ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. ഇത് മടിയില്‍ കനമുള്ളത് കൊണ്ടാണോ?. സ്വര്‍ണക്കടത്ത്, കറന്‍സിക്കടത്ത് തുടങ്ങിയവയില്‍ ഹെക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിെഎ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. സ്വർണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കളവാണെങ്കില്‍ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ തയാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ്‌ കാണാതായ സംഭവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്. ബാഗേജ്‌ മറന്നു പോയിട്ടിലെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ, കസ്റ്റംസിനു നല്‍കിയ എം. ശിവശങ്കറിന്‍റെതായി പുറത്തു വന്ന മൊഴിയില്‍ അതിഥികൾക്കുള്ള ആറന്മുള കണ്ണാടി ഉള്‍പ്പെടെയുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ്‌ വിട്ടു പോയെന്നും കോൺസുൽ ജനറലിന്‍റെ സഹായത്തോടെ എത്തിച്ചു എന്നുമാണ്. എന്നാല്‍ ഇൗ വിഷയത്തില്‍ സ്വപ്ന പറഞ്ഞത് കോൺസുലേറ്റ് ജനറലിന്‍റെ സഹായത്തോടെ എത്തിച്ച ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്നാണ്. ഇതില്‍ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സ്വപ്നയെ സംരക്ഷിക്കുന്നത് ആര്‍എസ്എസ് ആണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ട് അവരുടെ രഹസ്യമൊഴിയെ കോടതിയില്‍ ചോദ്യം ചെയ്യുന്നില്ലെന്നും മറ്റുനിയമനടപടികള്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക് പോസ്റ്റിട്ടാല്‍ പോലും കേസെടുക്കുന്ന ഇൗ സര്‍ക്കാരിന്‍റെ കാലത്ത് ഗുരുതര സ്വഭാവമുള്ള രഹസ്യമൊഴി നല്‍കിയിട്ടും നിയമ നടപടി സ്വീകരിക്കാത്തത് വിചിത്രവും ദഹിക്കാത്തതുമാണ്.

ആരോപണം ഉന്നയിക്കുന്ന വ്യക്തിക്കെതിരെ വളഞ്ഞ വഴിയിലൂടെ പ്രതികാര നടപടിയെടുക്കുന്നതോടൊപ്പം ആ വ്യക്തിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതും സ്വയം രക്ഷപെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമായി ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ കുറ്റം പറയാനാകില്ല. നുണകള്‍കൊണ്ട് പ്രതിരോധ കോട്ട തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സ്വപ്നയുടെ രഹസ്യമൊഴി മാറ്റാന്‍ ശ്രമിച്ച ഇടനിലക്കാരന്‍ കെട്ടുക്കഥയാണെങ്കില്‍ വിജിലന്‍സിന്‍റെ അതീവ രഹസ്യനീക്കങ്ങള്‍ എങ്ങനെയാണ് ഇയാള്‍ മനസിലാക്കിയെന്നത് കേരളത്തോട് പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കുണ്ട്. 

സിപിഎമ്മിന് വാളയാറിന് അപ്പുറവും ഇപ്പുറവും വ്യത്യസ്ത നിലപാട് ഇല്ലാത്തതിനാലാണോ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹയെ വിമാനത്താവളത്തില്‍ വന്ന് സ്വീകരിക്കാനുള്ള മാന്യത മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാതിരുന്നത്. സിപിഎം ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്‍റെ പൊതുസമ്മതനായ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്താത്തതിന് പിന്നില്‍ മോദി ഫോബിയയാണെയെന്നും സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran against CM Pinarayi Vijayan on Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com