ADVERTISEMENT

ന്യൂഡൽഹി∙ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ നിരയിലെ മറ്റു പ്രമുഖരും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ആർഎൽഡിയുടെ ജയന്ത് സിൻഹ, സിപിഎം നേതാവ് സീതാറാം യച്ചൂരി, തെലങ്കാന മന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) നേതാവുമായ കെ.ടി.രാമറാവു എന്നിവരും യശ്വന്ത് സിൻഹയ്ക്കൊപ്പം പാർലമെന്റ് ഹൗസിലെത്തി. 

ജൂൺ 28 മുതൽ സിൻഹ പ്രചരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മിക്ക സംസ്ഥാന തലസ്ഥാനങ്ങളിലും എത്തുമെന്ന് സിൻഹ അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലാകും ആദ്യ പ്രചാരണ പരിപാടികൾ. ചെന്നൈയിൽനിന്ന് ആരംഭിക്കുന്ന പ്രചാരണം കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷം  വടക്കേ ഇന്ത്യയിലേക്കു വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

പത്രിക സമർപ്പണത്തിനു തൊട്ടുമുൻപ് കെ.ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആർഎസ് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. . പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതു വൈകിപ്പിക്കുന്നതിനെതിരെ ടിആർഎസ് നേരത്ത രംഗത്തെത്തിയിരുന്നു. അവസാന നിമിഷം ടിആർഎസ് പിന്തുണയുമായി എത്തുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. എൻസിപി നേതാവ് ശരദ് പവാർ, നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, ബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരെ പരിഗണിച്ച ശേഷമാണ് യശ്വന്ത് സിൻഹയിലേക്ക് പ്രതിപക്ഷം എത്തിച്ചേർന്നത്.

English Summary : For Yashwant Sinha, Running For President, Opposition Out In Full Strength

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com