വിജിലൻസ് റെയ്ഡിനിടെ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൻ വെടിയേറ്റു മരിച്ചു; കൊന്നതെന്ന് കുടുംബം

sanjay-popli
സഞ്ജയ് പോപ്‌ലി പൊലീസ് കസ്റ്റഡിയിൽ (എഎൻഐ ചിത്രം)
SHARE

ന്യൂഡൽഹി ∙ അഴിമതിക്കേസിൽ അറസ്റ്റിലായ പഞ്ചാബിലെ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്‌ലിയുടെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടെ, സഞ്ജയിന്റെ മകൻ വെടിയേറ്റു മരിച്ചു. സഞ്ജയ് പോപ്‌ലിയുടെ ഇരുപത്തേഴുകാരനായ മകൻ കാർത്തിക് പോപ്‌ലിയാണ് മരിച്ചത്. കാർത്തിക് ആത്മഹത്യ ചെയ്തുവെന്നാണു പൊലീസിന്റെ നിലപാട്. അതേസമയം, കാർത്തിക്കിനെ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതാണെന്ന് കുടുംബം ആരോപിച്ചു.

തന്റെ കൺമുന്നിൽ വച്ചാണ് കാർത്തിക്കിനെ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതെന്ന് സഞ്ജയ് ആരോപിച്ചു. ‘‘എന്റെ കൺമുന്നിലാണ് കാർത്തിക് വെടിയേറ്റു മരിച്ചത്. എന്റെ മകന്റെ മരണത്തിന് ഞാൻ സാക്ഷിയാണ്’ – സഞ്ജയ് വ്യക്തമാക്കി. കാർത്തിക് പോപ്‍ലിക്കു വെടിയേൽക്കുന്ന സമയത്ത് വിജിലൻസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോടു വെളിപ്പെടുത്തി. സഞ്ജയ് പോപ്‌ലിക്കെതിരായ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് സംഘം അദ്ദേഹത്തിനൊപ്പം വീട്ടിലെത്തിയത്.

‘‘വിജിലൻസ് സംഘം ഇന്ന് സഞ്ജയ് പോപ്‍ലിയുടെ വീട്ടിൽ റെയ്ഡിനായി പോയിരുന്നു. ഈ സമയത്ത് കാർത്തിക് പോപ്‍ലി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു’’ – ചണ്ഡിഗഡ് സീനിയർ എസ്‍പി കുൽദീപ് ചാഹൽ വ്യക്തമാക്കി. പിതാവ് സഞ്ജയ് പോപ്‍ലിയുടെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കാർത്തിക് സ്വയം നിറയൊഴിച്ചതെന്നും എസ്പി പറഞ്ഞു.

കരാറുകാരനിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് ജൂൺ 20നാണ് സഞ്ജയ് പോപ്‍ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ അന്വേഷണാർഥമാണ് വിജിലൻസ് സംഘം സഞ്ജയിന്റെ വീട്ടിലെത്തിയത്. റെയ്ഡിൽ സഞ്ജയിന്റെ വസതിയിൽനിന്ന് സ്വർണ, വെള്ളി നാണയങ്ങളും പണവും മൊബൈൽ ഫോണുകളും മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

സഞ്ജയിനെതിരെ തെറ്റായ മൊഴി നൽകാൻ വിജിലൻസ് സംഘം സമ്മർദ്ദം ചെലുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോടു വെളിപ്പെടുത്തി. ‘‘വിജിലൻസ് സംഘം ഞങ്ങൾക്കു മേൽ സമ്മർദ്ദം ചെലുത്തി. തെറ്റായി മൊഴി നൽകി കേസിനു ബലം നൽകാൻ അവർ ഞങ്ങളുടെ വീട്ടിലെ ജോലിക്കാരെ പീഡിപ്പിച്ചു. ഇരുപത്തേഴു വയസ്സു മാത്രം പ്രായമുള്ള ഞങ്ങളുടെ മകൻ പോയി. അവൻ മിടുക്കനായ അഭിഭാഷകനായിരുന്നു. അവരാണ് അവനെ കൊന്നത്’ – സഞ്ജയിന്റെ ഭാര്യ ആരോപിച്ചു.

‘വീട്ടിലെത്തിയതിനു പിന്നാലെ വിജിലൻസ് സംഘം കാർത്തിക്കിനെ നിർബന്ധിച്ച് മുകളിലെ നിലയിലേക്കു കൊണ്ടുപോയി. അവിടേക്കു പോകാൻ എന്നെ അനുവദിച്ചില്ല. അവർ അവനിൽ അനാവശ്യ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന് തീർച്ചയാണ്. ഇടയ്ക്ക് ഞാൻ സ്റ്റെയർകേസ് കയറാൻ ശ്രമിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ അവന്റെ നെറ്റിക്കു നേരെ തോക്കു പിടിച്ചിരിക്കുന്നത് കണ്ടു. ഞാൻ മുകളിലേക്കു പോകാൻ ശ്രമിച്ചെങ്കിലും അവർ അനുവദിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഒരു വെടിയൊച്ച കേട്ടു. അവർ എന്റെ മകനെ കൊന്നു’ – സഞ്ജയിന്റെ ഭാര്യ വിവരിച്ചു.

English Summary: "Killed In Front Of Me": Arrested Bureaucrat On Son's Death During Raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS