സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു

chowalloor-krishnankutty
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
SHARE

തൃശൂർ ∙ ഭക്തിഗാനങ്ങളിലൂടെ മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സാഹിത്യകാരനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. ഇന്നലെ രാത്രി 10.45ന് അമല മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. 

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’, ‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനാട്യം...’, ‘ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം.....’ തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങൾ ചൊവ്വല്ലൂർ എഴുതിയവയാണ്. മൂവായിരത്തോളം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. 

ആദ്യകാല സൂപ്പർഹിറ്റ് സിനിമയായ ‘പ്രഭാതസന്ധ്യ’യുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരായിരുന്നു. ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം എന്നിവയടക്കമുള്ള സിനിമകൾക്കായും തിരക്കഥകൾ എഴുതി. ‘സർഗം’ എന്ന സിനിമയുടെ സംഭാഷണം എഴുതിയത് ചൊവ്വല്ലൂരാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കീഴ്പടം സുകുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയവരെക്കുറിച്ച് ഡോക്യുമെന്ററികൾ ചെയ്തു. 

ഹാസ്യ സാഹിത്യക്കാരനു‌ള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഗുരുവായൂർ തിരുവെങ്കിടാചലപതി പുരസ്കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്കാരം, രേവതി പട്ടത്താനം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ്‌ ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികൾ വഹിച്ചു. 

പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘നവജീവൻ’ പത്രത്തിൽ സബ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മലയാള മനോരമ 1966–ൽ കോഴിക്കോട് യൂണിറ്റ് ആരംഭിച്ചപ്പോൾ പത്രാധിപസമിതി അംഗമായി. 2004–ൽ വിരമിച്ചു. വിവിധ വിഭാഗങ്ങളിലായി ഇരുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 

തൃശൂരിലെ ചൊവ്വല്ലൂർ വാരിയത്ത് 1936 ജൂലൈ 11നായിരുന്നു ജനനം. ഗുരുവായൂർ ക്ഷേത്രത്തിലും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലും പാരമ്പര്യമായി കഴകപ്രവൃത്തിയുടെ അവകാശമുള്ള കുടുംബമാണിത്. വിവിധ വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണിവാരിയരാണു പിതാവ്. അമ്മ പാറുക്കുട്ടി വാരസ്യാർ. ഭാര്യ: തൃശിലശേരി വാരിയത്ത് സരസ്വതി. മക്കൾ: ഉഷ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗീത, പരേതനായ ദേശീയ ബാസ്കറ്റ് ബോൾ താരം സുരേഷ് ചെറുശേരി.  ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്കൂൾ, മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ, തൃശൂർ കേരളവർമ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സായാഹ്ന പത്രമായിരുന്ന ‘സ്വതന്ത്രമണ്ഡപ’ത്തിന്റെ പത്രാധിപർ, ഗുരുവായൂർ ദേവസ്വത്തിന്റെ ‘ഭക്തപ്രിയ’ മാസിക പത്രാധിപസമിതി അംഗം എന്നി നിലകളിലും പ്രവർത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS