1 മിനിറ്റും 30 സെക്കന്‍ഡും; ആക്രമിച്ചത് സ്ഥലം കൃത്യമായി അറിയുന്ന, പരിശീലനം ലഭിച്ചയാള്‍

akg-center-manoj-chemancheri
ആക്രമണത്തിനു ശേഷം എകെജി സെന്ററിനു മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ. ചിത്രം∙ മനോജ് ചേമഞ്ചേരി ∙ മനോരമ
SHARE

തിരുവനന്തപുരം∙ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് എകെജി സെന്ററിനു നേരെയുള്ള അക്രമത്തിനു പിന്നിലെന്നു പൊലീസ്.  ഒരു മിനിറ്റും 32 സെക്കൻഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും അക്രമി എടുത്തത്. ബോംബെറിഞ്ഞ ആളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നു. ബോംബെറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയതാണ് മറ്റു ആളുകളുടെ പങ്ക് ബലപ്പെടുത്തുന്നത്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോൾ ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു.

എംഎൽഎ ഹോസ്റ്റലിനോട് ചേർന്നുള്ള കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽനിന്ന് ജനറൽ ഹോസ്പിറ്റൽ ജങ്ഷനിലേക്കു പോകുന്ന പ്രധാന റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ വലതു വശത്ത് എകെജി സെന്ററായി. എകെജി സെന്ററിന്റെ വശത്തുകൂടി താഴേയ്ക്ക് കുന്നുകുഴി ജങ്ഷനിലേക്ക് ചെറിയ റോഡുണ്ട്. എകെജി സെന്ററിന്റെ പ്രധാന കവാടത്തിനു മുന്നിൽനിന്ന് ഈ റോഡിലേക്ക് പ്രവേശിക്കുമ്പോൾ ചെറിയ ഇറക്കമാണ്. ഇടറോഡിന്റെ തുടക്കത്തിൽ വലതുവശത്താണ് എകെജി സെന്ററിലെ വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റ്.

ഗേറ്റിനു എതിർവശത്ത് ഒരു കടയുണ്ട്. ഗേറ്റിനോട് ചേർന്ന് ചില തട്ടുകടകൾ പകൽ സമയം പ്രവർത്തിക്കാറുണ്ട്. കുന്നുകുഴി ഭാഗത്തുനിന്ന് ഇടറോഡിലൂടെ ഒരു ബൈക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റിനടുത്ത് എത്തുന്നതാണ് എകെജി സെന്റർ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ബൈക്കിലെത്തിയ ആൾ വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റിന് എതിർവശമുള്ള കടകൾക്കു മുന്നിൽ ബൈക്കിൽ അൽപ്പനേരം നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആ സമയം എകെജി സെന്ററിനു മുന്നിൽനിന്നും കുന്നുകുഴി ഭാഗത്തേക്കു മറ്റൊരു ബൈക്കും പോകുന്നുണ്ട്. ആ ബൈക്ക് മുന്നോട്ടു പോയശേഷം വേഗം കുറയ്ക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

കടയുടെ ഭാഗത്തുനിന്ന ബൈക്കുകാരൻ ബൈക്ക് കുന്നുകുഴിഭാഗത്തേക്കു തിരിച്ചതിനുശേഷം അൽപ്പം മുന്നോട്ടുപോയി ബൈക്ക് ഓഫാക്കുന്നു. പിന്നീട്, ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചു പോയി. സ്റ്റാർട്ടാക്കുമ്പോഴുള്ള ബൈക്കിന്റെ ലൈറ്റ് മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. അതിനുശേഷം കുന്നുകുഴി ഭാഗത്തുനിന്ന് ഒരു ബൈക്ക് എകെജി സെന്ററിന്റെ ഗേറ്റിനു മുന്നിലേക്കു വേഗത്തിൽ ഓടിച്ചു പോകുന്നതും തൊട്ടു പിന്നാലെ മറ്റൊരു ബൈക്ക് കടയുടെ മുന്നിൽ എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ബൈക്ക് കുന്നുകുഴി ഭാഗത്തേക്കു തിരിച്ചശേഷം സ്ഫോടക വസ്തു എറിഞ്ഞ് വേഗത്തിൽ ഓടിച്ചു പോയി.

രാത്രി 11.23ന് ശേഷമാണ് അക്രമി ബൈക്കിലെത്തി നിരീക്ഷണം ആരംഭിക്കുന്നത്. സ്ഫോടക വസ്തു എറിഞ്ഞശേഷം പോകുന്നത് 11.24ന് ആണ്. അക്രമത്തിനുശേഷം ഇയാൾ കുന്നുകുഴി ജംഗ്ഷനിലൂടെ പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കുന്നുകുഴിയിൽനിന്ന് വരമ്പശേരി ജങ്ഷനിൽ 11.25ന് അക്രമി എത്തി. ഇവിടെ റോഡ് രണ്ടായി തിരിയുകയാണ്. ഒന്നു ലോ കോളജ് ജങ്ഷനിലേക്കും മറ്റൊന്ന് കണ്ണമൂല ഭാഗത്തേക്കുമാണ് പോകുന്നത്. ഈ രണ്ടു ഭാഗത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മുപ്പതോളം സിസിടി ക്യാമറകളുടെ ദൃശ്യങ്ങൾ ഇതിനോടകം ശേഖരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഐപിസി 436 അനുസരിച്ചുള്ള തീവയ്പ്പിന് 10 വർഷം തടവും പിഴയുമാണ് ശിക്ഷ. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) അനുസരിച്ച് പത്തുവർഷംവരെ തടവു ശിക്ഷ ലഭിക്കാം. സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നും ഫോറന്‍സിക് റിപ്പോർട്ട് ഇന്നു ലഭിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. സംഭവം നടക്കുമ്പോൾ പൊലീസുകാർ എകെജി സെന്ററിന്റെ മുന്നിലുണ്ടായിരുന്നെന്നു ഓഫിസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. ജീവനക്കാരും പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ഭാഗത്ത് പൊലീസ് ഇല്ലായിരുന്നു. ആദ്യം എന്താണു സംഭവിച്ചതെന്നു മനസിലായില്ല. പിന്നീട് സിസിടിവി നോക്കിയപ്പോഴാണ് കാര്യം മനസിലായത്. രണ്ടു ബൈക്കുകളിലായി കുന്നുകുഴി ഭാഗത്തുനിന്നാണ് അക്രമികൾ എത്തിയത്. ആദ്യ ബൈക്ക് റോഡിൽ നിർത്തിയില്ല. ഒന്നുകിൽ ആ ബൈക്കിലുള്ളയാൾ നിരീക്ഷിക്കാനെത്തി. അല്ലെങ്കിൽ അതുവഴി കടന്നുപോയ യാത്രക്കാരാകുമെന്നും ബിജു കണ്ടക്കൈ പറഞ്ഞു.

English Summary: AKG Center attack case Investigation updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS