കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതി തള്ളി. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഏപ്രിൽ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്, മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കഴിഞ്ഞ വർഷം കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്നും കോടതി ആവശ്യം തള്ളിയിരുന്നു.
തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉയർത്തുന്നതെന്നും എല്ലാം കെട്ടിച്ചമച്ച കഥയാണെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു. പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന ദിലീപിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യം കോടതി തള്ളിയത്.
ദിലീപ് ജാമ്യത്തിൽ ഇറങ്ങി സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവായി പ്രോസിക്യൂഷൻ രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. മൊബൈൽ ഫോൺ സ്വകാര്യ ലാബിൽ പരിശോധനയ്ക്ക് എന്ന പേരിൽ അയച്ച് ദൃശ്യങ്ങൾ മായ്ച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. എന്നാൽ, ഗൂഢാലോചനക്കേസിലെ നിർണായക തെളിവായ ശബ്ദം റെക്കോർഡ് ചെയ്ത കംപ്യൂട്ടറോ ടാബോ ഹാജരാക്കാൻ സാധിക്കാതിരുന്നത് പ്രോസിക്യൂഷനു തിരിച്ചടിയായി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഗൂഢാലോചനക്കേസ് ഉയർന്നത് എന്നതിനാൽ ശബ്ദ രേഖകൾ റെക്കോർഡ് ചെയ്ത തീയതി പ്രധാനമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശബ്ദരേഖകളിൽ കൃത്രിമം നടത്തിയിട്ടില്ലെന്ന പ്രോസിക്യൂഷൻ വിശദീകരണം അംഗീകരിക്കാൻ കോടതി തയാറായില്ല. ഇതോടെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം കോടതി തള്ളിയത്.
English Summary: Court rejected prosecution's plea to cancel Dileep's bail