ADVERTISEMENT

തിരുവനന്തപുരം ∙ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന‍ സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് നിയമസഭാ ചോദ്യത്തിനു രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകി. ദുബായ് യാത്രയിൽ എടുക്കാൻ മറന്ന ബാഗേജ്, പിന്നീട് യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം എത്തിച്ചു നൽകിയിരുന്നോ എന്നായിരുന്നു കോൺഗ്രസ് എംഎൽഎമാരുടെ ചോദ്യം. ഇതിനാണ് ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്.

2016ലെ ദുബായ് യാത്രയിൽ മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും കോൺസുലേറ്റിലെ ഉദ്യോഗസ്ഥനാണ് അത് എത്തിച്ചു നൽകിയതെന്നും സ്കാനിങ്ങിൽ അതിലുള്ളതു കറൻസിയാണെന്നു മനസ്സിലായെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനവേളയിൽ ശിവശങ്കറിന്റെ നിർദേശപ്രകാരം കറൻസി കടത്തിയതായി സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്ത് മുൻപു മൊഴി നൽകിയിരുന്നു. അതാണ് സ്വപ്ന ആവർത്തിച്ചത്.

സ്വപ്ന പറഞ്ഞത് ഇങ്ങനെ:

‘‘മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ആദ്യമായി വിളിക്കുന്നത് 2016ലെ മുഖ്യമന്ത്രിയുടെ ദുബായ് യാത്രാവേളയിലാണ്. മുഖ്യമന്ത്രിയുടെ ഒരു ബാഗ് മറന്നുപോയെന്നും അത് എത്രയും വേഗം ദുബായിൽ എത്തിച്ചുതരണമെന്നും അവിടെയുണ്ടായിരുന്ന ശിവശങ്കർ പറഞ്ഞു. അഹമ്മദ് അൽ ദൗഖിയെന്ന ഉദ്യോഗസ്ഥന്റെ പക്കലാണു കൊടുത്തുവിട്ടത്. ആ ബാഗ് ദുബായിലേക്കു കൊണ്ടുപോകുംമുൻപ് കോൺസുലേറ്റിൽ എത്തിച്ചപ്പോൾ നടത്തിയ സ്കാനിങ്ങിൽ അതിലുള്ളതു കറൻസിയാണെന്നു മനസ്സിലായി.’’

സരിത്തിന്റെ മൊഴി:

‘‘മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടശേഷം സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ഹരികൃഷ്ണൻ ഫോണിൽ വിളിച്ച് ഒരു പൊതി കൊണ്ടുപോകാൻ മറന്നതായി അറിയിച്ചു. ഇക്കാര്യം സ്വപ്നയെ അറിയിച്ചപ്പോൾ ശിവശങ്കർതന്നെ ഇതു കോൺസൽ ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും പൊതി പ്രോട്ടോക്കോൾ ഓഫിസിൽനിന്നു കൈപ്പറ്റണമെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഓഫിസിൽ ഹരികൃഷ്ണൻ തന്ന പൊതി കോൺസുലേറ്റിൽ തിരികെയെത്തി സ്കാൻ ചെയ്തപ്പോഴാണു നോട്ടുകെട്ടുകൾ കണ്ടെത്തിയത്. കോൺസുലേറ്റിലുണ്ടായിരുന്ന ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ദൗഖിയാണ് ഇതു ദുബായിൽ എത്തിച്ചത്.’’

English Summary: CM Pinarayi Vijayan Reply on Question on Baggage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com