1994 ലെ ഒരു വേനൽക്കാലമായിരുന്നു അത്. ജെയിന് പ്രായം 14. കൂട്ടുകാരികൾക്കൊപ്പം ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ യുവതി ഒരു മുന്തിയ ഇനം നായ്ക്കുട്ടിയുമായി ജെയിന്റെ അടുത്തേക്കു വന്നത്. അവർ സ്വയം പരിചയപ്പെടുത്തി– ഗിലെയ്ൻ മാക്സ്വെൽ. ആ സംസാരത്തിനിടയ്ക്ക് എപ്പോഴോ ഒരാൾ കൂടി കയറി വന്നു. ജെഫ്രി എപ്സ്റ്റീൻ എന്നായിരുന്നു അയാളുടെ പേര്. കുട്ടികൾക്കു ആർട്സ് പഠനത്തിനുള്ള സ്കോളർഷിപ് നൽകാനുള്ള ശ്രമത്തിലാണത്രേ ഇരുവരും. അതിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് മിഷിഗനിലെ ഇന്റർലോക്കൻ സെന്റർ ഫോർ ദ് ആർട്സിലെ യൂത്ത് ക്യാംപിൽ പങ്കെടുക്കാനെത്തിയ ജെയ്നെ പരിചയപ്പെട്ടത്. സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് ടൗണിലായിരുന്നു ജെയ്ന്റെ വീട്. അവളുടെ അമ്മയുടെ ഫോൺ നമ്പറും ഗിലെയ്ൻ വാങ്ങി. എപ്പോഴെങ്കിലും വിളിക്കാമെന്നു പറഞ്ഞു. ക്യാംപ് കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയ ജെയ്നെ തേടി ഗിലെയ്ന്റെ കോളെത്തി. അമ്മയോടൊപ്പം ജെയ്നെ ചായസൽക്കാരത്തിനു വിളിച്ചതായിരുന്നു ഗിലെയ്ൻ. ആ സൽക്കാരത്തിൽ ജെഫ്രി എപ്സ്റ്റീനും ഉണ്ടായിരുന്നു. പിന്നീട് പലപ്പോഴും ആ പതിനാലുകാരി ഗിലെയ്നെയും എപ്സ്റ്റീനെയും കാണാൻ പോയിത്തുടങ്ങി. ചിലപ്പോഴൊക്കെ എല്ലാ ആഴ്ചയും അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ. ആദ്യ നാളുകൾ ആ പതിനാലുകാരിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരുന്നു. തന്റെ സ്വപ്നത്തിനു ചിറകു നൽകാനെത്തിയ മാലാഖമാരായിപ്പോലും ഒരു ഘട്ടത്തിൽ അവരെപ്പറ്റി ജെയ്നു തോന്നി. പക്ഷേ ഒരു പകലിൽ എല്ലാം മാറിമറിഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം. അതിനിപ്പുറം ലൈംഗിക പീഡനങ്ങളുടെ നാളുകളായിരുന്നു. രണ്ടാഴ്ചയിലൊരിക്കലെങ്കിലും എപ്സ്റ്റീൻ ജെയ്നെ പീഡിപ്പിച്ചു. കൂട്ടിന് ഗിലെയ്നും. പുറത്തു പറഞ്ഞാൽ ലഹരിക്കേസിൽ കുടുക്കി അകത്തിടുമെന്നും വീട്ടുകാരെ മാനംകെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതോടെ ജെയ്നു വഴങ്ങേണ്ടി വന്നു. മൂന്നു വർഷത്തോളം ആ പീഡനം തുടർന്നു. അതിനിടെ പലപ്പോഴും പാം ബീച്ചിലെ എപ്സ്റ്റീന്റെ ആഡംബര വസതിയിൽ പല പെൺകുട്ടികളും വന്നുപെട്ടത് ജെയ്ൻ അറിഞ്ഞു. പക്ഷേ അവരാരും ഒന്നും പറഞ്ഞില്ല, അല്ലെങ്കിൽ അദൃശ്യമായതെന്തോ അവരുടെ വായ് മൂടിക്കെട്ടിയിരുന്നു. ജെയ്ൻ എന്നത് കോടതിക്കു മുന്നിലെത്തിയ പെൺകുട്ടിയുടെ യഥാർഥ പേരല്ല. കെയ്റ്റ്, കാരലിന് എന്നീ കള്ളപ്പേരുകാരും ജെയ്നിനു പിന്നാലെ എപ്സ്റ്റീന്റെ പീഡനത്തെപ്പറ്റി കോടതിക്കു മുന്നിൽ മനസ്സു തുറന്നു. (യഥാർഥ പേരു പറയാൻപോലും ആ പെൺകുട്ടികൾക്കു ഭയമായിരുന്നു). ആനി ഫാമർ എന്ന യുവതി മാത്രമാണ് യഥാർഥ പേര് വെളിപ്പെടുത്തി എപ്സ്റ്റീനെതിരെ രംഗത്തു വന്നത്. മസാജെന്ന പേരിലാണ് എപ്സ്റ്റീൻ പെൺകുട്ടികൾക്കു നേരെ പീഡനം ആരംഭിക്കുക. പിന്നീട് കൊടും ലൈംഗിക പീഡനം. എപ്സ്റ്റീനു വേണ്ട പെൺകുട്ടികളെ മോഡലിങ്, പഠനത്തിനുള്ള സ്കോളർഷിപ്, ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി കൊണ്ടുവന്നിരുന്നത് ഗിലെയ്നായിരുന്നു. സാമ്പത്തികനില പരിതാപകരമായിരുന്ന പെൺകുട്ടികളെയും അവൾ റാഞ്ചി. കുടുംബപ്രശ്നങ്ങളിൽപ്പെട്ട പെൺകുട്ടികളും ഗിലെയ്ന്റെ ഇരകളായിരുന്നു. ഏറെയും പ്രായപൂർത്തിയാകാത്തവർ.
HIGHLIGHTS
- ധനികനായ കാമുകന് പെൺകുട്ടികളെയെത്തിച്ച ഗിലെയ്ൻ ഒടുവിൽ അഴികൾക്കുള്ളിൽ
- ലോകത്തെ ഞെട്ടിച്ച കോടതി വിചാരണയുടെയും പീഡന കൂട്ടുകെട്ടിന്റെയും കഥ