ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രിക്കു പ്രതിരോധം തീർക്കാൻ പ്രചാരണ വാചകങ്ങൾ എഴുതിയ ഫ്ലെക്സുകൾ തലസ്ഥാനത്തെ തെരുവോരങ്ങളിൽ ഉയർത്തി പാർട്ടി. ജില്ലാ കമ്മിറ്റിയാണ് ഫ്ലെക്സ് ബോർഡുകളിൽ വരേണ്ട പ്രചാരണ വാചകങ്ങൾ താഴെതലത്തിലുളള കമ്മിറ്റികൾക്ക് നൽകിയത്. 

തിരുവനന്തപുരം ജില്ലാ കമ്മിറ്റി, വിവിധ ലോക്കൽ കമ്മിറ്റികൾ, സിപിഎം പോഷകസംഘടനകൾ തുടങ്ങിയവയുടെ പേരിലാണ് ഫ്ലെക്സുകൾ. ജില്ലാ കമ്മിറ്റി നിർദേശിക്കുന്ന പ്രചാരണ വാചകങ്ങളാകണം ഫ്ലെക്സുകളിൽ ഉപയോഗിക്കേണ്ടതെന്നും നിർദേശിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലും മറ്റും ഇത്തരത്തിൽ സ്ഥാപിച്ച ഫ്ലെക്സുകളിലെ വാചകങ്ങളാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ചില പ്രതിപക്ഷാംഗങ്ങൾ സർക്കാരിനെതിരെ ഉയർത്തിയതും.

ഫ്ലെക്സ് ബോർഡുകൾ ഏകീകൃത രൂപത്തിലുള്ളതാവണമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഫ്ലെക്സിൽ ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോകൾ ഏതാവണമെന്നും നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മാത്രമാണ് ഫ്ലെക്സുകളിൽ ഉപയോഗിച്ചത്. രണ്ടു വാചകങ്ങളാണ് പ്രചാരണത്തിനുള്ള ഫ്ലക്സിൽ പ്രധാനമായും ഉപയോഗിക്കാൻ ജില്ലാ കമ്മിറ്റികൾ കൈമാറിയത്. ‘രാഷ്ട്രീയ സൂര്യ തേജസിനെതിരെ നായ്ക്കളുടെ കൂട്ടക്കുര.’,  ‘ഇല്ലാ..തകർക്കാൻ പറ്റില്ല ഈ ചൈതന്യത്തെ’, ‘ മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ... ആ ഒരു ധൈര്യം തന്നെയാണ്  ഇതേവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. ഇനിയങ്ങോട്ടുമുള്ളത്. അവിടെ തന്നെയാണ് ഞാൻ നിൽക്കുന്നത്.’ ഇതിൽ രണ്ടാമത്തെ വാചകം മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന് എടുത്തതാണ്.

ഫ്ലെക്സുകളിലേക്ക് നൽകിയ ഒന്നാമത്തെ വാചകത്തിനെതിരെ പ്രാദേശിക ഘടകങ്ങളിൽ വിയോജിപ്പുണ്ടായെങ്കിലും ജില്ലാ കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ കർശന നിർദേശം. നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഫ്ലെക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോക്കൽ കമ്മിറ്റികൾക്ക് ഫ്ലെക്സുകൾ സ്ഥാപിക്കാൻ ക്വാട്ടയും നിശ്ചയിച്ചു. ‘നീയൊന്നും ഒരു ചുക്കും ചെയ്യില്ല, ഇവിടെ ഭരിക്കുന്നത് ഇടതു പക്ഷമാണ്’ എന്ന വാചകം ഉയർത്തിയ ഫെക്സും ചിലയിടങ്ങളിൽ കാണാം.

സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പ്രാദേശിക വിഷയങ്ങള്‍ ഉയർത്തിക്കാട്ടിയുള്ള സമരങ്ങൾ ശക്തിപ്പെടുത്താനും ലോക്കൽ കമ്മിറ്റികൾക്ക് നിർദേശം നൽകി. കൂടുതൽ ജനകീയ ഇടപെടൽ നടത്താനും ഭവന സന്ദർശനങ്ങൾ കാര്യക്ഷമമാക്കാനും നിർദേശമുണ്ട്. മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പ്രതിരോധം ശക്തിപ്പെടുത്താൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

ക്ലിഫ് ഹൗസിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായും കുടുംബവുമായും ചർച്ച ചെയ്തു നിരവധി കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടുണ്ടെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. മകളുടെ ബിസിനസ് ആവശ്യത്തിനായി മുഖ്യമന്ത്രി ഷാർജാ ഭരണാധികാരിയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.

English Summary: CPM launches Flex campaign to defend Swapna Suresh allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com