ഇനി രണ്ടു സുപ്രധാന ലക്ഷ്യങ്ങളുണ്ട് ബിജെപിക്കു മുന്നിൽ, രണ്ടും സംഭവിക്കുക 2024ൽ. അതിൽ മുൻപന്തിയിലുള്ളത് ലോക്സഭാ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർണായകം. രണ്ടാമതായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി നടത്തിയ വലിയൊരു പരീക്ഷണത്തിന്റെ ഫലമാണ് അന്നു കാത്തിരിക്കുന്നത്. ആ ലക്ഷ്യങ്ങളിലേക്ക് ഹിന്ദുത്വ ആശയത്തിന്റെ കൈപിടിച്ചു മുന്നോട്ടു പോകുമ്പോൾ ഒരു കാരണവശാലും ബിജെപിക്കു വിട്ടുകളയാന് സാധിക്കാത്ത സംസ്ഥാനമാണു മഹാരാഷ്ട്ര. അതിനാലാണ്, അവസരം ലഭിച്ചപ്പോൾ സംസ്ഥാനത്തു ബിജെപി കയറിക്കളിച്ചതും, സകലരെയും ഞെട്ടിച്ചു കൊണ്ട് ഏക്നാഥ് ഷിൻഡെയെന്ന ശിവസേന നേതാവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചതും. എന്താണ് ബിജെപിയുടെ ഈ ആപ്രതീക്ഷിത നീക്കത്തിനു പിന്നിൽ? ശിവസേന സ്ഥാപകൻ ബാൽ താക്കറെ 1966ൽ പാർട്ടി സ്ഥാപിക്കുമ്പോൾ മഹാരാഷ്ട്രയുടെ രാഷ്ട്രീയം ദേശീയ തലത്തിലേക്ക് ഉയർത്തുകയെന്നതായിരുന്നു ലക്ഷ്യം. അതിന് അദ്ദേഹം പിന്തുടർന്നതാകട്ടെ തീവ്ര ഹിന്ദുത്വത്തിന്റെയും ദേശീയവാദത്തിന്റെയും പാതയും. ഒരുപക്ഷേ ബിജെപിക്കും മേലെയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദുത്വവാദം. 2019ൽ കോൺഗ്രസ്–എൻസിപി സഖ്യത്തോടൊപ്പം ചേർന്നപ്പോൾ ബാൽ താക്കറെയുടെ ഹിന്ദുത്വ വാദത്തിൽനിന്ന് മകൻ ഉദ്ധവ് താക്കറെ വ്യതിചലിച്ചെന്നാണ് ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള വിമതർ കുറ്റപ്പെടുത്തിയത്. തീവ്ര ഹിന്ദുത്വത്തെയും മറാഠ ‘മണ്ണിന്റെ മക്കൾ’ വാദത്തെയും എന്നും ഒപ്പം നിർത്തിയ വിമത സംഘമാണ് ഇപ്പോൾ ബിജെപിക്ക് ഒപ്പമെത്തിയിരിക്കുന്നത്. നേരത്തേ ശിവസേനയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സഖ്യം മാത്രമായിരുന്നു. (1998ൽ വാജ്പേയി സർക്കാരിനെയും 2014ൽ നരേന്ദ്ര മോദി സർക്കാരിനെയും ശിവസേന പിന്തുണച്ചിരുന്നു) എന്നാൽ ഇപ്പോഴത് ബിജെപിക്ക് ഏറെക്കുറെ ‘സ്വന്ത’മായിരിക്കുന്നു, ഒരുപക്ഷേ അവർ ബിജെപിയുടെ കൂടുതൽ നിയന്ത്രണത്തിലായിരിക്കുന്നു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് ഈ പുതു കൂട്ടുകെട്ടിന്റെ ലിറ്റ്മസ് ടെസ്റ്റായും മാറും. അതിന് വിമതർ മാത്രമല്ല ശിവസേന അണികളും തങ്ങൾക്കൊപ്പം നിൽക്കണമെന്നത് ബിജെപി ഉറപ്പാക്കിയിരുന്നു. ഷിൻഡെയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാൽ അത് എളുപ്പം സാധിക്കുമെന്നും ബിജെപിക്കറിയാം.
HIGHLIGHTS
- എന്തുകൊണ്ട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിജെപി ഷിൻഡെയെ നിയോഗിച്ചു?
- മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പം ബിജെപിയിലും ആശങ്കയുണ്ടോ?
- ചരിത്രത്തിലെ വലിയ പ്രതിസന്ധിയെ മറികടക്കാൻ ശിവസേനയ്ക്കാകുമോ?