ADVERTISEMENT

ന്യൂഡൽഹി∙ തനിക്കെതിരായ കേസുകളെല്ലാം ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നൂപുർ ശർമയ്ക്ക് വൻ തിരിച്ചടി. ആവശ്യം തള്ളിയ കോടതി, നൂപുറിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. പ്രവാചക വിരുദ്ധ പരാമർശത്തിന്റെ പേരിൽ രാജ്യത്തുണ്ടായ ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ മാത്രമാണെന്നും ജസ്റ്റിസുമാരായ സൂര്യ കാന്തും ജെ.ബി. പർദിവാലയും ഉൾപ്പെടുന്ന അവധിക്കാല ബെഞ്ച് വ്യക്തമാക്കി. നൂപുറിനു വേണ്ടി മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ്ങാണ് ഹാജരായത്.

ഹർജി പരിഗണിക്കവെ കോടതി നടത്തിയ പ്രധാനപ്പെട്ട പരാമർശങ്ങൾ ചുവടെ:

1) നൂപുർ ഭീഷണി നേരിടുന്നുവോ അതോ നൂപുർ ആണോ സുരക്ഷാ ഭീഷണി? ഈ സ്ത്രീയാണ് രാജ്യത്ത് സംഭവിച്ചതിന്റെയെല്ലാം ഏക ഉത്തരവാദി. (നൂപുറിന്റെ ജീവന് ഭീഷണിയുണ്ടെന്ന വാദം അഭിഭാഷകൻ ഉന്നയിച്ചപ്പോഴാണ് കോടതിയുടെ ഈ പരാമർശം).

2) ഈ ചർച്ച ഞങ്ങൾ കണ്ടതാണ്, എങ്ങനെ അവരെ പ്രകോപിപ്പിച്ചുവെന്നതും. എന്നാൽ അവരതിനു മറുപടി പറഞ്ഞതും പിന്നീട് അഭിഭാഷകയാണെന്നു പറഞ്ഞതും നാണംകെട്ടതായിപ്പോയി. അവർ രാജ്യത്തോടു മുഴുവൻ മാപ്പുപറയണം.

3) ഡൽഹി പൊലീസിനെയും ചർച്ച നടത്തിയ ചാനലിനെയും ബെഞ്ച് വിമർശിച്ചു. ‘എന്താണ് ഡൽഹി പൊലീസ് ചെയ്തത്. ഞങ്ങളെക്കൊണ്ട് അതു പറയിപ്പിക്കരുത്. ടിവിയിലെ ചർച്ച എന്തിനായിരുന്നു? ഒരു അജൻഡയ്ക്ക് മാത്രമായിരുന്നോ അത്? എന്തിനാണ് കോടതിക്കു മുമ്പാകെയുള്ള വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്?’

4) കേസിലെ ‍‍ഡൽഹി പൊലീസിന്റെ നടപടിയെയും കോടതി ചോദ്യം ചെയ്തു. ‘മറ്റുള്ളവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്താൽ അവരെയെല്ലാം പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യും. എന്നാൽ കേസ് നിങ്ങൾക്കെതിരെയായപ്പോൾ ആരും നിങ്ങളെ തൊടാൻ ധൈര്യപ്പെടുന്നില്ല’ – നൂപുറിനോട് കോടതി പറഞ്ഞു.

5) പരാമർശങ്ങൾ നൂപുറിന്റെ ‘നിർബന്ധബുദ്ധിയും ധാർഷ്ട്യവുമാണ്’ വെളിപ്പെടുത്തുന്നതെന്നും കോടതി വ്യക്തമാക്കി. അവരൊരു പാർട്ടിയുടെ വക്താവായിരിക്കാം, അധികാരത്തിന്റെ പിന്തുണയുണ്ടെന്ന് അവർ കരുതുന്നു. അതുകൊണ്ട് നിയമത്തെ ബഹുമാനിക്കാതെ എന്തും വിളിച്ചുപറയാമെന്നാണോ?’ ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു.

ഗ്യാൻവാപി പള്ളി വിഷയത്തിൽ മേയ് 27ന് ഒരു ഹിന്ദി ചാനലിൽ നടത്തിയ ചർച്ചയിലാണ് നൂപുർ ശർമ പ്രവാചക വിരുദ്ധ പരാമർശം നടത്തിയത്. ഇതേത്തുടർന്ന് പല സംസ്ഥാനങ്ങളിലും ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. വിഷയത്തിൽ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനമുണ്ടാവുകയും ചെയ്തു.

English Summary: Nupur Sharma "Obstinate, Arrogant Character": 5 Big Supreme Court Quotes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com