ADVERTISEMENT

കോട്ടയം ∙ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ നടത്തിയ കലക്ടേറേറ്റ് മാർച്ചിനിടെ നടന്ന സംഘർഷത്തിൽ കണ്ടാലറിയാവുന്ന 100 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിന് ഉൾപ്പെടെയാണ് കേസ്. യുഡിഎഫ് പ്രവർത്തകർ നടത്തിയ കലക്ടറേറ്റ് മാർച്ച് നഗരത്തിൽ ഒന്നര മണിക്കൂർ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ലാത്തിച്ചാർജും നടത്തി. ലാത്തിച്ചാർജിൽ 15 പ്രവർത്തകർക്കു പരുക്കേറ്റു. ബാരിക്കേഡ് തലയിൽ ഇടിച്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനു പരുക്കേറ്റു.

കഴിഞ്ഞ ദിവസം വൈകിട്ട് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരുമായി സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത മാർച്ച് ഗാന്ധി സ്ക്വയറിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ആരംഭിച്ചത്. പിന്നാലെ ഐഎൻടിയുസി പ്രവർത്തകരും മാർച്ച് നടത്തി. കലക്ടറേറ്റിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. കെകെ റോഡിലൂടെ മാർച്ച് കലക്ടറേറ്റിനു മുന്നിലെത്തിയ ശേഷം മുതിർന്ന നേതാക്കൾ മടങ്ങിയതോടെയാണ് സംഘർഷം ആരംഭിച്ചത്. സർക്കാരിനും സിപിഎമ്മിനും എതിരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ കലക്ടറേറ്റിനു മുന്നിലെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു.

ഗേറ്റിനു മുകളിലൂടെ കലക്ടറേറ്റ് വളപ്പിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ലാത്തിവീശി പിന്തിരിപ്പിച്ചു. തുടർന്നു കല്ലേറുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ചിതറിയോടി. പ്രവർത്തകർ ഉടൻ സംഘടിച്ച് കലക്ടറേറ്റിനു സമീപത്തെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എസ്പി ഓഫിസിലേക്കുള്ള പ്രവേശന കവാടവും സ്റ്റേഷനു മുൻവശവും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു.

English Summary: Congress workers clash with police in Kottayam; Case registered against 100 workers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com