ADVERTISEMENT

കൊച്ചി∙ ഗൂഢാലോചനക്കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയെന്ന് ആരോപിച്ച് നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾക്കു പുറമേ, വ്യാജ രേഖ ഉണ്ടാക്കിയെന്നതടക്കം പുതിയ മൂന്നു വകുപ്പുകൾ കൂടി ചുമത്തിയെന്ന് ആരോപിച്ചാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ അറസ്റ്റു ചെയ്യാൻ വേണ്ടിയാണ് പുതിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നതെന്നാണ് സ്വപ്നയുടെ ആരോപണം.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന നടത്തിയ പുതിയ ആരോപണത്തിനു പിന്നില്‍ ഗൂ‍ഢാലോചനയാണെന്ന് ആരോപിച്ച് മുൻമന്ത്രി ജെ.ടി.ജലീൽ ആണ് സ്വപ്ന സുരേഷിനും പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനും എതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഈ കേസിൽ ആദ്യം മുൻകൂർ ജാമ്യത്തിനായി സ്വപ്ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് കാണിച്ച് കോടതി ജാമ്യാപേക്ഷ തള്ളി. ഇതേത്തുടർന്നാണ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകിയത്.

അതേസമയം, തനിക്ക് കേന്ദ്ര ഏജൻസികളുടെ സുരക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി പരിഗണിക്കുന്നത് എറണാകുളം ജില്ലാ കോടതി ജൂൺ 29ലേക്ക് മാറ്റി. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കോടതിയിൽ രഹസ്യമൊഴി നൽകിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തന്നെ തെരുവില്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിച്ചത്.

English Summary: Conspiracy Case: Swapna Suresh approaches High Court for anticipatory bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com