വധഭീഷണിയെന്ന് കനയ്യ പരാതി നൽകി, ജാഗ്രത പുലർത്തിയില്ല; എഎസ്ഐയ്ക്ക് സസ്പെൻഷൻ

kanhaiya-lal
കനയ്യലാൽ അക്രമിയുടെ വസ്ത്രത്തിന്റെ അളവെടുക്കുന്ന ദൃശ്യം (പിടിഐ ചിത്രം)
SHARE

ഉദയ്പുർ (രാജസ്ഥാൻ) ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രണ്ടു പേർ ചേർന്ന് പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ തയ്യൽക്കാരനായ കനയ്യ ലാൽ ടേലി, ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുൻപ് പരാതി നൽകിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ജാഗ്രത പുലർത്താത്തതിന് എഎസ്ഐയെ സസ്പെൻഡ് ചെയ്തു. ധാൻമണ്ഡി സ്റ്റേഷനിലെ ഭൻവർ ലാലിനെയാണ് സസ്പെൻഡ് ചെയ്തത്.

തനിക്ക് വധഭീഷണിയുണ്ടെന്ന് കനയ്യലാൽ പരാതി എഴുതി നൽകിയിട്ടും ധൻവർ ലാൽ ജാഗ്രത പുലർത്തിയില്ലെന്നാണ് ആരോപണം. ജൂൺ 15നാണ് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കനയ്യ ലാൽ പൊലീസിനെ സമീപിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഇക്കാര്യത്തിൽ പരാതി എഴുതി നൽകുകയും ചെയ്തു.

പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപു പങ്കുവച്ചതായി ചിലർ പരാതിപ്പെട്ടിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

‘‘പ്രവാചകനുമായി ബന്ധപ്പെട്ട് നൂപുർ ശർമ നടത്തിയ പരാമർശത്തെക്കുറിച്ച് കനയ്യലാൽ ഒരു വിഡിയോ പ്രാദേശിക സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ജൂൺ 10ന് പൊലീസ് കനയ്യലാലിനെ അറസ്റ്റ് ചെയ്തു. ജൂൺ 11ന് ജാമ്യത്തിൽ വിടുകയും ചെയ്തു. ജൂൺ 15ന് ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കനയ്യലാൽ സ്റ്റേഷനിലെത്തി. പിന്നീട് ജൂൺ 17ന് സ്റ്റേഷനിലെത്തി പരാതി എഴുതി നൽകുകയും ചെയ്തു’ – രാജസ്ഥാൻ ഡിജിപി ഹാവ സിങ് ഗുമാരിയ പറഞ്ഞു.

നൂപുർ ശർമയെ പിന്തുണയ്ക്കുന്ന വിഡിയോ എട്ടു വയസ്സുകാരൻ മകൻ മൊബൈലിൽ ഗെയിം കളിക്കുന്ന സമയത്ത് അബദ്ധത്തിൽ ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെട്ടതാണെന്ന് കനയ്യലാലിന്റെ പരാതിയിൽ പറയുന്നു. കണ്ടാൽ കൊന്നുകളയാൻ ആവശ്യപ്പെട്ട് ചിലർ തന്റെ ചിത്രം ഏതാനും സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നതായും കനയ്യലാൽ പരാതിയിൽ വിശദീകരിച്ചു. തയ്യൽക്കട തുറക്കാതിരിക്കാനും തനിക്കുമേൽ സമ്മർദ്ദമുണ്ടെന്ന് പരാതിയിലുണ്ട്.

കനയ്യലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. 7 പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി. സംഭവം ഭീകരപ്രവർത്തനമായി പരിഗണിച്ച് എൻഐഎ അന്വേഷിക്കും. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കൊലപാതക ദൃശ്യങ്ങളുടെ വിഡിയോ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ചു.

തുണി തയ്പ്പിക്കാനെന്ന മട്ടിൽ കടയിലെത്തിയ 2 പേരാണു ക്രൂരകൃത്യം ചെയ്തത്. പിന്നാലെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 3 വിഡിയോകൾ പ്രചരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഗൗസ് മുഹമ്മദ് എന്നും റിയാസ് അഖ്താരി എന്നും പരിചയപ്പെടുത്തുന്ന അക്രമികളുടെ വിഡിയോ ആണ് ഇതിലൊന്ന്. ഇസ്‍ലാമിനോടുള്ള അധിക്ഷേപത്തിനുള്ള പ്രതികാരമാണു ചെയ്തതെന്നു പറയുന്ന ഇവർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തുടർന്നു ഭീഷണിപ്പെടുത്തുന്നു.

English Summary: Kanhaiya Lal had registered threat complaint on June 17, say police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS