എന്തിനും ഏതിനും മന്ത്രിമാരും യുവ എംപിയും, മഫ്തി പൊലീസ്; വിമതരെ സേഫാക്കി ഹിമന്ത

Eknath Shinde | Rebels
അസമിലെ ഹോട്ടലിൽ വിമത എംഎൽഎമാരുമായി ചർച്ച നടത്തുന്ന ഏക്നാഥ് ഷിൻഡെ. Photo: PTI
SHARE

മുംബൈ∙ മഹാരാഷ്ട്രയില്‍ ശിവസേനയോട് ഇടഞ്ഞ വിമത എംഎല്‍എമാര്‍ 'അഭയം' തേടി ആദ്യമെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലെ സൂറത്തിലാണെങ്കിലും അതിലും സുരക്ഷിതമെന്ന് ബിജെപി കണ്ടെത്തിയത് അമിത് ഷായുടെ വലംകൈയായ ഹിമന്ത വിശ്വ ശര്‍മ ഭരിക്കുന്ന അസം തന്നെയാണ്.

ശിവസേനയുടെ രണ്ട് നേതാക്കള്‍ സൂറത്തിലെത്തി വിമതരെ കണ്ടതോടെയാണ് ബിജെപി അപകടം മണത്തത്. ഇതോടെ മുംബൈയില്‍നിന്ന് 2700 ലേറെ കിലോമീറ്റര്‍ ദൂരമുള്ള ഗുവാഹത്തിയിലേക്ക് വിമതരെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.  ഹിമന്ത ബിശ്വ ശര്‍മയെന്ന അസം മുഖ്യമന്ത്രിയിലുള്ള വിശ്വാസമാണ് വിമതര്‍ക്ക് ഒത്തുകൂടാനുള്ള ഇടമായി ഗുവാഹത്തിയിലെ റാഡിസന്‍ ബ്ലൂ ഹോട്ടലിനെ മാറ്റിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് അസമിലെ വിമതര്‍ക്കു പിന്നില്‍ കളി നിയന്ത്രിക്കുന്നതെന്നാണു വിവരം.

ഒന്നും അറിയില്ലെന്ന് ഹിമന്ത തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഹിമന്തയുമായി ഏറ്റവും അടുപ്പമുള്ള യുവ പാർലമെന്റംഗമാണ് ഹോട്ടലിൽ വിമതരുടെ ‘വൺ പോയിന്റെ’ന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. അസമിലെ ബിജെപി നേതാക്കൾ വിമതർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിൽനിന്നെത്തിയ എംഎൽഎമാരുടെ യോഗങ്ങളിൽ ഇവർ പങ്കെടുക്കുന്നില്ല. അസമിലെ മൂന്ന് ബിജെപി മന്ത്രിമാർ നേരിട്ടാണ് വിമതർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. ഇവരുടെയെല്ലാം നിയന്ത്രണം ഹിമന്തയുടെ കൈകളിലും.

ഹിമന്ത ബിശ്വ ശര്‍മ. Photo: FB/HimantaBiswaSharma
ഹിമന്ത ബിശ്വ ശര്‍മ. Photo: FB/HimantaBiswaSharma

2016ലും 2021 ലും അസമിൽ ബിജെപിയെ ഭരണത്തിലെത്തിച്ചതോടെയാണ് വടക്കുകിഴക്കിലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന വിളിപ്പേര് ഹിമന്തയ്ക്കു വീണത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ദ്രൗപതി മുർമുവിനെ കാണാൻ ഡൽഹിയിലെത്തിയ ഹിമന്ത ഇന്നു തന്നെ അസമിലേക്കു മടങ്ങേണ്ടിയിരുന്നതാണ്. എന്നാൽ ശിവസേനയിലെ വിമത ലഹള തുടരുന്ന സാഹചര്യത്തിൽ ചില ചർച്ചകൾക്കായി ഡല്‍ഹിയിൽ തുടരണമെന്നാണ് ദേശീയ നേതൃത്വം ഹിമന്തയ്ക്കു നൽകിയ നിർദേശം. ഞായറാഴ്ച അദ്ദേഹം അസമിലേക്കു പോകും.

