Premium

‘സുഗന്ധറാണി’യിലും മായം; അമിത ലാഭത്തിന് കുറുക്കുവഴി, തമിഴ്നാട്ടിൽനിന്ന് നിരോധിത മരുന്നുകൾ

cardamom-1
ഏലയ്ക്ക (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
SHARE

ഹൈറേഞ്ചിൽ സാധരണക്കാരനായ കർഷകർ പട്ടിണിയിൽ നിന്നു നടുവുയർത്തിയതിൽ ഏലം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ലോക മാർക്കറ്റിൽ കേരളത്തിൽ നിന്നുള്ള ഏലം തിളങ്ങിനിന്നിരുന്ന കാലഘട്ടമല്ല ഇന്ന്. കൃത്രിമ നിറം ചേർത്ത ഏലക്കാ മാർക്കറ്റിലെത്തുന്നത് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഇന്നു ഏലം മേഖല നേരിടുന്നു. അമിതമായ വിഷ പ്രയോഗമെന്ന ആയുധമുപയോഗിച്ചു സർക്കാരും ഉദ്യോഗസ്ഥരും കൃഷിക്കാരുടെ മേലെ പഴിചാരുമ്പോൾ കേരളത്തിൽ നിന്നുള്ള കയറ്റുമതി ഇല്ലാതാക്കാൻ ചിലർ നടത്തുന്ന ഗൂഢനീക്കമാണു ഈ പ്രചാരണങ്ങള്‍ക്കു പിന്നിലെന്നാണു കർഷകർ പറയുന്നത്. കയറ്റുമതിയിൽ നിന്നു മാന്യമായ ലാഭമുണ്ടാക്കിയിരുന്ന കേരളത്തിന്റെ ഏലവിപണി ഇന്നു ആഭ്യന്തര മാർക്കറ്റിലേക്കു ചുരുങ്ങി. ഗ്വാട്ടിമാലയിൽ നിന്നുള്ള ഗുണമേന്മ കുറഞ്ഞ ഏലം ലോകമാർക്കറ്റ് കയ്യടക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തി. ഇന്നുവരെ കാണാത്ത വിലയിടിവാണ് നമ്മുടെ ഏലം മേഖല നേരിടുന്നത്. എന്താണ് നമ്മുടെ ഏലത്തിനു സംഭവിച്ചത്. 

cardamom-cultivation-1
ഏലക്കൃഷി. ചിത്രം: അരവിന്ദ് ബാല ∙ മനോരമ (ഫയൽ ചിത്രം)

∙ എന്താണ് ഏലം

ഇഞ്ചിയുടെ കുടുംബത്തിൽപെട്ട സസ്യമാണ് ഏലം. Elettaria cardamomum maton എന്നാണു ശാസ്ത്രീയ നാമം. ഇന്ത്യയിൽ അസമിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ ഏലം കൃഷി ചെയ്യുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന തണലും ഈർപ്പവുമുള്ള പ്രദേശങ്ങളിലാണു കൂടുതലായും വളരുന്നത്. ലോകത്ത് ഏറ്റവും അധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിലാണ്. രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇതിൽ കേരളത്തിലാണു ഇന്ത്യയുടെ മൊത്തം ഉൽപാദനത്തിന്റെ പകുതിയിൽ അധികവും. 

