രം

ശമ്പളം ചോദിച്ചപ്പോൾ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി

2 മാസമായിട്ടും ശമ്പളം കിട്ടാതായതോടെ അത് ആവശ്യപ്പെട്ടു. ശമ്പളവും ലീവും തടഞ്ഞിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് വാക്കുതർക്കമായി. മാർച്ച് 25 ന് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ എത്തി ഒരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് രഞ്ജിത്തിനെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഇരുട്ടു മുറിയിലാക്കി ഫോണും രേഖകളും വാങ്ങി വച്ചു. 3 ദിവസം വെള്ളവും ഭക്ഷണവും നൽകാതെ ആ ഇരുട്ടു മുറിയിൽ അടച്ചു. അതുകഴിഞ്ഞ് തടവിൽനിന്ന് മോചിതനാക്കിയെങ്കിലും നേരെ പോകേണ്ടി വന്നത് ജയിലിലേക്ക്. കമ്പനിയിലെ സ്റ്റോക്കിൽ തിരിമറി നടത്തിയെന്നാരോപിച്ചു കമ്പനി അധികൃതർ പൊലീസിൽ വ്യാജപരാതി നൽകുകയും തടവിലാക്കുകയുമായിരുന്നു. നഷ്ടം സംഭവിച്ചു എന്നു കാണിച്ചാൽ കമ്പനിക്ക് ഇൻഷുറൻസ് തുക കിട്ടും. ഇതിനു വേണ്ടിയാണ് അവനെ ജയിലിൽ അടച്ചിരിക്കുന്നത്.

സഹ തടവുകാർ ഉപദ്രവിക്കുന്നു

പൊലീസിന്റെ അനുമതിയോടെ ആഴ്ചയിൽ രണ്ടുദിവസം വീട്ടിലേക്കു വിളിക്കാം. പൊലീസുകാരുടെ ഫോൺ ഉപയോഗിച്ച് നിലവിലെ അവസ്ഥ വിവരിച്ച് വിഡിയോയും അയച്ചു. ദിവസം ഒരു നേരം മാത്രമാണ് ജയിലിൽ ആഹാരം നൽകുന്നത്. കുടിക്കാൻ ആവശ്യത്തിന് വെള്ളം പോലും ലഭിക്കുന്നില്ല. നീ ഇന്ത്യക്കാരൻ അല്ലേ എന്നു ചോദിച്ച് സഹ തടവുകാർ ഉപദ്രവിക്കും. ഒരു നേരം മാത്രം കിട്ടുന്ന ആഹാരം ചില ദിവസങ്ങളിൽ അവനെ ഉപദ്രവിച്ചിട്ട് സഹ തടവുകാർ കഴിക്കും. ആഹാരം കഴിക്കാതിരിക്കാനായി പാത്രവും സഹതടവുകാർ പൊട്ടിച്ചു കളഞ്ഞു. ആഹാരം കിട്ടാത്തതിന്റെ ക്ഷീണത്തിനു പുറമെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അവനെയോർക്കുമ്പോൾ ഭക്ഷണം വേണ്ട, ഉറക്കമില്ല

ഞങ്ങൾ വിഷമിക്കുമെന്നു പറഞ്ഞ് എല്ലാം ഉള്ളിലൊതുക്കുന്ന സ്വഭാവമാണ് മകന്റേത്. അവൻ ഇത്രയും വിവരങ്ങൾ ഞങ്ങളോടു പറഞ്ഞെങ്കില്‍ ഇതിൽ കൂടുതൽ അനുഭവിക്കുന്നുണ്ടെന്ന് അറിയാം. അവൻ ജയിലിലായതോടെ ഒരു വറ്റു ചോറുപോലും കഴിക്കാൻ തോന്നില്ല. അവൻ അവിടെ പട്ടിണികിടക്കുമ്പോൾ ഞങ്ങൾ എങ്ങനെ കഴിക്കും? ഉറങ്ങും? ഈ വേദന ആർക്കും കൊടുക്കരുതേയെന്നാണ് പ്രാർഥന. മകനെ അവിടെനിന്ന് കൊണ്ടുവന്നില്ലെങ്കിൽ ഓരോ ദിവസവും അവർ അവനെ ഇഞ്ചിഞ്ചായി കൊല്ലും. ഞങ്ങളുടെ വേദന സർക്കാർ കണ്ടില്ലെന്നു നടിക്കരുത്.

