ADVERTISEMENT

കോഴിക്കോട് ∙ ഇടതു രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച മുൻ മന്ത്രിയും സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മഞ്ചേരിയിലെ മകളുടെ വീട്ടിൽ.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി മഞ്ചേരിയിലെ മകളുടെ വീട്ടിലായിരുന്നു താമസം. മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. ഭാര്യ ഭവാനി അമ്മ 2003 ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻ നായർ (മഞ്ചേരി).

മലമ്പുഴ മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നു തവണ വിജയിച്ച് നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയായി. 1987ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യ തവണ തന്നെ മന്ത്രിയാകാനും ഭാഗ്യം ലഭിച്ചു. 1987–1991, 1991–1996, 1996–2001 കാലഘട്ടങ്ങളിൽ നിയമസഭയിൽ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 1996ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചു.

1932 ജൂൺ 14നാണ് ടി.ശിവദാസ മേനോന്റെ ജനനം. സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിനു നടത്തിയ കർശന ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കു നയിച്ചത്. അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം, ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാർട്ടിയുടെ കരുത്തായി.

നേരത്തേ മണ്ണാർക്കാട്ടെ കെടിഎം ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. പിന്നീട് ഇതേ സ്കൂളിൽ പ്രധാനാധ്യാപകനായും ജോലി ചെയ്തു. ഇതിനു ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയിലും കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റിലും അംഗമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജനൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെപിടിയു) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

English Summary: Former Kerala Minister T Sivadasa Menon Dies At 90

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com