ADVERTISEMENT

ഷ്ലോസ് എൽമോ (ജർമനി)∙ യുക്രെയ്‌നിലെ ജനവാസമേഖലകളെ ഉന്നമിട്ടു നടത്തുന്ന ആക്രമണങ്ങളിൽനിന്ന് റഷ്യ ഉടൻ തന്നെ പിന്തിരിയണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. റഷ്യയ്ക്കെതിരായ നടപടികളിൽ ലോകരാജ്യങ്ങൾ ഒരുമിച്ചു നിൽക്കണം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ ഇത്രയും മനുഷ്യത്വ രഹിതമായ ആക്രമണത്തിനു മുതിരുമായിരുന്നില്ലെന്നു ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബോറിസ് ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

നിരപരാധികളായ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി യുക്രെയ്‍നിനെ ഉൻമൂലനം ചെയ്യാനാണു പുട്ടിന്റെ ശ്രമം. പുട്ടിൻ ആണധികാര അഹന്തയുടെ പ്രതീകമാണ്. അധികാര സ്ഥാനങ്ങളിൽ സ്ത്രീകൾ കൂടുതലായി ഉയർന്നു വരണമെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗ സമത്വത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പുട്ടിൻ ഒരു സ്ത്രീ ആയിരുന്നെങ്കിൽ നിരപരാധികളെ കൊന്നൊടുക്കി വംശഹത്യ നടത്തുമായിരുന്നില്ലെന്നു ബോറിസ് ജോൺസൺ പ്രതികരിച്ചത്. 

റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യതകൾ അടച്ചിട്ടുവെന്നും ബോറിസൺ ജോൺസൺ കുറ്റപ്പെടുത്തി. യുക്രെയ്‍ൻ യുദ്ധത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളെ കുറിച്ചു ചർച്ച ചെയ്യാൻ നാറ്റോ രാജ്യങ്ങൾ യോഗം ചേരാനിരിക്കെയാണു ബോറിസ് ജോൺസന്റെ പ്രതികരണം. യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിലെ റഷ്യൻ മിസൈലാക്രമണത്തെ  ബോറിസ് ജോൺസൺ അപലപിച്ചു. ആക്രമണത്തെ ‘റഷ്യൻ കാടത്തം’ എന്നു വിളിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ സ്വർണത്തിന് ഉപരോധം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ജി7 കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള സ്വർണത്തിന്റെ ഇറക്കുമതി നിരോധിക്കാൻ തീരുമാനിച്ചിരുന്നു. പ്രകൃതിവാതകം കഴിഞ്ഞാൽ റഷ്യയുടെ ഏറ്റവും പ്രധാന കയറ്റുമതി സ്വർണമാണ്. 

1248-boris-johnson-biden
ജി7 ഉച്ചകോടിക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യുഎസ് പ്രസിഡന്റ് ജോ ബൈഡനും (Photo by Brendan SMIALOWSKI / AFP)

യുക്രെയ്നിനു കൂടുതൽ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും പ്രഖ്യാപിച്ചു. റഷ്യൻ കാടത്തത്തിനെതിരെ യുക്രെയ്‍ൻ പ്രതിരോധത്തെ സൈനികമായും സാമ്പത്തികമായും പിന്താങ്ങേണ്ടതുണ്ടെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു.  യുക്രെയ്ൻ യുദ്ധവും റഷ്യയ്ക്കെതിരായ ഉപരോധങ്ങളും സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നു കരകയറാനുള്ള മാർഗങ്ങളാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയായത്. യുഎസ്, യുകെ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. യൂറോപ്യൻ യൂണിയനും പങ്കാളിയാണ്. ഇന്ത്യ, യുക്രെയ്ൻ, ഇന്തൊനീഷ്യ, അർജന്റീന, ദക്ഷിണാഫ്രിക്ക, സെനഗൽ എന്നീ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളാണ്.

English Summary: Boris Johnson says if Putin were a woman he would not have invaded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com