ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട ദിവസം, എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ ഗ്രാമത്തിൽ വൈദ്യുതി എത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായി വാർത്തകൾ വന്നിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഇത് വൈദ്യുതി ഇല്ലാത്ത ഒരേയൊരു കുഗ്രാമമോ ഗ്രാമമോ അല്ല. ഇന്ത്യയിലെ നിരവധി വിദൂര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലെന്ന് സമ്മതിക്കുന്നതിൽ ലജ്ജയില്ല. ഇന്ത്യയിലെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ഇല്ലെന്ന് സമ്മതിക്കുന്നതിലും ലജ്ജിക്കുന്നില്ല. കഴിഞ്ഞ 75 വർഷമായി ഇന്ത്യ നേടിയത് തീർച്ചയായും ശ്രദ്ധേയമാണ്. എന്നാൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും അവശ്യ സേവനങ്ങൾ എത്തിക്കുന്നത് എല്ലായ്പ്പോഴും ‘പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്’. മുൻ സർക്കാരുകളുടെ പ്രവർത്തനം മാത്രമാണ് മോദി സർക്കാർ തുടരുന്നത്’– അദ്ദേഹം പറഞ്ഞു.

ജി7 ഉച്ചകോടിക്കായി ജർമനിയിലെത്തിയ പ്രധാനമന്ത്രി, മ്യൂണിക്കിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് വൈദ്യുതിയെക്കുറിച്ച് പരാമർശിച്ചത്. ‘ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും തുറസ്സായ മലമൂത്ര വിസർജന രഹിതമാണ്, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ട്, 99 ശതമാനം ഗ്രാമങ്ങളിലും പാചക ഇന്ധനമുണ്ട്. കഴിഞ്ഞ 2 വർഷമായി പാവപ്പെട്ട 80 കോടി പേർക്ക് സൗജന്യ റേഷൻ നൽകുന്നു’– പ്രധാനമന്ത്രി പറഞ്ഞു.

English Summary: "PM Modi Continuing Work Of Previous Governments": P Chidambaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com