1248-ranjith-ravi-family
രഞ്ജിത്ത് രവി മാതാപിതാക്കൾക്കൊപ്പം: ഫയൽ ചിത്രം

അപേക്ഷ നൽകി കാത്തിരിക്കുകയാണ്

ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കേരള ഡിജിപിക്കും പാലക്കാട് എംപിക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പരാതി നൽകി. വിഷയം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ച് മുഖ്യമന്ത്രിയുടെ കംപ്യൂട്ടർ സെൽ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറി മറുപടി അയച്ചിരുന്നു. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ സെക്രട്ടറിക്കും നോർക്ക സെക്രട്ടറിക്കും പരാതി കൈമാറുമെന്നും അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്നാവശ്യപ്പെട്ട് വി.കെ.ശ്രീകണ്ഠൻ എംപി വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും അവന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. തടവുകാർക്കു കിട്ടേണ്ട പരിഗണന പോലും മകനു ജയിലില്‍ കിട്ടുന്നില്ല. നിരപരാധിയായിട്ടും അവൻ ഇതെല്ലാം സഹിക്കുകയാണ്. ഇന്ത്യൻ എംബസിയുടെ അഭിഭാഷകൻ അംഗോളയിലെ ജയിലിൽ ഒരുതവണ രഞ്ജിത്തിനെ സന്ദർശിച്ചിരുന്നു. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം ഞങ്ങൾക്കും സന്ദേശം അയച്ചിരുന്നു. രഞ്ജിത്ത് നിരപരാധിയാണെന്നാണ് മനസ്സിലാക്കുന്നതെന്നും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും അന്ന് അദ്ദേഹം അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. അതിനു ശേഷം എംബസിയിൽ നിന്നുള്ള സന്ദേശങ്ങൾ ഒന്നും വന്നിട്ടില്ല.

താമസിക്കരുതേ..

കുറ്റസമ്മതം നടത്തണമെന്ന് അവനോട് കമ്പനിയിലെ ഉദ്യോഗസ്ഥർ പലവട്ടം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. മോചനത്തിനായി ഓരോ ദിവസം താമസിക്കുമ്പോഴും ജീവനു തന്നെ ഭീഷണിയാണ്. സഹ തടവുകാരുടെ ഉപദ്രവവും അവനെ തളർത്തിയിട്ടുണ്ട്. വൈദ്യ സഹായം പോലും ലഭിക്കുന്നില്ല. തെറ്റ് ചെയ്യാതെ ഇതെല്ലാം അനുഭവിക്കേണ്ടി വന്നതിന്റെ മാനസിക ബുദ്ധിമുട്ടുകളും അവനെ അലട്ടുന്നുണ്ട്. ഊണും ഉറക്കവുമില്ലാതെ ഞങ്ങൾ മകന്റെ മോചനത്തിനായി ഓഫിസുകൾ കയറി ഇറങ്ങുകയാണ്. സംസ്ഥാന – കേന്ദ്ര സർക്കാരുകളോട് ഞങ്ങൾ കൈകൂപ്പി അപേക്ഷിക്കുകയാണ്, ഒട്ടും താമസിക്കാതെ രഞ്ജിത്തിന്റെ മോചനത്തിനുള്ള നടപടികൾ സ്വീകരിക്കണം.

വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: വി.മുരളീധരൻ

അംഗോളയിൽ ജയിലിൽ കിടക്കുന്ന പാലക്കാട് സ്വദേശി രഞ്ജിത്ത് രവിയുടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേന്ദ്ര സർക്കാർ അംഗോള സർക്കാറുമായി ചർച്ച നടത്തിയിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാവാത്തതിനാലാണ് മോചനം നീളുന്നതെന്നും നടപടികൾ വേഗത്തിലാക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.

English Summary: Parents of Palakkad native seek help from Centre to free son from Angola prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS