കഴിഞ്ഞ ദിവസം നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളെ വികാരവിക്ഷോഭത്തോടെ അദ്ദേഹം നിഷേധിച്ചിരുന്നു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാർ തന്റെ മെന്ററാണെന്ന് വീണ തന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്റെ വെബ്സൈറ്റിൽ കുറിക്കുകയും പിന്നീട് അത് നീക്കുകയും ചെയ്തെന്നു കുഴൽനാടൻ സഭയിൽ ആരോപിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ സമ്മർദ്ദം ചെലുത്തിയാണെന്ന ആരോപണം നിലനിൽക്കെ കുഴൽനാടന്റെ വാക്കുകൾ മുഖ്യമന്ത്രിക്കു താങ്ങാനായില്ല. മാത്യുവിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അസംബന്ധമാണെന്നും ആരോപണ വിധേയനായ ആൾ മെന്ററാണെന്നു മകൾ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. വീണയുടെ കമ്പനിയുടെ വെബ്സൈറ്റിലെ പോസ്റ്റ് ശരിയാണെന്നു തെളിയിക്കാൻ മാത്യു കുഴൽനാടൻ മാധ്യമങ്ങൾക്കു മുൻപാകെ വിവിധ രേഖകളുമായി എത്തിയതോടെ വിഷയം വൻ ചർച്ചയാവുകയാണ്. എന്താണ് ഈ വിവാദത്തിന്റെ നാൾവഴി? എന്തുകൊണ്ടാണിതു വീണ്ടും ചർച്ചകളിൽ നിറഞ്ഞത്? എന്താണ് ഭരണ–പ്രതിപക്ഷങ്ങളുടെ വാദങ്ങൾ?
HIGHLIGHTS
- പി.ടി. ചോദിച്ചു: മെന്റർ വിവാദത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുന്നില്ലേ?
- താൻ പറഞ്ഞ വിവരങ്ങൾ തെറ്റാണെങ്കിൽ കേസെടുക്കണമെന്ന് മാത്യു കുഴൽനാടൻ
- വീണ–പിഡബ്ല്യുസി ബന്ധം: വിവാദത്തിന്റെ നാൾവഴിയിലൂടെ...