‘മമ്മുക്ക നടപടി എടുക്കരുതെന്ന് പറഞ്ഞെന്നു കേട്ടു; പുറത്താക്കാനുള്ള തെറ്റു ചെയ്തിട്ടില്ല’

shammy-thilak-press-meet
ഷമ്മി തിലകൻ
SHARE

കൊച്ചി∙ താരസംഘടനയായ അമ്മയില്‍നിന്നു പുറത്താക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ലന്ന് നടൻ ഷമ്മി തിലകന്‍. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്, മാഫിയ സംഘമെന്ന് ആരെയും പറഞ്ഞിട്ടില്ല. അമ്മയില്‍നിന്നു നീതി ലഭിക്കും, ചില ഭാരവാഹികളില്‍നിന്നു നീതി പ്രതീക്ഷിക്കുന്നില്ല. അച്ഛനോടുള്ള വ്യക്തിവിരോധമാണ് അതിനു കാരണമെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാൻ എന്തുകൊണ്ടാണ് ശബ്ദം ഉയർത്തുന്നതെന്നും എന്താണ് എന്റെ ആരോപണങ്ങളെന്നും അറിയാവുന്നവർ അമ്മയിൽ വളരെ കുറച്ചു പേർക്കാണ്. ബാക്കിയുള്ളവർ എന്റെ ഭാഗം മനസ്സിലാക്കിയിട്ടില്ല. അതിനാലാണ് അവർ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. സംഘടനാ ചട്ടങ്ങളെല്ലാം പാലിച്ചു കൊണ്ട് പലതവണ ഭാരവാഹികൾക്ക് കത്തെഴുതിയിട്ടുണ്ട്. അതെല്ലാം വളരെ കുറച്ചു പേർക്കേ അറിയൂ.  അമ്മ സംഘടനയോട് ഒരു വിരോധവുമില്ല. സംഘടനയെ സ്വന്തം അമ്മയെപ്പോലെയാണ് കാണുന്നത്. ഞാൻ എഴുതിയ കത്തുകളിലും ‘അമ്മ അറിയാൻ’ എന്നാണ് സംബോധന ചെയ്തിട്ടുള്ളത്. 

അമ്മ എന്ന സംഘടന സ്ഥാപിതമായത് എന്റെ പണം കൂടി ഉപയോഗിച്ചാണ്. അമ്മയിൽ മൂന്നാമത് അംഗത്വം എടുത്തത് ഞാനാണ് എന്നാണ് എന്റെ ഓർമ. മണിയൻപിള്ള രാജുവിന്റെ കയ്യിലാണ് അന്ന് സംഘടനയിൽ അംഗത്വം എടുത്തുകൊണ്ടുള്ള പണം നൽകിയത്. അമ്മയുടെ ലെറ്റർപാഡിന്റെ പണം ഞാനാണ് നൽകിയത്. ഈ ലെറ്റർ പാഡിൽ തന്നെ എന്നെ പുറത്താക്കാൻ വരട്ടെ. അപ്പോൾ പ്രതികരിക്കാം. 

മമ്മൂക്ക അടക്കം ചിലർ എന്നെ പുറത്താക്കരുത് എന്ന് ആവശ്യപ്പെട്ടെന്നാണ് കേട്ടത്. മമ്മൂക്ക അതു നേരത്തെയും പറഞ്ഞിട്ടുണ്ട്. താക്കീത് നൽകിയാൽ മതിയെന്ന് ചിലർ പറഞ്ഞു. ഞാൻ എന്താണ് പറഞ്ഞതെന്നും എന്തിനു വേണ്ടിയാണ് പറഞ്ഞതെന്നും അവർക്ക് അറിയാം അതിനാലാണ് അവർ ഇങ്ങനെ പറഞ്ഞത്. ഞാൻ കൊടുത്ത റിപ്പോർട്ടുകൾ എന്താണെന്ന് ചില ആളുകൾക്ക് അറിയില്ല. പണ്ട് അച്ഛൻ പറഞ്ഞതു പോലെ അത് ‘ചില ആളുകൾക്ക്’ എതിരാണ്. അമ്മയിൽനിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമില്ല. പക്ഷേ, അമ്മയിലെ ചില ഭാരവാഹികളിൽനിന്ന് നീതി ലഭിക്കില്ല. അത് വ്യക്തിപരമായ പ്രശ്നവും അതിനേക്കാളുപരി എന്റെ അച്ഛനോടുള്ള വിരോധവുമാണ്. 

ഇന്നത്തെ ജനറൽ ബോഡിയുടെ കാര്യം എന്നെ അറിയിച്ചിട്ടില്ല. അമ്മയുടെ പ്രസിഡന്റിന് പല റിപ്പോർട്ടുകളും കത്തുകളും നൽകിയിട്ടുണ്ടെങ്കിലും ഒന്നിനും മറുപടി ലഭിച്ചിട്ടില്ല. എന്ത് അച്ചടക്ക നടപടി നേരിടാനും തയാറാണ്. എന്തു വിശദീകരണം നൽകാനും തയാറാണ്. എന്റെ മടിയിൽ കനമില്ല, പിന്നെ ഞാനെന്തിനാണ് ഭയക്കുന്നത്’– ഷമ്മി തിലകൻ പറഞ്ഞു. 

English Summary : Actor Shammy Thilakan on AMMA meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS