ADVERTISEMENT

മുംബൈ∙ രാഷ്ട്രീയ പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ പ്രമുഖ നഗരമായ ഔറംഗാബാദിന്റെ പേര് സംഭാജിനഗർ എന്നാക്കാനുള്ള തീരുമാനം അംഗീകരിച്ച് മഹാരാഷ്ട്ര മന്ത്രിസഭ. മറാത്താ പാരമ്പര്യത്തിന്റെ യഥാർഥ വക്താക്കളാണ് ശിവസേനയെന്നു തെളിയിക്കുന്നതിന്റെ ഭാഗമാണു ദീർഘനാളായുള്ള സേനയുടെ ആവശ്യം അംഗീകരിച്ച മന്ത്രിസഭ തീരുമാനം. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സംഭാജി. 

1681 മുതൽ 1689 വരെ മറാത്താ രാജാവംശത്തിലെ രാജാവായിരുന്നു സംഭാജി. ശിവാജിക്കു ശേഷം ആ രാജവംശത്തിലെ രണ്ടാമത്തെ ഛത്രപതി. സംഭാജിയുടെ കാലത്താണ് മുഗൾ രാജവംശവുമായുള്ള മറാത്തകളുടെ പോരാട്ടം ശക്തമായത്. 1687ലെ പോരാട്ടത്തിൽ മുഗളന്മാർ മറാത്ത രാജവംശത്തിനു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. സൈന്യം ശിഥിലമായി. 1689ൽ ഒറ്റു കൊടുക്കപ്പെട്ട സംഭാജി മുഗളന്മാരുടെ പിടിയിലായി. മുഗൾ രാജാവായിരുന്ന ഔറംഗസീബിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നും ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നു. 

സംഭാജിയെ വധിക്കാൻ നിർദേശം നൽകിയ ഔറംഗസീബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേരു നൽകിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത് ശിവസേനയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു. വിമത നേതാവ് ഏക്നാഥ് ഷിൻഡെ, ശിവസേന പ്രത്യേയശാസ്ത്രത്തിൽനിന്ന് വ്യതിചലിക്കുകയാണെന്ന ആരോപണം ഉയർത്തുന്ന സമയത്തു തന്നെ ഉദ്ധവ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് പ്രതിഷേധക്കാരുടെ വായടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 

ഔറംഗാബാദിനു പുറമേ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാറ്റും. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി.പാട്ടീൽ രാജ്യാന്തര വിമാനത്താവളം എന്നു പേരു നൽകാനും തീരുമാനിച്ചു.

English Summary : 2 Cities, Airport Renamed: Uddhav Thackeray's Moves As He Faces Vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com