മുൻപ് കോൺഗ്രസിൽ പ്രവർത്തിച്ച് പിന്നീട് ബിജെപിയിലേക്കു ‘ചാടിയ’ നേതാക്കളാണ് അസമിലെ ഹോട്ടലിൽ മേൽനോട്ടം വഹിക്കുന്നത്. ഹോട്ടലിന്റെ പരിസരത്ത് ബിജെപി, യുവമോർച്ച നേതാക്കളെ കണ്ടതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എംഎല്‍എമാർക്കു തുണയയായി ഹോട്ടലിലുണ്ട്. യൂണിഫോമിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷാ പരിശോധനയുടെ സമയത്താണു തിരിച്ചറിഞ്ഞതെന്നാണു ദേശീയ മാധ്യമ റിപ്പോർട്ടുകൾ. ഗുജറാത്തിലെ എംഎൽഎ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസമിലേക്ക് കൊണ്ടുവന്നതും ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ്.

ഉദ്ധവ് താക്കറെയുടെ ദൂതന്‍മാർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സംസ്ഥാനമാണ് അസമെന്നതാണ് എംഎല്‍എമാർ അങ്ങോട്ടു തന്നെ മാറാന്‍ മറ്റൊരു കാരണം. ബിജെപി ഭരിക്കുന്ന കർണാടകയേക്കാളും മറ്റേതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാളും ഇക്കാര്യത്തിൽ ‘സുരക്ഷ’ ഉറപ്പുള്ളത് അസമിലാണ്. ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം ചേരാൻ തീരുമാനിച്ച വിമതരെ ഗുജറാത്തിലെ സൂറത്തിൽനിന്ന് പാതിരാത്രി അസമിലേക്കു കൊണ്ടുപോകാൻ നേതൃത്വം നൽകിയത് ഹിമന്തയുടെ അടുപ്പക്കാരനായ ഒരു എംഎല്‍എയാണ്. ഇയാൾ അടുത്തിടെയാണ് കോൺഗ്രസിൽനിന്നു മാറി ബിജെപിയിലെത്തിയതെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം ഒന്നുമറിഞ്ഞില്ലെന്ന മട്ടിലാണ് ഹിമന്ത മാധ്യമങ്ങളോടു പ്രതികരിക്കുന്നത്. മഹാരാഷ്ട്രയിലെ എംഎൽഎമാർ അസമിലുണ്ടോയെന്നു പോലും തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘അസമിൽ നല്ല ഹോട്ടലുകൾ കുറേയുണ്ട്. അവിടെ ആർക്കും വന്നു താമസിക്കാം. അതിൽ ഒരു പ്രശ്നവുമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള എംഎല്‍എമാർക്കും അസമിലേക്കു വരാം– ഹിമന്ത വാർത്താ ഏജൻസിയായ എഎന്‍ഐയോടു പ്രതികരിച്ചു. എന്നാൽ ബിജെപി എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡെ തന്നെ പറയുന്ന വി‍ഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

എംഎൽഎമാർ അസമിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ 16 പേരെ അയോഗ്യരാക്കാൻ ശിവസേന നീക്കം തുടങ്ങി. എംഎൽഎമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്കു കത്തു നൽകി. അസമിലെ മറ്റ് എംഎൽഎമാരെ സമ്മർദത്തിലാക്കുകയാണ് ശിവസേന ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമത നേതാവ് ഏക്നാഥ് ഷിൻഡെയും ബിജെപിയും ശിവസേനയെ തട്ടിയെടുക്കാനും ഇല്ലാതാക്കാനുമാണു ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആരോപിച്ചു. സാധാരണക്കാരായ ശിവസേന പ്രവർത്തകരാണു തന്റെ കരുത്തെന്നും ഉദ്ധവ് പാർട്ടി നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ അവകാശപ്പെട്ടു.

English Summary: Why rebels choose Assam hotel? team Himanta's logistical fingerprints at hotel housing Sena MLAs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS