ADVERTISEMENT

കൊച്ചി ∙ പുതുമുഖ നടിയെ ലൈംഗികമായി പീ‍ഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബു താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. കൊച്ചിയിൽ നടന്ന യോഗത്തിലാണ് വിജയ് ബാബു പങ്കെടുത്തത്. കേസിൽ പ്രതിയായ ശേഷം അമ്മ എക്സിക്യൂട്ടിവിൽനിന്ന് മാറിനിൽക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്ന് മാറിനിന്നെങ്കിലും സംഘടന അംഗം എന്ന നിലയിലാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.

നേരത്തെ, ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നടിമാരായ ശ്വേത മേനോൻ, മാലാ പാർവതി, കുക്കു പരമേശ്വരൻ എന്നിവർ 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് (ഐസിസി) രാജിവച്ചിരുന്നു.

അതേസമയം, നിരപരാധിത്വം തെളിയിക്കുന്നതുവരെ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറിനിൽക്കാമെന്നായിരുന്നു കേസിനു പിന്നാലെ വിജയ് ബാബുവിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയ് ബാബു നൽകിയ കത്ത് അമ്മ എക്സിക്യൂട്ടീവ് അംഗീകരിക്കുകയും ചെയ്തു. തന്റെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് മാറിനിൽക്കുന്നതെന്നും വിജയ് ബാബു അറിയിച്ചിരുന്നു.

idavela-babu-mohan-lal-siddique
ഇടവേള ബാബു, മോഹൻ ലാൽ, സിദ്ധിഖ് എന്നിവർ ‘അമ്മ’ യോഗത്തിൽ (ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ)

അതിനിടെ, ലൈംഗിക പീഡന കേസിൽ വിജയ് ബാബുവിനു ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്, 27 മുതൽ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

manjo-k-jayan-lal-mammootty-suresh-krishna
മനോജ് കെ. ജയൻ, ലാൽ, മമ്മൂട്ടി, സുരേഷ് കൃഷ്ണ എന്നിവർ ‘അമ്മ’ യോഗത്തിൽ (ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ)

English Summary: Vijay Babu to attend AMMA meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com