ADVERTISEMENT

കൊച്ചി / തൃശൂർ ∙ ട്രെയിൻ യാത്രയ്ക്കിടെ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതികളെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് അക്രമികൾ എന്ന വിവരമാണു പൊലീസിനു ലഭിച്ചിട്ടുള്ളത്. ഗവ. റെയിൽവേ പൊലീസിന്റെ (ജിആർപി) എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) എറണാകുളം, തൃശൂർ യൂണിറ്റുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിനിരയായത് 16 വയസ്സുള്ള പെൺകുട്ടിയാണ്. 

പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഒരു വിവരവും പൊലീസിൽ നിന്നു ലഭിച്ചില്ലെന്നു പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. ദലിതനായ തന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 10നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് ധർണ നടത്തും.

ആക്രമണം ശനിയാഴ്ച രാത്രിയിലെ ട്രെയിനിൽ

ഗുരുവായൂർ എക്സ്പ്രസിൽ ശനി രാത്രിയായിരുന്നു ആക്രമണം. തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്തിൽ നിന്നു കയറിയതായിരുന്നു തൃശൂർ കാര്യാട്ടുകര സ്വദേശികളായ പെൺകുട്ടിയും അച്ഛനും. മകളെ ഉപദ്രവിക്കുന്നതു ചോദ്യം ചെയ്ത അച്ഛനെ  ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ചതിന് മലപ്പുറം സ്വദേശി ഫൈസൽ എന്ന യാത്രക്കാരനെയും സംഘം ആക്രമിച്ചു.  ട്രെയിനിലെ ഗാർഡിനോട് ഇടപ്പള്ളിയിൽ വച്ചു തന്നെ പരാതിപ്പെട്ടെങ്കിലും തൃശൂരിലെത്തുവോളം നടപടിയെടുത്തില്ല.  ഇതിനിടെ പല സ്റ്റേഷനുകളിലായി പ്രതികൾ ഇറങ്ങിപ്പോവുകയും ചെയ്തു. ഒടുവിൽ പെൺകുട്ടിയുടെ അച്ഛൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടു. 

പ്രതികൾ ഇറങ്ങിയ സ്റ്റേഷനിലെ ദൃശ്യമില്ല

എറണാകുളം സൗത്ത്, നോർത്ത്, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ, പ്രതികൾ ഇറങ്ങിപ്പോയെന്നു സംശയിക്കുന്ന അങ്കമാലി, കല്ലേറ്റു‌ംകര, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളിൽ സിസിടിവിയില്ല.  പ്രതികളുടെ ദൃശ്യങ്ങൾ കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി കൂടി പരിശോധിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.  അക്രമം തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫൈസലിന്റെ മൊഴിയെടുത്തിട്ടുണ്ട്. അക്രമത്തിനിടെ പെൺകുട്ടി സ്വന്തം മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എറണാകുളം റെയിൽവേ സിഐ ക്രിസ്പിൻ സാമിനാണ് അന്വേഷണച്ചുമതല.

പരാതിപ്പെട്ടിട്ടും ഗാർഡ് കേട്ടില്ല

പരാതിക്കാർ ഗാർഡിനോടു സഹായം അഭ്യർഥിച്ചിട്ടും പൊലീസ് സേവനം ലഭിച്ചില്ലെന്നതു ആർപിഎഫിനും റെയിൽവേയ്ക്കും നാണക്കേടായി. ഗാർഡിന്റെ സഹായം ലഭിച്ചില്ലെന്ന മൊഴി പെൺകുട്ടിയും പിതാവും ജിആർപിക്കു നൽകിയിട്ടുണ്ട്. ഗാർഡ് അക്രമവിവരം ജിആർപി ഉദ്യോഗസ്ഥരെയോ കൺട്രോൾ റൂമിലോ അറിയിച്ചില്ലെന്നതു ജിആർപി ഉന്നത ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നു. എന്നാൽ, ചാലക്കുടിയിൽ വച്ചാണു പെൺകുട്ടി ആദ്യം പരാതി പറഞ്ഞതെന്നും തുടർന്ന് ആർപിഎഫ് സേവനം ലഭ്യമാകുക തൃശൂർ സ്റ്റേഷനിലായതിനാൽ അവിടെ വിവരം അറിയിക്കുകയായിരുന്നു എന്നുമാണു ഗാർഡ് നൽകിയിട്ടുള്ള വിശദീകരണം.

റെയിൽവേ യാത്രയിൽ സഹായം

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാൻ ടോൾ ഫ്രീ നമ്പർ 139. റെയിൽവേ സുരക്ഷാ സേനയുടെ (ആർപിഎഫ്) സേവനം ലഭ്യമാകും. റിസർവ്ഡ് കോച്ചുകളിലാണു യാത്രയെങ്കിൽ സഹായത്തിനായി ടിടിഇയെയോ ഗാർഡിനെയോ ബന്ധപ്പെടാം. സ്റ്റേഷനുകളിലുള്ള കേരള റെയിൽവേ പൊലീസിന്റെ സഹായവും തേടാം. കേരള റെയിൽവേ പൊലീസിന്റെ ടോൾ ഫ്രീ നമ്പർ 112. രാത്രിയിൽ ദീർഘദൂര ട്രെയിനുകളിൽ കേരള റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും സേവനം ലഭ്യമാണ്.

English Summary: Culprit identified in attack against woman in Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com