∙ കേരളത്തിന്റെ ഏല ചരിത്രം

ലോകത്തിൽ ആദ്യമായി ഏലം കൃഷി ചെയ്യപ്പെടുന്നതു കേരളത്തിലാണെന്നാണു ചരിത്രം. അതും ഇടുക്കിയിലെ പാമ്പാടുംപാറയിൽ. അയർലന്റുകാരനായ ജോൺ ജോസഫ് മർഫിയാണ് ഇതിനു പിന്നിൽ. സുഗന്ധവ്യഞ്ജനങ്ങൾ തേടിയാണു വിദേശീയർ ഭാരതത്തിലെത്തുന്നത്. നമ്മുടെ കാടുകളിൽ സ്വാഭാവികമായി വളർന്നു നിൽക്കുന്ന ഏലം ശേഖരിച്ചു വിൽക്കുകയായിരുന്നു അന്നുവരെയുള്ള രീതി. 1872ല്‍ കേരളത്തിലെത്തിയ മർഫി ഇടുക്കിയിൽ സ്വാഭാവികമായി വളരുന്ന തഴച്ചുവളരുന്ന ഏലം വാണിജ്യാടിസ്ഥാനത്തിൽ എന്തുകൊണ്ടു കൃഷിചെയ്തുകൂടാ എന്ന് ആലോചിച്ചു. തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് അനുവാദം വാങ്ങിയ ശേഷം കാട്ടിനുള്ളിലെ ഏലത്തൈകൾ ശേഖരിച്ച് ഒരു തോട്ടമൊരുക്കി. പാമ്പാടുംപാറയില്‍ ഉൽപാദിപ്പിച്ചിരുന്ന ഏലം മദ്രാസ് തുറമുഖം വഴിയാണു കയറ്റി അയച്ചിരുന്നത്. 

cardamom-idukki-1
ഇടുക്കിയിലെ ഏലത്തോട്ടം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ (ഫയൽ ചിത്രം)

∙ വിലയിടിവ്– ഉല്‍പന്നത്തിന്റെ പ്രശ്നങ്ങൾ

അമിത ലാഭത്തിന് കുറുക്കുവഴികൾ

രണ്ടു വർഷം മുൻപു കൃത്രിമ നിറം ചേർക്കൽ വർധിച്ചപ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പും സ്‌പൈസസ് ബോർഡും സംയുക്തമായി ഏലം സ്‌റ്റോറുകളിൽ പരിശോധന നടത്തിയിരുന്നു. നിറം ചേർക്കാനായി സ്‌റ്റോറുകളിൽ സൂക്ഷിച്ചിരുന്ന സോഡിയം ബൈ കാർബണേറ്റ്, പൊട്ടാസ്യം കാർബണേറ്റ്, ഏലക്കാ വേഗം ഉണക്കാനുള്ള ഓയിലുകൾ തുടങ്ങിയവ പിടികൂടുകയും ചെയ്തിരുന്നു. അതിനുശേഷം ഈ പ്രവണതയ്ക്കു ശമനമുണ്ടായെങ്കിലും ഏലക്കായുടെ വില വൻതോതിൽ ഇടിഞ്ഞതോടെ രണ്ടാഴ്ചയായി ഇത് വർധിക്കുന്ന സാഹചര്യമാണ്. വിലയിടിവുമൂലം പലരും സൂക്ഷിച്ചുവച്ചിരുന്ന ഏലക്കാ നിറം ചേർത്ത് വിപണിയിൽ വിറ്റഴിക്കാൻ ശ്രമം നടത്തുന്നതിന്റെ ഭാഗമാണിതെന്നും സംശയിക്കപ്പെടുന്നുണ്ട്. ലേലത്തിന് എത്തിക്കുന്ന ഏലക്കയിൽ നിറം ചേർക്കുന്നതു പിടിക്കപ്പെടാൻ തുടങ്ങിയതോടെ ഇത്തരം ഉൽപന്നം ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. 

cardamom-munnar-1
മൂന്നാറിലെ ഏലക്കൃഷി (ഫയല്‍ ചിത്രം)

നിറം ചേർക്കുന്നതു കൂടുതൽ തുകയ്ക്കു വേണ്ടി

ഏലക്കായുടെ വലിപ്പം, പച്ച നിറം, കായ്ക്കുള്ളിലെ അരിയുടെ എണ്ണം, ഓയിലിന്റെ അംശം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഏലക്കായുടെ വില നിശ്ചയിക്കുന്നത്. നിറം കൂടുതൽ ഉള്ള കായയ്ക്കു മികച്ച വില ലഭിക്കുമെന്നതിനാലാണു പലരും കൃത്രിമ നിറം ചേർക്കുന്നത്. രാസവസ്തുക്കൾക്കൊപ്പം ഭക്ഷണ വസ്തുക്കളിൽ നിറം ചേർക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും ചേർത്താണ് ഏലക്കായയ്ക്കു കൃത്രിമ നിറം നൽകുന്നത്. ഭക്ഷണ വസ്തുക്കളിൽ ചേർക്കുന്ന നിറം സോഡിയം ബൈ കാർബണേറ്റുമായി കൂട്ടിയ ശേഷം കഴുകി വൃത്തിയാക്കിയ ഏലക്കായ പ്രത്യേക ലായനിയിൽ മുക്കിയാണു നിറം വരുത്തുന്നത്. 

