ADVERTISEMENT

ന്യൂഡൽഹി∙ ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ഓർട്ട് ന്യൂസിന്റെ സഹ– സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കനത്ത പ്രതിഷേധം. ബിജെപിയുടെ വ്യാജ വാർത്താ ഫാക്ടറി ഒരോ ദിവസവും  പുറത്തുകൊണ്ടുവന്ന മികച്ച മാധ്യമപ്രവർത്തകനായ സുബൈറിന്റെ അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പടുത്തുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഓബ്രിയാൻ ട്വിറ്റ് ചെയ്തു. എല്ലാ അധികാരവും കയ്യാളുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടിസ്ഥാനപരമായി ഭീരുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിബുമാരെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ഡൽഹി പൊലീസ് അവരുടെ നട്ടെല്ല് വളയ്ക്കുകയാണെന്ന് തൃണമൂൽ എംപി മഹുവ മോയ്ത്ര ട്വീറ്റ് ചെയ്തു. 

വിദ്വേഷ പ്രസംഗം നടത്തുന്നത് കുറ്റകരമല്ല, പക്ഷേ അത് റിപ്പോർട്ടു ചെയ്യുന്നതാണ് ഇവിടെ കുറ്റകരം അതിനാലാണ് സുബൈറിനെ അറസ്റ്റു ചെയ്തതെന്നും ആർജെഡി നേതാവ് മനോജ് ഝാ അഭിപ്രായപ്പെട്ടു. തെലങ്കാന രാഷ്ട്ര സമിതിയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും സുബൈറിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പടുത്തി.

സുബൈറിന്റെ അറസ്റ്റ് അസ്വസ്ഥയുളവാക്കുന്ന ഒന്നാണെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ ദ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. സുബൈറും അദ്ദേഹത്തിന്റ വെബ്സൈറ്റായ ഓൾട്ട് ന്യൂസും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വ്യാജ വാർത്തകൾ കണ്ടത്തുന്നതിലും തെറ്റായ പ്രചാരണങ്ങളെ ചെറുക്കുന്നതിലും വസ്തുനിഷ്ഠാപരമായി വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹത്തെ അറസ്റ്റു ചെയ്തത് പ്രതിഷേധാർഹമാണെന്നുമാണ് എഡിറ്റേഴ്സ് ഗിൽഡ് പ്രതികരിച്ചത്. 

അതിനിടെ സുബൈറിനതിരെ ഒരാഴ്ച മുൻപ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോർട്ട്. ഡൽഹി പൊലീസിന്റെ സൈബർ യൂണിറ്റാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലിനു കീഴിലുള്ള ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്റ്റാറ്റർജിക് ഓഫറേഷൻസ് സെല്ലി (ഐഎഫ്എസ്ഒ)ലെ സബ് ഇൻസ്പെക്ടർ അരുൺ കുമാറാണ് സുബൈറിനെതിരെ പരാതി നൽകിയത്. അരുണിന്റെ പരാതി കണക്കിലെടുത്ത് ഇന്ത്യൻ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് ജൂൺ 20ന് സുബൈറിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലിൽ അടിയന്തര വിഭാഗത്തിൽ പ്രവർത്തിക്കുമ്പോഴാണ് മതവികാരം വ്രണപ്പടുത്തുന്ന തരത്തിലുള്ള ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതെന്നും ഇത് സമൂഹമാധ്യമത്തിൽ ഏറെ പ്രതിഷേധം സൃഷ്ടിക്കുന്നതായി കണ്ടെതെന്നും എഫ്ഐആറിൽ പറയുന്നു. 

എന്നാൽ, 2020 ൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പൊലീസ് സുബൈറിനെ വിളിച്ചതെന്നും ഈ കേസിൽ ഡൽഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുള്ളതാണെന്നും ഓൾട്ട് ന്യൂസ് സ്ഥാപകാംഗമായ പ്രതീക് സിൻഹ ട്വിറ്ററിൽ കുറിച്ചു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വേണ്ടത്ര തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ് വ്യക്തമാക്കിയത്. 

അറസ്റ്റിനെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ രംഗത്തെത്തിയിരുന്നു. ‘ബിജെപിയുടെ വിദ്വേഷസമീപനവും കള്ളവും പുറത്തുകൊണ്ടുവരുന്നത് ആരായാലും അവർക്ക് ഭീഷണിയാണ്. സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താലും ആയിരം ശബ്ദങ്ങൾ ഉയർന്നു വരും’– രാഹുൽ ട്വീറ്റ് ചെയ്തു.

English Summary : Opposition leaders slammed Prime Minister Narendra Modi and his government over Zubair's arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com