കരീബിയൻ ദ്വീപസമൂഹങ്ങൾ, മധ്യ അമേരിക്ക, മെക്സിക്കോ എന്നിവയ്ക്കു പുറമേ തെക്കേ അമേരിക്കൻ ഭൂഖണ്ഡം മുഴുവനും ചേർത്താണു ലാറ്റിൻ അമേരിക്ക എന്നു നാം പറയുന്നത്. വിസ്തൃതമായ ഈ മേഖലയിൽ ജനങ്ങൾ പൊതുവായി പങ്കിടുന്ന ചരിത്രം, പതിനഞ്ചാം നൂറ്റാണ്ടു മുതൽക്കുള്ള വൈദേശിക ആക്രമണങ്ങളുടെയും കോളനിവാഴ്ചയുടെയും തിക്താനുഭവങ്ങളാണ്. സ്വേച്ഛാധിപത്യങ്ങൾക്കെതിരെ ധീരമായി ചെറുത്തുനിന്ന സമരചരിത്രവും അവർ പങ്കിടുന്നു. പക്ഷേ ഇന്നു ലോകത്ത് ഏറ്റവും സാമ്പത്തിക അസമത്വം നിലനിൽക്കുന്ന മേഖലകളിലൊന്നായി തുടരുകയാണ് ലാറ്റിൻ അമേരിക്ക. ഭൂമിശാസ്ത്രപരമായി മധ്യ-വടക്കേ അമേരിക്കയുടെ ഭാഗമാണു മെക്സിക്കോ, കോസ്റ്ററിക്ക, ഗ്വാട്ടിമാല, നിക്കരാഗ്വ, പാനമ തുടങ്ങിയ രാജ്യങ്ങൾ. തെക്കേ അമേരിക്കയിലെ പ്രധാന രാജ്യങ്ങളിൽ അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലെ, കൊളംബിയ, ഇക്വഡോർ, പരാഗ്വായ്, പെറു, യുറുഗ്വായ്, വെനസ്വേല എന്നിവ ഉൾപ്പെടുന്നു. കരീബിയൻ ദ്വീപുരാജ്യങ്ങളിൽ ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയവയും. കോവിഡ് അനന്തര ലോകത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികളാണു വിവിധ രാജ്യങ്ങൾ നേരിടുന്നത്. ശ്രീലങ്ക കടക്കെണിയുടെ ഭാരത്താൽ നിലംപരിശായി. വികസിത രാജ്യങ്ങളും ഇന്ധനവിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളിൽ വലയുകയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും സംഘടിത കുറ്റകൃത്യങ്ങളും പെരുകി. ഭരണഅഴിമതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും നിരക്ഷരതയും സ്ത്രീപീഡനങ്ങളും ഇളവില്ലാതെ തുടരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന ബാങ്ക് പലിശ നിരക്ക് ലാറ്റിൻ അമേരിക്കയിലാണെന്നും ഒരു പഠനം പറയുന്നു. ഈ സാഹചര്യത്തിലാണു സാമൂഹികനീതിയും സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ ജനങ്ങൾ പിന്തുണയ്ക്കുന്നത്.
HIGHLIGHTS
- എന്തുകൊണ്ട് ലാറ്റിൻ അമേരിക്ക വീണ്ടും ഇടത്തോട്ടു ചായുന്നു?
- ലാറ്റിൻ അമേരിക്കയിലെ നവ ഇടതു തരംഗം ആ ജനതയെ രക്ഷിക്കുമോ?
- ഭൂഖണ്ഡത്തിലെ സാമ്പത്തികനിലയെ കൂടുതൽ കുഴപ്പത്തിലാക്കി വിദേശകടങ്ങൾ
- ലാറ്റിൻ അമേരിക്കയിലെ ചൈനീസ് സ്വാധീനം അമേരിക്കയുടെ ഉറക്കം കെടുത്തുമോ?