ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. അതു ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാർട്ടി അംഗങ്ങൾ ആരെങ്കിലും എംപിയുടെ ഓഫിസ് ആക്രമിച്ചവരിൽ ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും – തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

വിഷയത്തിൽ സർക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സർക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി. ‘‘ഗാന്ധി ചിത്രം തകർത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്ഐ സമരം നടക്കുമ്പോൾ ഫോട്ടോ അവിടെയുണ്ടായിരുന്നു. കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം ഉണ്ടാകരുത്. അക്രമങ്ങളിൽനിന്ന് മാറിനിൽക്കാൻ പ്രവർത്തകർക്ക് സിപിഎം നിർദേശം നൽകിയിട്ടുണ്ട്. വിമാനത്തിൽവച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായപ്പോൾ ആരും അപലപിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ എസ്എഫ്ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമം.’’ പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു.

‘‘തൃക്കാക്കരയിൽ എൽഡിഎഫിന് എതിർചേരിയിലെ വോട്ടർമാരെ സ്വാധീനിക്കാനായില്ല. ന്യൂനപക്ഷങ്ങളിൽനിന്നു സാധാരണ ലഭിക്കേണ്ട വോട്ടിലും ചോർച്ചയുണ്ടായി. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായിട്ടില്ല. സർക്കാരിന്റെ അതിപ്രസരം ഉണ്ടായെന്നത് ആരോപണം മാത്രമാണ്. പോളിറ്റ്ബ്യൂറോ അംഗമെന്ന നിലയിലാണു മുഖ്യമന്ത്രി തൃക്കാക്കരയിൽ പ്രവർത്തിച്ചത്. 

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിനായി ഓരോ ദിവസവും കഥകൾ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ട്.’’ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

English Summary: Kodiyeri Balakrishnan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com