ADVERTISEMENT

ചെന്നൈ∙ ഏക നേതൃത്വ വിവാദം പുകയുന്ന തമിഴ്‍നാട്ടിലെ  പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാഡിഎംകെയിൽ ഒ.പനീർസെൽവത്തെ പൂർണമായും നീക്കാനുള്ള നടപടികൾക്കു വേഗമേറി. ജൂലൈ 11നു നടക്കുന്ന ജനറൽ കൗൺസിലിൽ എടപ്പാടി പളനിസാമിയെ ഏക നേതാവായി പ്രഖ്യാപിക്കാനാണു നീക്കം. ജൂൺ 23 ന് നടന്ന ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞതിനു പിന്നിൽ പനീർസെൽവമാണെന്നും പാർട്ടിയുടെ നേതൃപദവിയിൽ അദ്ദേഹത്തിനു സ്ഥാനം ഉണ്ടാകില്ലെന്നും എടപ്പാടി പളനിസാമി ഒപിഎസിനു അയച്ച കത്തിൽ പറയുന്നു. താന്‍  അപമാനിക്കപ്പെട്ടെന്ന് ആരോപിച്ച് ഒ.പനീര്‍സെല്‍വം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 

ജയലളിതയുടെ മരണത്തിനുശേഷം  ഒ.പനീര്‍സെല്‍വം കോ ഓര്‍ഡിനേറ്ററും എടപ്പാടി പളനിസാമി ജോയന്റ് കോ–ഓര്‍ഡിനേറ്ററുമായ ഇരട്ട നേതൃത്വമാണ് അണ്ണാഡിഎംകെയെ നയിക്കുന്നത്. പാർട്ടിയുടെ നേതൃസ്ഥാനത്ത് തുടരുന്നതിനായി 2021 ഡിസംബർ ഒന്നിന് പാർട്ടി ഭരണഘടനയിൽ നടത്തിയ ഭേദഗതിയ്ക്ക് കഴിഞ്ഞ ജൂൺ 23 ന് നടന്ന ജനറൽ കൗൺസിൽ യോഗം അംഗീകാരം നൽകിയില്ലെന്നും അതിനാൽ തന്നെ കോ ഓര്‍ഡിനേറ്റർ സ്ഥാനത്ത് തുടരാൻ ഒപിഎസിനു കഴിഞ്ഞില്ലെന്നും എടപ്പാടി കഴിഞ്ഞ ദിവസം അയച്ച കത്തിൽ പറയുന്നു. 

ഭൂരിപക്ഷം എംഎല്‍എമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും പിന്തുണയുറപ്പാക്കിയ എടപ്പാടി പളനിസാമി പാര്‍ട്ടി പിടിക്കുമെന്ന് ഏതാണ്ടുറപ്പാണ്.  75 ജില്ലാ സെക്രട്ടറിമാരിൽ 64 പേരും എടപ്പാടിക്കൊപ്പമാണെന്ന സൂചന. തടയിടാന്‍ ജയലളിത വികാരം പരമാവധി ഉയര്‍ത്തുകയാണു പനീര്‍സെല്‍വം. ജനറല്‍ സെക്രട്ടറി പദവി ജയലളിതയ്ക്കായി നേരത്തെ മാറ്റിവച്ചതാണ്. ഇതില്‍ മാറ്റം വരുത്തുന്നത് അമ്മയെ അപമാനിക്കലാണെന്നാണു ഒപിഎസ് പറയുന്നത്. തന്നെ ഒതുക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണന്നു പാര്‍ട്ടി ആസ്ഥാനത്തിരുന്ന് ഒപിഎസ് പരസ്യമായി വെല്ലുവിളിച്ചതോടെ എതിർപക്ഷത്തിന്റെ ഒപിഎസിനെതിരെയുള്ള നീക്കത്തിനു വേഗമേറി. എടപ്പാടിയെ  ജനറൽ സെക്രട്ടറി പദവിയിലെത്തിക്കാനുള്ള നീക്കവുമായി മുൻമന്ത്രി ഡി.ജയകുമാറിന്‍റെ നേതൃത്വത്തിലും നീക്കം സജീവമാണ്. 

1248-palaniswami
എടപ്പാടി പളനിസാമി (Photo by Arun SANKAR / AFP)

അതേസമയം, മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ കൂട്ടുപിടിച്ച് പനീർസെൽവം പാർട്ടി പിളർത്താൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്. ശശികലയും പനീർസെൽവവും ഒന്നിച്ചുള്ള പോസ്റ്ററുകളും ചിലയിടങ്ങളിൽ ഉയർന്നു. നിലവിൽ പാർട്ടി ട്രഷറർ സ്ഥാനം വഹിക്കുന്ന പനീർസെൽവത്തെ ആ സ്ഥാനത്തു നിന്നു നീക്കാനും പകരം മുതിർന്ന മറ്റൊരു നേതാവിനെ നിയോഗിക്കാനും കഴിഞ്ഞ നിർവാഹക സമിതി യോഗത്തിൽ തീരുമാനമായിരുന്നു. കെ.പി.മുനുസ്വാമിയെ ട്രഷററായി തിരഞ്ഞെടുക്കാനാണ് നീക്കം. അണ്ണാഡിഎംകെ ജനറൽ കൗൺസിലിൽ മുൻ നിശ്ചയിച്ച അജൻഡ പ്രകാരമുള്ള പ്രമേയങ്ങൾ മാത്രമേ പാസാക്കാവൂ എന്ന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് മേൽക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ തന്റെ വാദം കേൾക്കാതെ ഉത്തരവു നൽകരുതെന്ന് ആവശ്യപ്പെട്ട് ഒ.പനീർസെൽവം ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം  കവിയറ്റ് ഹർജി നൽകിയിരുന്നു. 

English Summary: OPS does not hold the top party post says Edappadi K Palaniswami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com