ADVERTISEMENT

ജ‌യ്‌പുർ ∙ രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാൻ മുൻ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റുമായി ഗൂഢാലോചന നടത്തിയെന്നു തുറന്നു സമ്മതിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്ര ജലശക്തി മന്ത്രിയും രാജസ്ഥാനിലെ പ്രമുഖ ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അധികാരത്തിനും പദവിക്കും വേണ്ടിയുള്ള തർക്കത്തിൽ രാജസ്ഥാൻ കോൺഗ്രസിൽ നിലനിന്നിരുന്ന ഇടക്കാല വെടിനിർത്തൽ അവസാനിപ്പിച്ച് ഗെലോട്ട് രംഗത്തിറങ്ങിയത്.

‘പൈലറ്റിന് അവസരം നഷ്ടമായി, സർക്കാർ മാറിയിരുന്നെങ്കിൽ കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതി വഴി രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം എത്തുമായിരുന്നു’വെന്ന ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഗെലോട്ടിന്റെ വിമർശനം. ഇതോടെ, 2020ൽ രാജസ്ഥാനിൽ നടന്ന വിമത നീക്കമാണ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.

‘‘സർക്കാരിനെ വീഴ്ത്തി അധികാരം കയ്യാളാനുള്ള നീക്കത്തിൽനിന്ന് സച്ചിൻ പിൻമാറിയില്ലായിരുന്നെങ്കിൽ രാജസ്ഥാനിൽ സർക്കാർ മാറുമായിരുന്നു. സംസ്ഥാനത്ത് കേന്ദ്രപദ്ധതി വഴി വെള്ളം വരുമായിരുന്നുവെന്നാണു ഗജേന്ദ്ര സിങ് ഷെഖാവത്ത് പറയുന്നത്. കേന്ദ്രമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? ഇതിൽപരം നാണക്കേട് വേറെ എന്തുണ്ട്? സർക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങളിൽ സച്ചിനുമായി താൻ കൈകോർക്കുകയായിരുന്നുവെന്ന് മന്ത്രിയുടെ വാക്കുകളിൽനിന്ന് തന്നെ തെളിഞ്ഞില്ലേ?’ – ഗെലോട്ട് ചോദിച്ചു.

1248-ashok-gehlot
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് (Photo by SAM PANTHAKY / AFP)

2020ലെ വിമത നീക്കവുമായി ബന്ധപ്പെട്ട് ഗജേന്ദ്ര സിങ്ങിനെതിരേ കേസെടുത്തിരുന്നു. അട്ടിമറി നീക്കവുമായി ഷെഖാവത്ത് അടക്കം നടത്തിയ ഫോൺ കോളുകളുടെ ശബ്ദരേഖകൾ അശോക് ഗെലോട്ട് പക്ഷം പുറത്തുവിട്ടിരുന്നു. ഇവയിൽ പാർട്ടി മാറുന്നതിനു പണം വാഗ്ദാനം ചെയ്യുന്നുണ്ട്. ശബ്ദം തന്റേതല്ലെന്നും ശബ്ദരേഖ വ്യാജമെന്നുമായിരുന്നു ഷെഖാവത്ത് അന്ന് പ്രതികരിച്ചത്. സർക്കാരിനെ വീഴ്ത്താൻ ബിജെപിയുമായി സച്ചിൻ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നും അതിനുള്ള ശിക്ഷയെന്ന നിലയിലാണ് പദവികളിൽ നീക്കിയതെന്നും കോൺഗ്രസ് വൃത്തങ്ങൾ സംഭവത്തിനു പിന്നാലെ പ്രതികരിച്ചിരുന്നു. പദവികളിൽ നിന്നു നീക്കി കോൺഗ്രസ് വരിഞ്ഞുമുറുക്കിയതോടെയാണ് അനുനയ വഴിയിലേക്കു സച്ചിനെത്തിയതും.

English Summary: Gehlot says BJP minister remark proof he, Pilot were together in 2020 rebellion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com