ADVERTISEMENT

കണ്ണൂർ∙ സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ തിരക്കഥയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കോൺഗ്രസുകാരാണ് അക്രമികളെന്ന് ജയരാജനാണ് പ്രഖ്യാപിച്ചത്. എകെജി സെന്‍ററിന് ചുറ്റും ക്യാമറകളുണ്ട്. ഇതിൽ ഒന്നും തന്നെ പെടാതെ  എകെജി സെന്‍റർ ആക്രമിക്കണമെങ്കിൽ എകെജി സെന്ററുമായി അടുത്ത പരിചയമുള്ള ആളുകൾക്കേ മാത്രമേ സാധിക്കൂ. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ പ്രസക്തി കുറയ്ക്കാൻ ജയരാജൻ സ്വന്തം നിലയ്ക്ക് നടത്തിയ തിരക്കഥയാണ് ആക്രമണമെന്നും സുധാകരൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. 

രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന ദിവസം തന്നെ കോൺഗ്രസ് എകെജി സെന്റർ ആക്രമിച്ചുവെന്ന് പറഞ്ഞാൽ ബുദ്ധിയുള്ളവർ വിശ്വസിക്കുമോ. തിരുവനന്തപുരം നഗരത്തിനകത്ത് പൊലീസിന്റെയും സിസിടിവികളുടെയും മുന്നിൽ ഇത് ചെയ്‌തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ  എകെജി സെന്ററിനു പോലും സുരക്ഷ നൽകാന‍് കഴിയാത്ത ആഭ്യന്തരവകുപ്പിന്റെ പരാജയം സിപിഎം പ്രവർത്തകർ വിലയിരുത്തണം. എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ജയരാജന്റെ ‘പൊട്ട ബുദ്ധി’  എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും സുധാകരൻ പറഞ്ഞു. നിലവിലെ വിവാദങ്ങളിൽ നിന്ന് തലയൂരാനുള്ള നീക്കമാണിത്. പൊലീസ് അന്വേഷിച്ച് പ്രതികൾ ആരാണെന്നു വെളിച്ചത്തു കൊണ്ടുവരട്ടെ. നേരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിലെ പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ഗുണ്ടാ സംഘങ്ങളെ വച്ച് ഇത്തരം ആക്രമണം നടത്താനുള്ള സംവിധാനം സിപിഎമ്മിനുണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ വിഷയം തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോ? പൊലീസ് അന്വേഷിച്ച് തീരുമാനിക്കുംമുമ്പ് കോണ്‍ഗ്രസിനെതിരായ ആക്ഷേപം ശരിയല്ല. കോണ്‍ഗ്രസെന്ന പ്രസ്താവന പോലും നേരത്തെ തയാറാക്കി വച്ചതെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

കെ.സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

കേരളത്തിലെ ജനങ്ങൾക്ക് എല്‍ഡിഎഫ്‌ കൺവീനറെ പോലെ ബുദ്ധിക്കുറവ് ഇല്ലെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കണം. ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ കൺവീനറുടെ "ഇല്ലാത്ത ബുദ്ധി"യിൽ തെളിയുന്ന മണ്ടത്തരങ്ങൾ പ്രാവർത്തികമാക്കുകയല്ല വേണ്ടത്. സംഘപരിവാറിനെ സ്വാധീനിച്ചും, മാധ്യമങ്ങളെ വിലയ്ക്കെടുത്തും, കോവിഡിനെ ശക്തമായ പുകമറയാക്കിയും ഒരു തവണ നിങ്ങൾ രക്ഷപ്പെട്ടു. പക്ഷേ ഇനിയുമത് അനുവദിച്ചു തരാൻ കേരളം ഉദ്ദേശിക്കുന്നില്ല.

രാജ്യദ്രോഹ കുറ്റാരോപണ നിഴലിൽ നിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളം ലോകത്തിന് മുന്നിൽ ഇതുപോലെ നാണംകെടേണ്ടി വന്ന മറ്റൊരവസരം ഉണ്ടായിട്ടില്ല. സ്വന്തം മകളെക്കുറിച്ചു പോലും ആരോപണമുയർന്ന പശ്ചാത്തലത്തിൽ, എല്ലാത്തിനുമുള്ള മറുപടി പിണറായി വിജയൻ പറയണം. സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിച്ചും, സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കിയും എത്രനാൾ തുടരാം എന്നാണ് വിചാരിക്കുന്നത്?

ഓഫീസിന് മുന്നിൽ പാതിരാത്രി പടക്കം പൊട്ടിച്ചു കളിക്കാൻ ഇത് വിഷുക്കാലമല്ലെന്ന് എല്‍ഡിഎഫ്‌ അവരുടെ കൺവീനറെ ഓർമിപ്പിക്കണം. പൊട്ടിയ പടക്കത്തിന്റെ ചീളുകൾ അദ്ദേഹത്തിന്റെ തലയിൽ കൊണ്ടില്ലെന്ന ആശ്വാസം ഞങ്ങൾക്കുണ്ട്. അല്ലെങ്കിൽ പണ്ടേ ഉണ്ടെന്ന് ഒരുളുപ്പുമില്ലാതെ പറയുന്ന വെടിയുണ്ടയോടൊപ്പമിരിക്കാൻ ഇതിന് സ്ഥലം തികയാതെ വന്നേനെ. രണ്ട് നുണകൾക്ക് ഒരു തലയിൽ ഇരിക്കാൻ വലിയ പാടായിരിക്കും. ഇത്രമാത്രം ബുദ്ധിശാലിയായ കൺവീനറെ എകെജി സെന്ററിന് പകരം തിരുവനന്തപുരം മ്യൂസിയത്തിൽ കൊണ്ടിരുത്താൻ സിപിഎം നേതൃത്വം മുൻകൈയെടുക്കണം. അദ്ദേഹത്തിന്റെ തല മ്യൂസിയത്തിനൊരു മുതൽക്കൂട്ടാകും.

നിരായുധരായ മനുഷ്യരെ ഇരുട്ടിൻ്റെ മറവിൽ സംഘം ചേർന്ന് വെട്ടിക്കൊല്ലുന്നതും, പാതിരായ്ക്ക് ആളില്ലാത്ത ഓഫീസുകൾക്ക് ബോംബെറിയുന്നതും ജീവിതവ്രതമാക്കിയ ഭീരുക്കളുടെ പാർട്ടി സിപിഎം ആണ്. കൊടി സുനിയും കിർമാണി മനോജും പിന്നിലുണ്ടെന്ന ധൈര്യത്തിൽ അക്രമം കാണിക്കാൻ ഇറങ്ങുന്ന സിപിഎം അണികളല്ല കോൺഗ്രസിലുള്ളത്.

ഒറ്റയ്ക്കൊരു മൂവർണ്ണക്കൊടി പിടിച്ചു പോലീസിന്റെ പീരങ്കിപ്പടയെ നേരിട്ട വർഗീസ് ചേട്ടന്മാരുടെ പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്‌. പ്രതിഷേധിക്കാനാണെങ്കിലും പ്രതികരിക്കാനാണെങ്കിലും നേരായ വഴിയിൽ മാത്രമേ ഞങ്ങളത് ചെയ്യാറുള്ളൂ.

English Summary: Bomb hurled at AKG Centre in capital: K Sudhakaran, VD Satheesan slams CPM 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com