ADVERTISEMENT

കോഴിക്കോട്∙ തലക്കുളത്തൂരിൽ വൻ കഞ്ചാവ് വേട്ട; ഗൂഗിൾപേ പോലുള്ള ഓൺലൈൻ ബാങ്കിങ് പോർട്ടൽ വഴി പണം വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ലഹരിമരുന്ന് എത്തിച്ചു നൽകുന്ന രണ്ടു യുവാക്കളെയാണ് പിടികൂടിയത്. ഇവരുടെ കയ്യിൽനിന്ന് 12 കിലോ കഞ്ചാവും പിടികൂടി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ വീട്ടിൽ ഇർഷാദ് (33), അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരെയാണ് തലക്കുളത്തൂർ സ്കൂൾ പരിസരച്ചുവച്ച് കോഴിക്കോട് ഡൻസാഫും എലത്തൂർ പോലീസും ചേർന്ന് പിടികൂടിയത്.

ഇർഷാദിന്റെ സഹോദരന്റെ വാഹനത്തിൽ കഞ്ചാവുമായെത്തിയപ്പോഴാണ് പിടികൂടിയത്. പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്നവരാണ് ഇവർ. ആന്ധ്രയിൽനിന്നു റോഡ് മാർഗം പെരിന്തൽമണ്ണയിലെത്തിച്ച ശേഷം വിതരണം ചെയ്യുന്നതാണ് പതിവ്. പൊലീസിനെ കബളിപ്പിക്കാൻ മൊബൈൽഫോണുമായി പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ചശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് പോവുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.

തിരൂരിനിന്നു തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തശേഷം മലബാറിലെ ജില്ലകളിൽ ഓട്ടോറിക്ഷയിലും ബൈക്കിലുമായി കഞ്ചാവ് വിതരണം ചെയ്തും പൊലീസിന്റെ ശ്രദ്ധ തിരിക്കുന്നതാണു പതിവ്. ഗൂഗിൾ പേ വഴി പണം നൽകിയശേഷം കഞ്ചാവ് എത്തിക്കേണ്ട സ്ഥലം വാട്സാപ് വഴി അയച്ചുനൽകാനാണ് ഇവർ ആവശ്യപ്പെടാറുള്ളത്. ആന്ധ്രയിൽനിന്നു കിലോയ്ക്ക് 2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവിന് ഇവിടെ കിലോയ്ക്ക് 30,000 രൂപയാണ് ഈടാക്കുന്നത്. ഗൂഗിൾ പേ ഉപയോഗിക്കാൻ ഓരോ തവണയും വിവിധ അക്കൗണ്ട് നമ്പറുകളാണ് ഇർഷാദ് നൽകിയിരുന്നത്.

നർകോട്ടിക് സെൽ അസി. കമ്മിഷണർ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ടൗൺ അസി. കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ എസ്ഐ കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഡൻസാഫ് അസി. എസ്ഐ മനോജ് എടയേടത്ത് സീനിയർ സിപിഒ കെ. അഖിലേഷ്, സിപിഓമാരായ ജിനേഷ് ചൂലൂർ, സുമേഷ് ആറോളി, അർജുൻ അജിത്ത്, കാരയിൽ സുനോജ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, എലത്തൂർ സി.പിഓ ആർ. രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary: Ganja Seized at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com