എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു; കലാപശ്രമമെന്ന് സിപിഎം

AKG Centre blast
സ്ഫോടകവസ്തു എറിഞ്ഞ സ്ഥലം സന്ദർശിച്ച ശേഷം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി ആന്റണി രാജു, പി.കെ.ശ്രീമതി തുടങ്ങിയവർ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
SHARE

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് ഇരുചക്രവാഹനത്തിൽ എത്തിയ ആൾ സ്ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്ഫോടനമുണ്ടായത്. എകെജി സെന്റർ ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.

ബോംബാക്രമണമാണ് ഉണ്ടായതെന്നും ബോധപൂർവമുള്ള കലാപശ്രമമാണിതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. സ്ഫോടനത്തിനു തൊട്ടുപിന്നാലെ മന്ത്രി ആന്റണി രാജു, സിപിഎം പിബി അംഗം എ.വിജയരാഘവൻ, പി.കെ. ശ്രീമതി തുടങ്ങിയവർ എകെജി സെന്ററിലെത്തി. ബോധപൂർവമുള്ള പ്രകോപനശ്രമമാണ് ഉണ്ടായതെന്ന് എ.വിജയരാഘവൻ പറഞ്ഞു.

AKG Centre blast
സ്ഫോടകവസ്തു എറിഞ്ഞ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രകടനം നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു പ്രവർത്തകർ എകെജി സെന്ററിനു സമീപത്തേക്കെത്തിയ ശേഷം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രകടനം നടത്തുകയായിരുന്നു. പ്രതിഷേധപ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. ക്രമസമാധാന നില തകരാറിലാക്കി സർക്കാരിനെ തകർക്കാനുള്ള ശ്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കലാപഭൂമിയാക്കാനുളള ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പ്രവർത്തകർ സംയമനം പാലിക്കണം. പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രത്തിൽ വീഴരുത്. സമാധാനപരമായി പ്രതിഷേധിക്കണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Protest by DYFI on AKG center blast
ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിരുവനന്തപുരത്ത് എകെജി സെന്ററിനു മുന്നിൽ ഒത്തുകൂടിയപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

എകെജി സെന്റർ മുൻപും കമ്യൂണിസ്റ്റ് വിരുദ്ധർ ആക്രമിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂവെന്നും സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സമാധാനപരമായി മാത്രമാകണം രാഷ്ട്രീയത്തെ കാണേണ്ടതെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കെ.ബാലഗോപാൽ പറഞ്ഞു.

മനഃപൂർവം കലാപമുണ്ടാക്കാനുള്ള ശ്രമമാണുണ്ടായത്. അതിനെ ചെറുക്കാൻ പാർട്ടി ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. ബോധപൂർവം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു. പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും എ.എ.റഹിം എംപി പറഞ്ഞു.

AKG center attack
ആക്രമണവിവരം അറിഞ്ഞ് നേതാക്കൾ രാത്രിയിൽ എകെജി സെന്ററിൽ എത്തിയപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

English Summary: Blast near AKG Centre - CPM State Committe Office - at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS