ADVERTISEMENT

ന്യൂഡൽഹി∙ ശിവസേന വിമത എംഎൽഎമാർക്കു ഡപ്യൂട്ടി സ്പീക്കർ അയച്ച അയോഗ്യത നോട്ടിസിനു മറുപടി നൽകാൻ ജൂലൈ 12 വരെ സാവകാശം അനുവദിച്ച് സുപ്രീം കോടതി. അയോഗ്യരാക്കാതിരിക്കാൻ ഇന്നു വൈകുന്നേരത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ഡപ്യൂട്ടി സ്പീക്കർ നോട്ടിസ് നൽകിയിരുന്നത്. ഇതാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നീട്ടിയത്. വിമതപക്ഷത്തെ 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ വിമതനേതാവ് ഏക്നാഥ് ഷിൻഡെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജിയിൽ മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർക്കും ശിവസേന കക്ഷി നേതാക്കൾക്കും സുപ്രീം കോടതി നോട്ടിസ്  അയച്ചു. ഡപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാളിനും ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ് സുനിൽ പ്രഭു എന്നിവർക്കാണ് നോട്ടിസ്. കേന്ദ്രസർക്കാരിനും നോട്ടിസ് നൽകി. അഞ്ച് ദിവസത്തിനകം എതിർ സത്യവാങ്മൂലം നൽകണം. ജൂലൈ 11നു കേസ് വീണ്ടും പരിഗണിക്കും.

നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഷിൻഡെയെ മാറ്റി ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ഡപ്യൂട്ടി സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം തള്ളിയതും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഡപ്യൂട്ടി സ്പീക്കറെ നീക്കുന്നതിൽ തീരുമാനമാകുന്നതുവരെ എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്നായിരുന്നു ആവശ്യം. 

ഹർജിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വാദം ആരംഭിച്ചത്. എന്തുകൊണ്ടാണ് ഹൈക്കോടതിയെ ആദ്യം സമീപിക്കാത്തതെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പാർദ‌ിവാല എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സർക്കാർ സംവിധാനത്തെ ഭരണകക്ഷിയിലെ ന്യൂനപക്ഷ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്നും നിയമനടപടികൾ നടക്കുന്നതിൽ സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമല്ലെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ നീരജ് കിഷൻ കൗൾ പറഞ്ഞു.

വിമത എംഎൽഎമാരുടെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് മറ്റൊരു ഹർജിയും ഏക്നാഥ് ഷിൻഡെ സൂപ്രീം കോടതിയിൽ സമർപ്പിച്ചു. ശിവസേന എംപി സഞ്ജയ് റാവുത്തിന്റെ പരാമർശം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹർജി. വിമത എംഎൽഎമാർ ജീവിച്ചിരിക്കുന്ന ശവങ്ങളെപ്പോലെയാണെന്നു സഞ്ജയ് റാവുത്ത് ഞായറാഴ്ച പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് ആദ്യം ഹൈക്കോടതിയെ സമീപിക്കാത്തത് എന്നതിന് വിമതപക്ഷത്തിനു കാരണം ബോധിപ്പിക്കാനായില്ലെന്നു ശിവസേനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി കോടതിയിൽ പറഞ്ഞു. വിമത എംഎൽഎമാരുടെ അയോഗ്യത നോട്ടിസിൽ തീരുമാനമെടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. നിയമസഭാ നടപടികൾ മുടങ്ങുമ്പോൾ ജുഡീഷ്യൽ അവലോകനം നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Maharashtra Political Crisis : Supreme Court Hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com