ADVERTISEMENT

തിരുവനന്തപുരം∙ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്‌ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നുവെന്ന  മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി  മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണമാണ് ഇതെന്നും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നതാണെന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വൻ വിജയമെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് തുടർ പ്രതിപക്ഷമാകാനുള്ള കാരണങ്ങളിൽ ഒന്ന് ഇത്തരം പ്രചാരണങ്ങളാണ്. താൻ മത്സരിച്ച ബേപ്പൂരിൽ ഇത്തരം പ്രചാരണം സജീവമാക്കാനുള്ള ശ്രമം ഉണ്ടായിരുന്നുവെന്നും ചരിത്രവിജയമാണ് ബേപ്പൂരിൽ ഉണ്ടായതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

സ്വപ്ന സുരേഷിന് ഐടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ ജോലി ലഭിച്ചതു കൺസൽറ്റൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്സൈറ്റ് ‘ഡൗൺ’ ആയി. പിന്നീട് ‘അപ്’ ആയപ്പോൾ ഈ പരാമർശം നീക്കിയിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു. പിഡബ്ല്യുസി വഴിയാണു സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതു കൊണ്ടാണു മെന്റർ പരാമർശം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

പച്ചക്കള്ളമാണു പറയുന്നതെന്നും പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി തന്റെ മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചു.  സ്വർണക്കടത്ത് വിവാദം കത്തിനിൽക്കെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെയുള്ളവർ എക്സാലോജിക്കിന്റെ പേജില്‍ ജെയ്‌ക് മെന്ററാണെന്നു രേഖപ്പെടുത്തിയതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ജെയ്‌ക് ബാലകുമാറിന്റെ എക്സാലോജിക്കുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടാണു പ്രചരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കുഴൽനാടൻ പറഞ്ഞു.

English Summary: Minister Mohammed Riyas denies allegations against Veena Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com