ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ മാധ്യമ വിലക്കില്ലെന്ന് സ്പീക്കർ എം.ബി.രാജേഷ്. രാവിലെ ഉണ്ടായത് ചെറിയ ബുദ്ധിമുട്ടു മാത്രമാണ്, വിലക്കല്ല. സഭയിലെ പരിശോധന കർശനമാക്കാൻ വാച്ച് ആൻഡ് വാർഡിന് നിർദേശം കൊടുത്തിരുന്നു. അതിൽ വാച്ച് ആൻഡ് വാർഡിന് ആശയക്കുഴപ്പമുണ്ടായി. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ നടപടിയെടുത്തു. അത്തരം ബുദ്ധിമുട്ടുകൾ ഇനി ആവർത്തിക്കില്ല. പാസുള്ള എല്ലാ മാധ്യമപ്രവർത്തകർക്കും നേരത്തേയുള്ള എല്ലാ സ്വാതന്ത്ര്യവും സഭയിൽ ഉണ്ടായിരിക്കുമെന്നും സ്പീക്കർ പറ‍ഞ്ഞു. 

മാധ്യമ പ്രവർത്തകർക്ക് ആർക്കും പാസിനുള്ള അപേക്ഷ നിഷേധിച്ചിട്ടില്ല. പുതുക്കുന്നതുവരെ പഴയ പാസ് ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. പാസ് പരിശോധിക്കുന്നത് ഇത്തവണ കർശനമാക്കി. മുഖപരിചയമുണ്ടെങ്കിൽ സഭയ്ക്കുള്ളിലേക്കു കടത്തി വിടുന്ന സാഹചര്യം ഉണ്ടായിരുന്നു. അതു ചില കുഴപ്പങ്ങൾക്ക് ഇടയാക്കി. പരിശോധനയുടെ പേരിൽ മാധ്യമപ്രവർത്തകർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ലെന്നു നിർദേശം നൽകിയിട്ടുണ്ട്.

സഭയിലെ നടപടികൾ കാണിക്കാനാണ് സഭാ ടിവി. സഭാ നടപടികൾ കാണിക്കുക എന്നതു മാത്രമാണ് സഭാ ടിവിയുടെ ഉത്തരവാദിത്തം. ബഹളം കാണിക്കാറില്ല. പാർലമെന്റിലെ രീതികളാണ് ഇവിടെയും മാതൃകയാക്കുന്നത്. ലിസ്റ്റ് ചെയ്ത നടപടികൾ മാത്രമേ സഭാ ടിവിയിൽ കാണിക്കൂ. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം സഭാ ടിവി കാണിച്ചില്ല. മൈക്ക് ആവശ്യപ്പെടുന്നവരെയും സ്പീക്കറെയുമാണ് ടിവിയിൽ കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെടാത്തതിനാലാണ് അദ്ദേഹത്തെ കാണിക്കാത്തത്. 

എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മർദത്തിനു വഴങ്ങാൻ കഴിയില്ല. എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന് ആഗ്രഹിച്ചാലും സ്പീക്കർക്ക് അതിനു കഴിയില്ല. ചട്ടങ്ങൾ അതിന് അനുവദിക്കുന്നില്ല എന്നതാണു കാരണം. സഭയിൽ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു. ദൃശ്യം പകർത്തിയത് പരിശോധിക്കും. പെരുമാറ്റച്ചട്ടം മാധ്യമങ്ങൾക്കും ബാധകമാണെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം, ഇതുവരെ കേട്ടുകേൾവിയില്ലാത്ത മാധ്യമനിയന്ത്രണമാണ് ഇന്ന് ഏർപ്പെടുത്തിയതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. ഇതു ജനാധിപത്യ വിരുദ്ധമാണെന്നും അറിയാനുള്ള ജനങ്ങളുടെ അവകാശങ്ങളോടുള്ള നിഷേധവുമാണ്. മാധ്യമവിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിഷ്ണുനാഥ് സ്പീക്കർക്ക് കത്തു നൽകി.

English Summary: There was no media ban in Kerala Niyamasabha says Speaker MB Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com