ADVERTISEMENT

ഗുവാഹത്തി∙ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വടംവലി തുടരുമ്പോൾ വിമത ക്യാംപിൽ പൊടിപൊടിച്ച് പിറന്നാൾ ആഘോഷം. മഹാരാഷ്ട്രയിലെ ഭണ്ഡാര എംഎൽഎ നരേന്ദ്ര ഭോണ്ടേക്കറുടെ ജന്മദിനമാണ് ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയും മറ്റ് എംഎൽഎമാരും ചേർന്ന് ആഘോഷിച്ചത്. വിമത എംഎൽഎമാർ താമസിക്കുന്ന ഗുവാഹത്തിയിലെ ഹോട്ടൽമുറിയിൽ നടന്ന കേക്ക് മുറിച്ചുള്ള പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ സോഷ്യൽമിഡിയയിൽ പ്രചരിക്കുന്നുണ്ട്. നരേന്ദ്ര ഭോണ്ടേക്കർ, ആശംസകൾ നേർന്ന ഷിൻഡെയുടെ കാൽതൊട്ട് വന്ദിക്കുന്നതും വിഡിയോയിൽ കാണാം.

ശിവസേനയുടെ ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ ഉദയ് സമന്ത് കഴിഞ്ഞ ദിവസം ഷിൻഡെ പക്ഷത്ത് എത്തിയിരുന്നു. ഇതോടെ ഏക്നാഥ് ഷിൻഡെയുടെ വിമതക്യാംപിൽ എത്തിയ മന്ത്രിമാരുടെ എണ്ണം 8 ആയി. അതേസമയം, 20 വിമത എംഎൽഎമാരുമായി അനുനയ നീക്കം നടക്കുന്നതായി ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് എംപി അറിയിച്ചിരുന്നു. അനുനയിപ്പിച്ച് ഉദ്ധവ് താക്കറെ ക്യാംപിലെത്തിക്കാനാണ് നീക്കം. വിമതർ ക്യാംപ് ചെയ്യുന്ന ഗുവാഹത്തിയിലെ ഹോട്ടലിൽ ക്യാംപ് ചെയ്യാൻ ഉദ്ധവ് താക്കറെ പക്ഷത്തിനു പദ്ധതിയുണ്ടെന്നും ഇവിടെ മുറി ബുക്ക് ചെയ്യാൻ ശിവസേനാ നേതാക്കൾ ഹോട്ടൽ അധികൃതർക്ക് ഇ–മെയിൽ സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

എംഎൽഎ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ വിമത എംഎൽഎമാരെ ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. ഏക്നാഥ് ഷിൻഡെ, ഗുലാബ്റാവു പാട്ടീൽ, ദാദ ഭൂസ്, ശംഭുരാജ് ദേശായ്, അബ്‌ദുൾ സത്താർ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമാകാനാണ് സാധ്യത. ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചിരുന്നു.

English Summary: Rebel Shiv Sena MLA's Birthday Celebrated; Eknath Shinde Present

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com