CARDAMOM
സിഎൻസി വണ്ടൻമേട്ടിലെ ഏലകേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: അരുൺ ജോൺ ∙ മനോരമ (ഫയൽ ചിത്രം)

നിരോധിത മരുന്നുകൾ തമിഴ്നാട്ടിൽനിന്ന്

തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന നിരോധിത മരുന്നുകൾ ചില തോട്ടങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ കയറ്റുമതി ചെയ്യുന്ന ഏലക്കായിൽ നിരോധിത കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുമ്പോൾ ഏലക്കായുടെ വിപണി വിലയെ മൊത്തത്തിൽ ബാധിക്കുന്ന സ്ഥിതിയാണ്. ഇവയ്ക്ക് തടയിടാനായി ജൈവ ഏലക്കാ ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യാനുള്ള പ്രവർത്തനങ്ങൾ സ്‌പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. 

ഗുണമേന്മ പരിശോധനയ്ക്ക് ലാബ്

മൈലാടുംപാറ ഐസിആർഐ ഏലം ഗവേഷണ കേന്ദ്രത്തിൽ‍ ഏലയ്ക്കയുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള ലാബ് ഉടൻ തയാറാവും. സ്പൈസസ് ബോർഡിന്റെ നിർദേശ പ്രകാരം ഏലം ഗവേഷണ കേന്ദ്രം സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 1.94 കോടി രൂപ മുടക്കി ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗ്യാസ് ക്രോമെറ്റോഗ്രഫി മാസ് സ്പെക്ട്രോമെട്രി (ജിസിഎംഎസ്) ഇൻഫർമേഷൻ സംവിധാനമാണു ലാബിൽ ഒരുക്കുന്നത്. സംസ്ഥാന ഹോർട്ടികൾചർ മിഷനാണു പദ്ധതിക്കു പണം അനുവദിച്ചത്. ഏലത്തിൽ അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങളുടെയും കീടനാശിനി, രാസവളങ്ങൾ എന്നിവയുടെയും അളവും ലാബിലെ പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിയും. അതുവഴി കൃഷിയിടത്തിൽ ഉപയോഗിക്കേണ്ട രാസവളങ്ങളുടെയും കീടനാശിനികളുടെയും ശരിയായ വിവരങ്ങൾ കർഷകർക്കു ലഭിക്കും. ഇടുക്കിയിൽ നിന്നുള്ള ഏലം രാജ്യാന്തര വിപണികളിൽ പിന്തള്ളപ്പെടാതിരിക്കുന്നതിനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഇൗ സംവിധാനം സഹായകമാകും.

cardamom-puttady-e-auction-1
സ്‌പൈസസ് ബോർഡിന്റെ പുറ്റടിയിലെ ലേല കേന്ദ്രത്തിലെ ഇ-ലേലം.

∙ ലേലം വരുത്തിയ പ്രശ്നങ്ങള്‍

ഏങ്ങനെയാണ് ലേലം?

