ADVERTISEMENT

ഉദയ്പുർ∙ കുറച്ചുദിവസങ്ങളായി കനയ്യ ലാൽ അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ ജഷോധ. വധഭീഷണി വന്നതിനു പിന്നാലെ കുറേ നാളുകൾ അദ്ദേഹം തയ്യൽകടയ്ക്ക് പോയില്ല. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ എല്ലാം തന്നോട് തുറന്നു പറഞ്ഞിരുന്നില്ല. വീണ്ടും കടയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു. മണിക്കൂറുകൾക്കുള്ളിൽ രണ്ടുപേർ കടയിലേക്ക് തുണി തയ്ക്കാനെന്നുപറഞ്ഞു വരികയായിരുന്നുവെന്ന് അവർ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കനയ്യ ലാൽ (48) ഉദയ്പുരിൽ ധന്‍ മണ്ഡി മാർക്കറ്റിലെ തന്റെ കടയിൽ ഇരിക്കുമ്പോഴാണ് പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവർ എത്തിയത്. ഇതിലൊരാൾക്ക് തുണി തയ്ക്കാൻ അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു. കനയ്യ ലാൽ അളവെടുക്കുന്നതിനിടെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റേയാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഓടി രക്ഷപ്പെട്ട പ്രതികൾ, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. ഇരുവരെയും രാജ്‌സമന്ദിൽനിന്ന് അറസ്റ്റ് പൊലീസ് ചെയ്തു.

അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാല്‍ തേലിക്ക് വധഭീഷണിയുണ്ടായിട്ടും ജാഗ്രത പുലര്‍ത്താത്തതിന് ധാന്‍മണ്ഡി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് എസ്ഐ ധന്‍വര്‍ ലാലിനെ സസ്പെന്‍ഡ് ചെയ്‍തു. ജൂണ്‍ 15നാണ് കനയ്യ ലാല്‍ വധഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നല്‍കിയത്. പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം കനയ്യ ലാൽ ഏതാനും ദിവസം മുൻപു പങ്കുവച്ചതായി ചിലർ പരാതിപ്പെട്ടിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി താക്കീതു ചെയ്തു. ഇതിനുശേഷം കനയ്യ ലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

English Summary: Udaipur Tailor Murder A Terror Attack; Mourning Wife Explains His Last Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com