ADVERTISEMENT

തിരുവനന്തപുരം/കണ്ണൂർ ∙ തലസ്ഥാനത്തെ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞയാൾ എത്തിയത് സ്കൂട്ടറിൽ. രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്ത് നിന്ന് എകെജി സെന്ററിനു സമീപത്തേക്ക് എത്തിയ ഇയാൾ റോഡിൽ വാഹനം നിർത്തി മതിലിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ ശേഷം പെട്ടെന്ന് വാഹനം ഓടിച്ചു മറയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയുടെ മുഖമോ വണ്ടി നമ്പറോ ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നും ഇയാളെ പിടികൂടാൻ ഊർജിത ശ്രമം നടത്തുകയാണെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകൾക്കുള്ള സുരക്ഷയും കണ്ണൂർ നഗരത്തിൽ നൈറ്റ് പട്രോളിങ് ശക്തമാക്കി. ജില്ലയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനും ഡിസിസി ഓഫിസിനും സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലാ സിപിഎം, ബിജെപി, യുഡിഎഫ് പാർട്ടി ഓഫിസുകൾക്കും സുരക്ഷ ഏർപ്പെടുത്തി.

വെള്ളിയാഴ്ച കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. രാഹുലിന്റെ വയനാട് സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം മുൻപേയാണ് എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനു ശേഷം വയനാട്ടിലേക്ക് അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം കൂടിയാണിത്.

English Summary: Blast near AKG Centre - CPM State Committe Office - CCTV visuals out, security tightened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com