ADVERTISEMENT

മുംബൈ∙ ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ ഉടൻ തന്നെ മുംബൈയിൽ തിരിച്ചെത്തുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി മുന്നോട്ടുപോയേക്കുമെന്നു സൂചന. മഹാരാഷ്ട്രയിൽ ജൂലൈ 11 വരെ വിശ്വാസവോട്ടെടുപ്പു തടയണമെന്ന മഹാ വികാസ് അഘാഡി (എൻസിപി–ശിവസേന–കോൺഗ്രസ്) സർക്കാരിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വിമതർക്ക് അയോഗ്യതാ നോട്ടിസിനു മറുപടി നൽകാൻ ജൂലൈ 12 വൈകിട്ട് 5.30 വരെ സുപ്രീം കോടതി സമയം അനുവദിച്ചതോടെ തിരക്കിട്ട് അയോഗ്യതാ നടപടി ഉണ്ടാകില്ലെന്നതും വിമതപക്ഷത്തിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്. 

വരും ദിവസങ്ങളിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ മുൻനിർത്തി വിമത വിഭാഗവും ബിജെപിയും നീക്കങ്ങൾ നടത്തിയേക്കും. ഉദ്ധവിനോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടേക്കാം. സർക്കാരിനുള്ള പിന്തുണ വിമതർ പിൻവലിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. പുതിയ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ബിജെപി കോർകമ്മിറ്റിയോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച മുംബൈയിൽ എത്താൻ സംസ്ഥാന നേതൃത്വം ബിജെപി എംഎൽഎമാരോടും സ്വതന്ത്രരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏക്നാഥ് ഷിൻഡെ വൈകാതെ മുംബൈയിൽ തിരിച്ചെത്തി അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയേക്കുമെന്നു മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഉദ്ധവിനോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ തന്നെ ആവശ്യപ്പെടാവുന്ന സാഹചര്യവും നിലവിൽ ഉണ്ട്. കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകുകയാണെങ്കിൽ അടുത്ത ശനിയാഴ്‍ചയോ ഞായറാഴ്ചയോ പുതിയ സർക്കാർ അധികാരത്തിൽ വന്നേക്കുമെന്ന് മുതിർന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂലൈ 11 മുൻപ് തന്നെ ബിജെപി  നിർണായക നീക്കം നടത്തിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. അതിനിടെ ഇന്ന് തന്നെ മുംബൈയിൽ എത്തി തുടർനടപടികൾ സ്വീകരിക്കുമെന്നു ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു. ഇതുവരെ ഗുവാഹത്തിയിൽ തുടർന്നത് ശിവസേനയുടെ ആശയങ്ങൾ ബലികഴിച്ചു കൊണ്ട് ചിലർ നടത്തിയ നാടകം കണ്ട് മനംമടുത്തത് കൊണ്ട് മാത്രമാണ്. ഇന്ന് തന്നെ മുംബൈയിൽ തിരിച്ചെത്തും– ഏക്നാഥ് ഷിൻഡെ പറഞ്ഞു. 

ഗവര്‍ണര്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്. ഭരണപ്രതിസന്ധി ഉടയെടുത്ത ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രമേയങ്ങളുടെയും സര്‍ക്കുലറുകളുടെയും വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. തിരക്കിട്ട് ഉത്തരവുകള്‍ ഇറക്കിയത് പരിശോധിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.

1248-bhagat-singh-koshyari-devendra-fadnavis
മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്(ഫയൽ ചിത്രം:Photo by Indranil MUKHERJEE / AFP)

ഇതിനിടെ പ്രോടെം സ്പീക്കറെ നിയമിക്കാൻ ബിജെപി  ഗവർണർ ഭഗത് സിങ് കോഷിയാരിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും  നിലവിൽ ഉണ്ട്. മഹാരാഷ്ട്രയിൽ നിയമസഭാ സ്പീക്കറുടെ കസേര ഒഴിഞ്ഞുകിടക്കുന്നതു കൊണ്ടാണു ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ (എൻസിപി) ചുമതലകൾ വഹിക്കുന്നത്. 2019ൽ മഹാ വികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാർ ചുമതലയേറ്റപ്പോൾ ഇപ്പോഴത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെയായിരുന്നു സ്പീക്കർ. 2020 ഫെബ്രുവരിയിൽ പാർട്ടി പദവി ഏറ്റെടുക്കാൻ അദ്ദേഹം രാജിവച്ചു. കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് വൈകി. 

ലോക്ഡൗണിനു ശേഷം സ്പീക്കർ തിരഞ്ഞെടുപ്പിന് പലവട്ടം അനുമതി തേടിയെങ്കിലും ഗവർണർ സമ്മതിക്കാഞ്ഞത് വിവാദമായിരുന്നു.  നർഹരി സിർവാൾ സ്പീക്കറുടെ ചുമതല നിർവഹിച്ചാലുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനാണ് ബിജെപിയുടെ നിലവിലെ നീക്കം. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് വിമതപക്ഷം ഗവർണറെ സമീപിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും ജൂലൈ ആദ്യവാരം നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 175(2) പ്രകാരം ഗവർണർക്ക് സഭ വിളിക്കാനും സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസവോട്ടെടുപ്പ് നടത്താനും അധികാരമുണ്ട്. 

നേരത്തേ ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ച രാജ് താക്കറെയുമായി വിമതർ കൈകോർക്കുമെന്നാണ് സൂചന. പ്രത്യേക ശിവസേനാ വിഭാഗമായി വിമതർക്കു നിൽക്കാനാവില്ലെന്ന നിയമോപദേശത്തെ തുടർന്നാണു നീക്കമെന്നാണു വിവരം. ശിവസേനാ സ്ഥാപകനും ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ സഹോദരന്റെ മകനാണു രാജ്. ശിവസേനക്കാലം മുതൽ സുഹൃത്തായ രാജുമായി ചേർന്നാൽ താക്കറെ വികാരം നിലനിർത്താനാകുമെന്നാണു ഷിൻഡെയുടെ കണക്കുകൂട്ടൽ. ബിജെപിയുമായി ഒത്തുപോകാനുള്ള ശ്രമത്തിലാണ് ഒരു എംഎൽഎ മാത്രമുള്ള നവനിർമാൺ സേന. ആകെയുള്ള 55 ശിവസേന എംഎൽഎമാരിൽ 39 പേർ (ഒപ്പം 9 സ്വതന്ത്രരും) വിമത ക്യാംപിൽ ഉണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. നിയമനടപടികളിലേക്കു കടന്നതിനു ശേഷം മുംബൈയിലേക്ക്‌ പോകാനും വളരെ വേഗത്തിൽ സർക്കാർ രൂപീകരണത്തിന്‌ അവകാശം ഉന്നയിക്കാനും ഇന്നലെ വിമതരുടെ യോഗത്തിൽ തീരുമാനമായിരുന്നു. 

English Summary: Maharashtra: Floor Test Soon, BJP Likely to Form Govt with Shinde Camp, Say Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com