‘തെറ്റു തിരുത്തിക്കാൻ കഴിവു വേണം; റബ്ബർ സ്റ്റാമ്പായ ആളല്ല രാജ്യത്തിന്റെ പ്രസിഡന്റാകേണ്ടത്’

yashwant-sinha-6
വോട്ട് അഭ്യർഥിക്കാൻ കേരളത്തിലെത്തിയ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ എംഎൽഎമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, അൻവർ സാദത്ത്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർക്കൊപ്പം. ചിത്രം: മനോരമ.
SHARE

തിരുവനന്തപുരം∙ റബ്ബർ സ്റ്റാമ്പായ ആളല്ല രാജ്യത്തിന്‍റെ പ്രസിഡന്‍റാകേണ്ടതെന്നും സർക്കാരിനോടു കാര്യങ്ങൾ തുറന്നു പറയാനും തെറ്റുകൾ തിരുത്തിക്കാനും കഴിവുള്ള വ്യക്തിയാണ് ആ സ്ഥാനത്തേക്കു വരേണ്ടതെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയതായിരുന്നു യശ്വന്ത് സിന്‍ഹ.

തന്‍റെയും എതിർ സ്ഥാനാർഥിയുടേയും വ്യക്തിത്വങ്ങൾ തമ്മിലല്ല മത്സരം. രാജ്യത്തിനു ഗുണം ചെയ്യുന്നതും ദോഷകരമായതുമായ രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണിത്. ബിജെപി പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രം രാജ്യത്തിനു ദോഷമാണ്. ജനക്ഷേമമല്ല, എങ്ങനെയും തിരഞ്ഞെടുപ്പിൽ ജയിച്ചു ഭരണത്തിൽ തുടരാനാണു കേന്ദ്രസർക്കാരിന്റെ ശ്രമം. പ്രതിപക്ഷത്തിനു വില കൽപ്പിക്കാൻ അവർ തയാറാകുന്നില്ല. ഏറ്റുമുട്ടലിനോടാണു ഭരണപക്ഷത്തിനു താൽപര്യം. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഇതിനെതിരെ പോരാടണം. എഴുപതുകളിലെ അടിയന്തരാവസ്ഥയെക്കുറിച്ചാണു പ്രധാനമന്ത്രി വാചാലനാകുന്നത്. അതു രാഷ്ട്രീയ നടപടിയുടെ ഭാഗമായ പ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നെങ്കിൽ ഇന്നു രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളത്. ഇപ്പോഴത്തെ അടിയന്തരാവസ്ഥയ്ക്ക് അടിസ്ഥാനം വർഗീയതയാണ്. സമൂഹത്തെ വിഭജിക്കാനാണ് ശ്രമം. 

2018 വരെ ബിജെപിക്കൊപ്പം നിന്ന വ്യക്തിയാണ് താനെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. ബിജെപി സർക്കാറിന്‍റെ പ്രവർത്തനങ്ങളും നയങ്ങളും മടുത്താണ് പാർട്ടി വിട്ടത്. പ്രധാനമന്ത്രിയുടെ ഏകാധിപത്യ നടപടികളോടു യോജിക്കാനായില്ല. അന്ന് മുതൽ സ്വന്തം പാതയിൽ പോരാട്ടം തുടരുകയാണ്. ആ പോരാട്ടം കൂടുതൽ ശക്തമാക്കാനുള്ള അവസരമാണ് സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായതിലൂടെ തനിക്കു ലഭിച്ചത്. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കാൻ തനിക്കു കഴിയുമെന്നും ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വെവ്വേറെയാണ് സിൻഹ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണപക്ഷ എംഎൽഎമാർ രാഷ്ട്രപതി സ്ഥാനാർഥിയെ സ്വീകരിച്ചു. രാജ്യത്തിന്റെ പ്രത്യേക അന്തരീക്ഷത്തിലാണ് യശ്വന്ത് സിൻഹ സംയുക്ത സ്ഥാനാർഥിയായതെന്നും എല്ലാ അർഥത്തിലും രാഷ്ട്രപ്രതി സ്ഥാനത്തിന് അർഹതയുള്ളയാളാണ് സിൻഹയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാഗ്ദാനം ചെയ്തു. കേരളത്തിൽ നിന്നുള്ള മുഴുവൻ വോട്ടും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായ സിൻഹയ്ക്കു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary: President candidate yashwant sinha against Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS