മണ്ണാർക്കാട്∙ പാലക്കാട് പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് മരിച്ചത്. അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 8.45 നാണ് സംഭവം.
കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ദീപികയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കൊടുവാളുമായി സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു.
ആളുകൾ എത്തിയതോടെ പുറത്ത് പോകാൻ അവിനാശ് നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ആംബുലൻസ് വിളിച്ച് ദീപികയെ നാട്ടുകാർ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് എത്തി അവിനാശിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്.
English Summary: Youth in custody for killing wife