51-ാം പിറന്നാൾ ദിനത്തിലാണ് ഇലോൺ മസ്കിന് ട്വിറ്ററിൽ 10 കോടി ഫോളോവേഴ്സ് തികഞ്ഞത്. അതേ ദിവസം തന്നെ, ട്വിറ്റർ കച്ചവടത്തെ കയ്യാലപ്പുറത്തെ തേങ്ങയാക്കിയ ഡേറ്റ ആക്സസ് തർക്കത്തിലും മസ്ക് വിജയം നേടി. അതായത്, 3.4 ലക്ഷം കോടി രൂപ മുടക്കി ട്വിറ്ററിനെ താൻ വിലയ്ക്കു വാങ്ങണമെങ്കിൽ ട്വിറ്ററിൽ ഓരോ നിമിഷവും പ്രസിദ്ധീകരിക്കപ്പെടുന്ന മുഴുവൻ ട്വീറ്റുകളിലേക്കുമുള്ള തത്സമയ ഡേറ്റാ ആക്സസ് വേണമെന്നായിരുന്നു മസ്കിന്റെ ആവശ്യം. അതു നടക്കാൻ പോകുന്നില്ലെന്നായിരുന്നു ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആദ്യനിലപാട്. അങ്ങനെയാണെങ്കിൽ ട്വിറ്റർ തനിക്കു വേണ്ടെന്നായി മസ്ക്. തുടർന്നു ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നടത്തിയ ‘ചിന്തൻ ശിബിര’ത്തെത്തുടർന്നാണ് ട്വീറ്ററിന്റെ ഡേറ്റ പവർഹൗസിന്റെ താക്കോൽ മസ്കിനു കൈമാറാൻ തീരുമാനിച്ചത്. ഇത് ഫലത്തിൽ ട്വിറ്റർ മസ്ക് വാങ്ങുമെന്നതിന്റെ സ്ഥിരീകരണം കൂടിയാണ്. യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷന്റെ കീഴിലുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് ചട്ടപ്രകാരം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകാനുള്ള താമസം മാത്രം. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ എന്നു ഖ്യാതിയുള്ള ടെസ്ലയും സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്പേക്സ് എക്സും, സ്വകാര്യ ഉപഗ്രഹ ശൃംഖലയായ സ്റ്റാർലിങ്കും ഉൾപ്പെടെ പരസ്യവും രഹസ്യവുമായ ഒട്ടേറെ നൂതനസംരംഭവങ്ങളുടെ പിതാവാണ് ഇലോൺ മസ്ക്. ട്വിറ്റർ വിലയ്ക്കു വാങ്ങുന്നതുകൊണ്ട് മസ്ക് എന്തു നേടുന്നു എന്നതാണു പലരും ഉന്നയിക്കുന്ന ചോദ്യം. കാരണം, മസ്കിന്റെ ഒരിതിന് യോജിച്ച ബിസിനസ് അല്ല ട്വിറ്റർ. പ്രവർത്തനം തുടങ്ങി 16 വർഷമായിട്ടും ഇപ്പോഴും നഷ്ടത്തിൽ തുടരുന്ന കമ്പനിയാണ് ട്വിറ്റർ. പരസ്യവരുമാനമാണ് ആകെയുള്ളത്. അതിൽ വർധന രേഖപ്പെടുത്തുന്നതനുസരിച്ച് ഓരോ വർഷവും നഷ്ടം കുറച്ചുകൊണ്ടുവരുന്നുമുണ്ട്. എന്നാൽ, നിക്ഷേപകൻ എന്ന നിലയ്ക്ക്, നഷ്ടത്തിൽ തുടരുന്ന കമ്പനിയെ മോഹവിലയ്ക്കു സ്വന്തമാക്കുമ്പോൾ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഒരു കോടീശ്വരന്റെ എളിയ പരിശ്രമം എന്ന നിലയ്ക്കാണ് മസ്ക് തന്നെ അതിനെ അവതരിപ്പിക്കുന്നത്. അതായത്, നേരത്തേ ട്വിറ്റർ അടിച്ചുപുറത്താക്കിയ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള സ്വതന്ത്രാഭിപ്രായക്കാർക്ക് മസ്ക് ട്വിറ്ററിൽ പുനഃപ്രവേശനം നൽകും. എന്നാൽ, മസ്ക് എന്ന നിക്ഷേപകന് ഈ ഇടപാടുകൊണ്ടെന്തു നേട്ടം എന്നതാണ് പ്രസക്തമായ ചോദ്യം. മുഴുവൻ ട്വീറ്റുകളിലേക്കുമുള്ള തത്സമയ ആക്സസ് ഇല്ലെങ്കിൽ കച്ചവടമില്ല എന്നാദ്യമേ നിലപാടെടുത്ത മസ്കിന്റെ പിടിവാശിയിലുണ്ട് അതിന്റെ ഉത്തരം.
HIGHLIGHTS
- മസ്ക് എന്ന നിക്ഷേപകന് ട്വിറ്റർ ഇടപാടുകൊണ്ട് എന്താണു നേട്ടം?
- എന്തിനാണ് ട്വിറ്റർ ഡേറ്റ ആക്സസിന് മസ്ക് വാശി പിടിച്ചത്?