ADVERTISEMENT

ജയ്പുർ∙ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽകയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, രണ്ടു പ്രതികളെയും രാജ്‌സമന്ദിൽ നിന്ന് അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരാണ് അറസ്റ്റിലായത്. വസ്ത്രത്തിന് അളവെടുക്കാനെന്ന് വ്യാജേനയെത്തിയാണ് തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തിയത്. 

സംഭവത്തില്‍, സംഘർഷസാധ്യത കണക്കിലെടുത്ത് ഉദയ്പുർ ജില്ലയിൽ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. ജില്ലയിലെ ഏഴു മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധവുമായി പ്രദേശവാസികൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സ്ഥലത്തെ കടകൾ അടപ്പിച്ചു. കൂടുതൽ പൊലീസ് സേനയെ സ്ഥലത്തേക്ക് അയച്ചതായി രാജസ്ഥാൻ പൊലീസ് അറിയിച്ചു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെലോട്ട് സമാധാനത്തിന് ആഹ്വാനം ചെയ്തു. നടന്നത് ദുഃഖകരമായ സംഭവമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും സമാധാനവും സാമുദായിക സൗഹാർദവും നിലനിർത്താൻ അഭ്യർഥിക്കുന്നതായും രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ട്വീറ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയെന്നും ഗവർണർ പറഞ്ഞു. സംഭവത്തെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി അപലപിച്ചു. സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന‌ും ആവശ്യപ്പെട്ടു.

ഉദയ്പുരിലെ മാൽദയിൽ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് കനയ്യ ലാല്‍ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരില്‍ രണ്ടുപേർ കനയ്യയുടെ തയ്യൽ കടയിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വിഡിയോയും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. 

English Summary: Udaipur tension: Internet services suspended; 600 additional forces rushed to Udaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com