പ്രണയം നിരസിച്ചു; വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കഴുത്തറുത്ത് കൊന്നു: ഞെട്ടി അറബ് ലോകം

1248-naira-ashraf
നയ്റ അഷറഫ്: ചിത്രം ട്വിറ്റർ@TheShehus
SHARE

കയ്റോ∙ ‘ഇരുപത്തൊന്നു വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. അവൾ വിവാഹിതയാകാൻ ആഗ്രഹിച്ചിരുന്നില്ല, എയർ ഹോസ്റ്റസ് ആകാനായിരുന്നു മോഹം. പ്രഭാതഭക്ഷണവും വാങ്ങി എന്റെ മകളെ കാത്തിരിക്കുകയായിരുന്നു ഞാൻ. മന്‍സൂറ സര്‍വകലാശാലയുടെ പടിവാതിക്കൽ എന്റെ മകളെ ഒരു അക്രമി കഴുത്തറുത്തു കൊന്നുവെന്ന് അറിയിപ്പ് ലഭിച്ചുവെങ്കിലും ഞാൻ വിശ്വസിച്ചിരുന്നില്ല. ഉയർച്ചയുടെ പടവുകൾ അവൾ കയറുന്നത് ഞാൻ എന്നും ‌സ്വപ്നം കാണാറുണ്ട്. മോർച്ചറിയിൽ അവളെ കാണാൻ അവർ അനുവദിച്ചില്ല, ആ കാഴ്‌ച നിങ്ങൾ താങ്ങില്ലെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു. പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ ഇല്ലാതാക്കുകയാണോ ചെയ്യുന്നത്. കുറ്റവാളിക്കു രക്ഷപ്പെടാൻ ഏറെ പഴുതുകളുള്ള നിയമസംവിധാനങ്ങൾ ഉള്ള നാടാണ് നമ്മുടേത്. ഒരു പോറൽ പോലും എൽക്കാതെ അവൻ പുറത്തു വരും. പെൺകുഞ്ഞുങ്ങൾ ഇനിയും കൊല്ലപ്പെട്ടുകൊണ്ടിരിക്കും. നഷ്ടം ഞങ്ങളെ പോലുള്ളവരുടേത് മാത്രമാകും, വധശിക്ഷയിൽ കുറഞ്ഞതൊന്നും എനിക്ക് ആശ്വാസമാകില്ല’– കഴിഞ്ഞ തിങ്കളാഴ്ച ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയിൽ സഹപാഠി കഴുത്തറുത്തു കൊന്ന നയ്റ അഷറഫിന്റെ പിതാവ് അഷറഫ് അബ്ദുൽ ഖാദർ കണ്ണീരോടെ പറയുന്നു.

ഈജിപ്തില്‍ പട്ടാപ്പകല്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയായ നയ്‌റയെ കഴുത്തറുത്തു കൊന്നതിന്റെ ഞെട്ടലിലാണ് അറബ് ലോകം. വീട്ടിലേക്കു പോകാൻ സര്‍വകലാശാലയുടെ മുൻപിലുള്ള ബസ്‌സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കെ നയ്റയെ സഹപാഠി മുഹമ്മദ് അദേൽ അടിച്ചുവീഴ്ത്തി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ജനക്കൂട്ടം നോക്കിനിൽക്കെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. വിഡിയോകളിലൂടെ പ്രശസ്തയായിരുന്ന നയ്റയ്ക്ക് സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോളോവേഴ്സുണ്ടായിരുന്നു. അദേലിന്റെ വിവാഹാഭ്യർഥന നിരസിച്ച നയ്റയെ അയാൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തി. അതോടെ നയ്റ അദേലിനെ സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്‌തു. നയ്റയുടെ കുടുംബം അദേലിനെതിരെ പലതവണ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ 20 ഓളം സാക്ഷികളെ വിസ്തരിച്ചു. തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെയാണ് നയ്റയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

നയ്റയുടെ കൊലപാതകത്തോടെ, സ്ത്രീ സുരക്ഷാ നിയമങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവുമായി സാമൂഹിക പ്രവർത്തകർ രംഗത്തുവന്നിരുന്നു. കൊല്ലപ്പെടാതിരിക്കാൻ സ്ത്രീകൾ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന മുൻ ടെലിവിഷൻ അവതാരകൻ മബ്റൂഖ് അത്തേയയുടെ പ്രസ്താവനയും വിവാദമായി. അത്തേയയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നുവെങ്കിലും തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഭരണകൂടം തയാറായില്ലെന്നു സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു.

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കുമ്പോഴും കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന് സാമൂഹിക പ്രവർത്തക ലോബ്‌ന ഡാർവിഷ് പറയുന്നു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടെന്നും അവർ പറയുന്നു.

English Summary: Student, Naira Ashraf slaughtered for rejecting marriage proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS