ഗോവൻ യാത്രയിൽ മാറ്റം; വിമത എംഎൽഎമാർ തൽക്കാലം ഗുവാഹത്തിയിൽ തുടരും

shinde-visits-temple
ഏക്നാഥ് ഷിൻഡെയും സംഘവും ഗുവാഹത്തിയിലെ ക്ഷേത്രത്തിൽ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

മുംബൈ ∙ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യ സർക്കാരിനോട് നാളെ വിശ്വാസവോട്ടു തേടാൻ ഗവർണർ ഭഗത് സിങ് കോഷിയാരി നിർദ്ദേശിച്ചതിനു പിന്നാലെ, ഇന്ന് വൈകിട്ട് ഗോവയിലേക്കു പുറപ്പെടാനിരുന്ന വിമത എംഎൽഎമാർ തീരുമാനം മാറ്റിയെന്ന് റിപ്പോർട്ട്. നാളെ വിശ്വാസവോട്ട് തേടാനുള്ള ഗവർണറുടെ നിർദ്ദേശത്തിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സംഘവും സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് വിമത എംഎൽഎമാരുടെ സംഘം അവസാന നിമിഷം യാത്രാ പദ്ധതി മാറ്റിയതെന്നാണ് വിവരം.

ഇന്ന് അഞ്ച് മണിക്കാണ് സുപ്രീം കോടതി ഹർജി പരിഗണിക്കുന്നത്. ഇതിൽ തീരുമാനമായ ശേഷമാകും വിമതർ അവരുടെ ഭാവി പരിപാടികൾ തീരുമാനിക്കുക. വിശ്വാസവോട്ടു മുൻനിർത്തി വിമത എംഎൽഎമാരെ ഗോവയിലേക്കു മാറ്റാനായി തയാറാക്കിയ ചാർട്ടേഡ് വിമാനം സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരും വരെ ഗുവാഹത്തിയിൽ തുടരും. ഗോവയിലേക്കു പുറപ്പെടും മുൻപ് ഗുവാഹത്തിയിലെ ക്ഷേത്രത്തിലെത്തിയ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർ തിരികെ ഹോട്ടലിലെത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

‘ഞങ്ങള്‍ നാളെ മുംബൈയിലെത്തും. ഞങ്ങൾക്കൊപ്പം 50 എംഎൽഎമാരുണ്ട്. അതായത് മൂന്നിൽ രണ്ടു ഭാഗം എംഎൽമാരും ഞങ്ങൾക്കൊപ്പം തന്നെ. വിശ്വാസവോട്ടിനെ ഞങ്ങൾക്കു ഭയമില്ല. ഇതെല്ലാം ഞങ്ങൾ തരണം ചെയ്യും. ആർക്കും തടയാനാകില്ല. ജനാധിപത്യ സംവിധാനത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാമുഖ്യം. ഞങ്ങൾക്ക് അതുണ്ട്’ – ഗുവാഹത്തിയിൽവച്ച് മാധ്യമപ്രവർത്തകരെ കണ്ട ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.

39 ശിവസേന വിമതരും 9 സ്വതന്ത്രരും ഒരാഴ്ചയിലേറെയായി അസമിലെ ഗുവാഹത്തിയിൽ ഹോട്ടലിൽ കഴിയുകയാണ്. എംഎൽഎമാരെ ഗോവയിലേക്കു മാറ്റാനായി ഒരു സ്പൈസ്ജെറ്റ് വിമാനം തയാറാക്കിയെന്നും ഇന്നു വൈകിട്ട് മൂന്നു മണിയോടെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ ഗോവയിലേക്കു പോകുമെന്നുമായിരുന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്.

വിമത എംഎൽഎമാരുടെ മനസ്സു മാറ്റാൻ ഉദ്ധവ് താക്കറെയും സംഘവും അണിയറയിൽ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് ഒപ്പമുള്ള എംഎൽഎമാരെ ഗോവയിലേക്കു മാറ്റാൻ പദ്ധതിയിട്ടത്. നേരിട്ടു മഹാരാഷ്ട്രയിലേക്കു പോകുന്നതിനു പകരം ബിജെപി ഭരിക്കുന്ന ഗോവയിൽ ഇന്നു രാത്രി കൂടി ചെലവഴിച്ച് നാളെ രാവിലെ വിശ്വാസവോട്ടിനു മുന്നോടിയായി മുംബൈയിലേക്കു തിരിക്കുന്ന രീതിയിലായിരുന്നു പദ്ധതി.

മറുവശത്ത്, വിമത എംഎൽഎമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഉദ്ധവും സംഘവും തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് വികാര നിർഭരമായ വാക്കുകളുമായി വിമത എംഎൽഎമാരോട് തിര‍ിച്ചുവരാൻ ഉദ്ധവ് താക്കറെ അഭ്യർഥന നടത്തിയത്. ‘‘ശിവസേനയുടെ ഹൃദയത്തിലിപ്പോഴും നിങ്ങളുണ്ട്. നിങ്ങൾ കുറച്ചു ദിവസമായി ബന്ധനത്തിലാണ്. ഓരോ ദിവസവും പുതിയ വിവരങ്ങളാണുണ്ടാകുന്നത്. ഭൂരിഭാഗം പേരും ഇപ്പോഴും ബന്ധം നിലനിർത്തുന്നുണ്ട്.’’– ഇതായിരുന്നു ഉദ്ധവിന്റെ വാക്കുകൾ.

English Summary: Sena Rebels Abandon Hotel Check-Out, Sudden Change Of Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS