ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സോളർ കേസിൽ സരിതയുടെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുപോലെ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിന്റെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോയെന്ന് സതീശൻ ചോദിച്ചു. അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്തു കേസിനു വിശ്വാസ്യതയുണ്ടാക്കിയത് സർക്കാരിന്റെ വെപ്രാളമാണെന്നു വി.ഡി.സതീശൻ പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ നിയമപരമായി പരാതി കൊടുക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. പകരം, നിയമവിരുദ്ധമായ കാര്യങ്ങളുടെ പുറകേ പോകുകയാണ്. സ്വപ്നയുടെ സുഹൃത്തും കൂട്ടുപ്രതിയുമായ സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടുപോയി. രണ്ട് എഡിജിപിമാർ പൊലീസ് ക്ലബ്ബിൽ മൂന്നു മണിക്കൂർ ഷാജ് കിരണുമായി സംസാരിച്ചു. മടിയിൽ കനമില്ലെങ്കിൽ എന്തിന് ഇടനിലക്കാരെ പറഞ്ഞുവിട്ടു. ഷാജ് കിരണിനെ എന്തുകൊണ്ട് അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ല?. നിങ്ങൾ നിയമപരമായി നേരിട്ടെങ്കിൽ പ്രതിപക്ഷം ഇത്രയും പ്രശ്നമുണ്ടാക്കില്ലായിരുന്നു.

അനുഭവങ്ങൾ വെളിപ്പെടുത്താൻ ശിവശങ്കറിന് അനുവാദം കൊടുത്ത സർക്കാർ മൊഴി വെളിപ്പെടുത്തിയതിനു സ്വപ്നയ്ക്കെതിരെ കേസെടുത്തെന്നും വി.ഡി.സതീശൻ പറഞ്ഞു. ശിവശങ്കർ പുസ്തകം എഴുതിയപ്പോൾ നടപടിയില്ല. ശിവശങ്കർ എഴുതിയത് നിങ്ങൾക്ക് സ്വീകാര്യം. ശിവശങ്കറിനെ വെള്ളപൂശി കൂടെ നിർത്തി. ശിവശങ്കറിനും സ്വപ്നയ്ക്കും രണ്ടുനീതിയാണ്. നിരപരാധിത്വം തെളിയിക്കാൻ നിയമപരമായി അവസരമുള്ളപ്പോൾ എന്തിനാണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്ന് വി.ഡി.സതീശൻ ചോദിച്ചു. കാലം കണക്കുചോദിക്കാതെ പോവില്ലെന്നും സതീശൻ പറഞ്ഞു.

സ്വർണക്കടത്തു കേസിൽ അന്വേഷണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണം എതിരായപ്പോൾ ജുഡീഷ്യൽ കമ്മിഷനെ വച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള കമ്മിഷനെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും കാലാവധി നീട്ടികൊടുത്തു. സ്വർണക്കടത്തു കേസിൽ അടിയന്തരപ്രമേയത്തിനു മുൻപ് ചർച്ചയ്ക്ക് അനുമതി നൽകാത്ത സർക്കാർ ഇപ്പോൾ അനുവാദം തരാൻ നിർബന്ധിതരായി. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി വൈകിട്ട് എങ്ങോട്ടാണ് പോയിരുന്നതെന്ന് മുഖ്യമന്ത്രി അന്വേഷിച്ചിട്ടുണ്ടോ എന്ന് സതീശൻ ചോദിച്ചു.

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജുമായി 29 അല്ല 32 വർഷത്തെ ബന്ധമുണ്ട്. ലോ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണ്. കൂടെ പഠിച്ചവനെ അറിയില്ലെന്നു പറയാൻ കഴിയുമോയെന്നും സതീശൻ ചോദിച്ചു.

English Summary: VD Satheesan on Swapna Suresh allegations in Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com