സ്പൈസസ് ബോർഡിന്റെ കീഴിലുള്ള ലേലം ഏജൻസികൾ കർഷരുടെ കയ്യില്‍ നിന്ന് ഏലം ശേഖരിക്കുന്നത്. ഓരോ ലേലം ഏജൻസിക്കും ഉൽപന്നം ലേലം ചെയ്യാൻ പ്രത്യേക ദിവസം അനുവദിച്ചിട്ടുണ്ട്. ഉൽപന്നങ്ങളുടെ സാംപിളുകൾ ശേഖരിച്ചു ലേലം ഏജന്‍സികൾ ലേലം കേന്ദ്രത്തിലെത്തിച്ചു ലേലം ആരംഭിക്കും. വ്യാപാരികൾക്കു സാംപിളുകൾ നോക്കി ലേലം വിളിക്കാം. കായുടെ വലിപ്പത്തിനും നിറത്തിനും അനുസരിച്ചാണു വില തീരുമാനിക്കപ്പെടുന്നത്. ഒന്നിച്ചു ലേലത്തിൽ പിടിക്കുന്നവ വ്യാപാരികൾ വീണ്ടും ഗ്രേഡ് തിരിച്ചു ലേലത്തിനു വയ്ക്കും. ഇതു കൂടുതൽ തുകയ്ക്കു ലേലത്തിനു പോകും. ഉൽപാദനം കുറഞ്ഞ സീസണുകളിൽ വ്യാപാരികൾ ഇത്തരത്തില്‍ റീപൂൾ ചെയ്യുന്നതോടെ ഉൽപന്നത്തിനു വില കുറയും.

cardamom-idukki-2
ഇടുക്കിയിലെ ഏലത്തോട്ടം.

വിലയിടിവ് തടയാൻ റീപൂളിങ്ങ് നിയന്ത്രണം

ഏലക്കായുടെ അനിയന്ത്രിതമായ വിലയിടിവിനു തടയിടാനുള്ള നടപടികൾക്ക് തുടക്കമിട്ട്, പുതുക്കിയ നിർദേശങ്ങൾ പ്രകാരമുള്ള ഇ-ലേലം സ്‌പൈസസ് ബോർഡ് ഈ വർഷം ആദ്യം ആരംഭിച്ചിരുന്നു ഒരു ഏജൻസിയുടെ ലേലത്തിൽ വിൽപനയ്ക്ക് എത്തിക്കാവുന്ന പരമാവധി ഏലക്കായുടെ അളവ് 65,000 കിലോഗ്രാം ആയി നിജപ്പെടുത്തി. കൂടാതെ വിൽപനയ്ക്ക് വരുന്നതിൽ 70% കായ കർഷകരുടെ ഉൽപന്നമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടിയ തോതിൽ ഏലക്കാ വിൽപനയ്ക്കു വരുന്നതും വ്യാപാരികളുടെ കായ വൻതോതിൽ വിൽപനയ്ക്കു വയ്ക്കുന്നതും വിലയിടിവിനു കാരണമാകുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ചില ഏജൻസികളുടെ ലേലത്തിൽ ഒരുലക്ഷം കിലോയോളം കായ പതിയുന്ന സാഹചര്യം ഉണ്ടായിരുന്നു. ചില ഏജൻസികളിൽ ഭൂരിഭാഗവും വ്യാപാരികളുടെ ഏലക്കാ ആയിരുന്നു എത്തിയിരുന്നത്. ഇതിനാൽ യഥാർഥ കർഷകരുടെ ഉൽപന്നത്തിന് വിലയിടിയുകയാണെന്ന പരാതിയെ തുടർന്നാണ് സ്‌പൈസസ് ബോർഡ് പുതിയ നടപടികൾ സ്വീകരിച്ചത്. വിലയിടവ് തടയാൻ പുതുക്കിയ നിബന്ധനകൾ പരീക്ഷിച്ചെങ്കിലും വില ഉയരാൻ ഇതൊന്നും സഹായകമായില്ല. 

cardamom-cultivation-2
ഏലക്കൃഷി. ചിത്രം: അരവിന്ദ് ബാല ∙ മനോരമ (ഫയൽ ചിത്രം)

ഒരേ സമയം സ്വകാര്യലേലവും കര്‍ഷകർക്കു തിരിച്ചടി

സ്‌പൈസസ് ബോർഡിന്റെ ഇ-ലേലത്തിനൊപ്പം സ്വകാര്യ ലേലങ്ങളും കൂട്ടത്തോടെ നടക്കുന്നത് ഇനിയും ഏലം വിലയിടിവിന് കാരണമാകുമെന്നാണ് ആക്ഷേപം. എല്ലാ ഭൂരിഭാഗം ലേലങ്ങളിലും പങ്കെടുക്കുന്നത് ഒരേ വ്യാപാരികളാണെന്നതാണ് പ്രധാന പ്രശ്‌നമായി ഉയർത്തിക്കാട്ടപ്പെടുന്നത്. സ്‌പൈസസ് ബോർഡിന്റെ ലേലം നടക്കുന്ന അതേസമയത്ത് സ്വകാര്യ ലേലങ്ങൾ നടത്തില്ലെന്ന് മുൻപ് ധാരണയിൽ എത്തിയിരുന്നെങ്കിലും ഏതാനും ആഴ്ചകളായി അതു ലംഘിക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ഒരേസമയം 3 ലേലങ്ങൾ നടന്നതിനാൽ വ്യാപാരികൾ മൂന്നിടങ്ങളിലേക്കായി പോയത് തിരിച്ചടിയായി. വ്യാപാരികളുടെ എണ്ണം കുറഞ്ഞതോടെ താരതമ്യേന കുറഞ്ഞ തുകയാണ് ഏലക്കായ്ക്ക് നിശ്ചയിക്കപ്പെട്ടത്. അതിനാൽ പല കർഷകരുരെയും ഉൽപന്നം വിൽക്കാൻ സന്നദ്ധരായില്ല. സ്‌പൈസസ് ബോർഡിന്റെയും സ്വകാര്യ കമ്പനികളുടെയും ലേലം നടക്കുമ്പോൾ വ്യാപാരികളിൽ കൂടുതൽ പേരും സ്വകാര്യ മേഖലയിലേക്ക് തിരിയുന്ന സാഹചര്യവുമുണ്ട്. കൂടുതൽ കടം നൽകുന്നത് ഉൾപെടെയുള്ള കാര്യങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൃത്രിമ നിറം ചേർത്ത ഏലക്കാ ലേലത്തിന് വയ്ക്കാൻ സ്‌പൈസസ് ബോർഡ് അനുമതി നിഷേധിച്ചതും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 

∙ കർഷകർ പറയുന്നു വിലയിടിക്കുന്നത് സ്പൈസസ് ബോർഡ്

കേരളത്തിലെ ഏലത്തിന്റെ വിലയിടിയുന്നതിനു പിന്നിൽ സ്പൈസസ് ബോർഡാണെന്നു ഏലം കർഷകൻ റെജി ഞള്ളാനി. ജില്ലയിൽനിന്ന്‌ കയറ്റി അയയ്ക്കുന്ന ഏലക്കായിൽ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒട്ടേറെ രാജ്യങ്ങൾ ഇവിടെനിന്നുള്ള ഏലക്കായുടെ കയറ്റുമതി നിർത്തിയത് വലിയ വാർത്തയായിരുന്നു. കയറ്റുമതി കുറഞ്ഞുവെന്ന കാരണം പറഞ്ഞ് ഏലക്കായുടെ വിലയും കുറഞ്ഞു. ഏലക്കായ കയറ്റി അയയ്ക്കുന്നതിന് സ്പൈസസ് ബോർഡിന്‍റെ അനുമതിയും ലാബ് റിപ്പോർട്ടും ഭക്ഷ്യവകുപ്പിന്‍റെ അനുമതിയും ആവശ്യമാണ്. ഇതെല്ലാം വേണമെന്നിരിക്കെ വിഷാംശം കലർന്ന ഏലക്കായ എങ്ങനെ കയറ്റിയയച്ചുവെന്നു സര്‍ക്കാർ ഉത്തരം പറയണമെന്നും െറജി പറയുന്നു. ഏലത്തിന്റെ സാംപിളുകൾ ശേഖരിക്കുന്നതു നിയമവിരുദ്ധമാണ്. നൂറു കിലോഗ്രാമിനു ഒരു കിലോഗ്രാമോളം സാംപിളായി ശേഖരിക്കുന്നതു കർഷക വിരുദ്ധമായ നിലപാടാണ്. കേരളത്തിലെ ഏലത്തിനു വിലയിടിക്കണമെന്നതു ഉദ്യോഗസ്ഥരുടെ താല്‍പര്യമാണ്.

(കർഷക ഗവേഷകനും കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുരസ്കാര ജോതാവവുമാണ് െറജി ഞള്ളാനി)

English Summary: What are the crisis faced in Cardamom Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS